യു പി ബാര്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണെ മറ്റൊരു അഭിഭാഷകന്‍ വെടിവച്ചു കൊന്നു

ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ സിവില്‍ കോടതി ചുറ്റുവളപ്പില്‍ അഭിഭാഷകയെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ബാര്‍ കൗണ്‍സിലിന്റെ പ്രഥമ വനിതാ പ്രസിഡന്റായ ദര്‍വേഷ് യാദവ് (38)നെയാണ് സഹപ്രവര്‍ത്തകനായ മനീഷ് ശര്‍മ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം സ്വയം വെടിവച്ച് ആത്മഹത്യക്കു ശ്രമിച്ച മനീഷിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനു മനീഷിനെ പ്രകോപിപ്പിച്ചതെന്താണെന്ന കാര്യം വ്യക്തമല്ല.

ബാര്‍ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണായി രണ്ടു ദിവസം മുമ്പാണ് ദര്‍വേഷ് തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദര്‍വേഷ് സിവില്‍ കോടതിയിലെത്തിയപ്പോഴാണ് മനീഷ് ശര്‍മ മൂന്നു തവണ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദര്‍വേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ലൈസന്‍സുള്ള തോക്കാണ് മനീഷ് കൃത്യത്തിന് ഉപയോഗിച്ചതെന്നും ഇത് കസ്റ്റഡിയിലെടുത്തതായും ആഗ്ര സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രവീണ്‍ വര്‍മ വ്യക്തമാക്കി. ദര്‍വേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. 2004ല്‍ അഭിഭാഷക ജോലിയില്‍ പ്രവേശിച്ച ദര്‍വേഷ് കോടതി പരിസരത്തെ ഓഫീസില്‍ മനീഷിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.