പാ രഞ്ജിത്തിനെതിരേ ഹിന്ദുത്വവാദികളുടെ വൃണക്കേസ്

രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ വൃണക്കേസ് കേസ്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഹിന്ദുത്വവാദികളുടെ തെറിവിളിയും കൊലവിളിയും രഞ്ജിത്തിനെതിരേ നടക്കുകയാണ്. ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സെക്ഷന്‍ 153, 153(എ)(1) വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്.

ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് രാജ രാജ ചോളന്‍ ഒന്നാമന്റെ ഭരണകാലത്തെ കുറിച്ച് വിമര്‍ശനാത്കമായി സംസാരിച്ചത്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയതെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.

ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് സവര്‍ണ ഹിന്ദുത്വവാദികള്‍ വൃണക്കേസുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവര്‍ രഞ്ജിത്തിനെതിരേ വധഭീഷണി ഉയര്‍ത്തുകയും രഞ്ജിത്തിനെ തെരുവില്‍ നേരിടുമെന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് ഇപ്പോള്‍ പൊലീസ് കേസും.