ആലപ്പുഴയിലെ തോല്‍വിയും ആന്റണിക്കെതിരായ സൈബർ ക്വട്ടേഷനും അന്വേഷിക്കാൻ സ്വകാര്യ ഏജൻസിയും കെപിസിസി സമിതിയും വരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലുണ്ടായ പരാജയ കാരണം കെപിസിസി സമതി അന്വേഷിക്കും. മുന്‍ എംപി കെവി തോമസ് അധ്യക്ഷനായ സമതിയാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തുകയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് എകെ ആന്റണിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം ശശി തരൂര്‍ അന്വേഷിക്കും. സ്്വകാര്യ ഏജന്‍സിയുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

ഷാനിമോളുടെ പരാജയത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് സമതി അന്വേഷിക്കുക. ആലപ്പുഴയിലെ ചില അടിയൊഴുക്കുകള്‍ പരാജയ കാരണമായെന്ന് പാര്‍ട്ടി നേരത്തെ വിലയിരുത്തിയിരുന്നു. മറ്റ് യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സാഹചര്യത്തില്‍ തന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന നിലപാടായിരുന്നു ഷാനിമോളുടേത്.