ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്രമായി നടപ്പാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വെച്ച് ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമഗ്രമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സമിതിയുടെ നിര്‍ദേശങ്ങള്‍ പൊതുവിൽ സ്വാഗതം ചെയ്യുന്നതായി പരിഷത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെടാതെ തന്നെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നുവെന്നത് പരിമിതിയാണെങ്കിലും, സ്‌കൂളിന്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമുണ്ടാകുന്ന നീക്കങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും പരിഷത്ത് വ്യക്തമാക്കി. സാര്‍ത്ഥകമായ നിര്‍ദേശങ്ങള്‍കൊണ്ട് കൂടുതല്‍ ഫലപ്രദമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

പരിഷത്ത് ഇറക്കിയ വാർത്താക്കുറിപ്പിൻറെ പൂർണ്ണരൂപം:

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദര്‍ ചെയര്‍മാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.

ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂള്‍ ഘട്ടം മുതല്‍ ഹയര്‍സെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാന്‍ റിപ്പോര്‍ട്ട് ശ്രമിക്കുന്നുണ്ട്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ ചിട്ടപ്പെടുത്താന്‍ നിയമനിര്‍മാണം തന്നെ വേണ്ടിവരുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

കുട്ടിയുടെ സമഗ്രവികാസം ലക്ഷ്യംവച്ച് കലാകായിക പഠനത്തിന് വ്യവസ്ഥയുണ്ടാക്കാനും ശുപാര്‍ശയുണ്ട്. അധ്യാപകരുടെ യോഗ്യത ഉയര്‍ത്താനുള്ള ശുപാര്‍ശ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹയര്‍ സെക്കന്ററി വിഭാഗം വേറിട്ടു നില്‍ക്കുന്ന അവസ്ഥ മാറ്റി ഒരു കാമ്പസില്‍ ഒരു ഭരണസംവിധാനം എന്ന നിലയില്‍ ഏകീകരിക്കുന്നത് ദേശീയതലത്തില്‍ മുമ്പുതന്നെ നടപ്പാക്കിയിട്ടുള്ള കാര്യമാണ്. സെന്‍ട്രല്‍ സ്‌കൂളുകളിലും മിക്ക സംസ്ഥാനങ്ങളിലും 9-12 ക്ലാസുകള്‍ ഒരു യൂണിറ്റായി കണ്ടുകൊണ്ട് പോസ്റ്റുഗ്രാഡുവേറ്റ് അധ്യാപകരെയാണ് അവിടെ നിയമിക്കുന്നത്. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ 8-12 ഒരു യൂണിറ്റായാലും അവിടെ പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകരും പ്രൈമറി തലത്തില്‍ ഗ്രാജ്വേറ്റ് അധ്യാപകരും ക്ലാസ് കൈകാര്യം ചെയ്യുന്നതുകൊണ്ട് കുട്ടികള്‍ക്ക് തീര്‍ച്ചയായും നേട്ടമുണ്ടാകും.

വിദ്യാലയ സംവിധാനങ്ങളെ ഏകീകരിച്ച് ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ കുടുതല്‍ കാര്യക്ഷമമാക്കാനും ശുപാര്‍ശയുണ്ട്. ലൈബ്രേറിയന്മാരെയും ലാബ് അസിസ്റ്റന്റുമാരേയും നിയമിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സ്‌കൂള്‍ എജ്യുക്കേഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് സ്‌കൂള്‍ എജുക്കേഷന്‍ ഓഫിസര്‍, പഞ്ചായത്ത് എജുക്കേഷന്‍ ഓഫിസര്‍ എന്നിവരുടെ നിയമനം തുടങ്ങി പല കാര്യങ്ങളിലും വിശദാംശങ്ങള്‍ സൂക്ഷ്മതലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിലുടനീളം അധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാര്‍, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ 2007ലെ കെ.സി.എഫ് നിര്‍ദേശങ്ങളിലും ഏകീകൃത സംവിധാനമെന്ന ആശയം ഉള്‍ക്കൊള്ളിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ച് റിപ്പോര്‍ട്ട് അംഗീകരിക്കുകയും അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനാവശ്യമായ നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തതില്‍ കേരള സര്‍ക്കാരിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിനന്ദിക്കുകയും ചെയ്യുന്നു.

വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ തൊഴില്‍ സുരക്ഷയും പ്രൊമോഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. അതൊന്നും നഷ്ടപ്പെടാതെ തന്നെ ഏകീകരണം നടപ്പാക്കാന്‍ കഴിയും. വികേന്ദ്രീകരണം എന്നു പറയുന്നത് വിഭാഗവല്‍ക്കരണമല്ല. എല്ലാ തലങ്ങളിലും ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കാനുള്ള ആസൂത്രിത പരിശ്രമമാണ് പ്രധാനം. ഘടനാപരമായ പരിഷ്‌കാരം ആ അര്‍ത്ഥത്തിലാണ് വിലയിരുത്തേണ്ടത്. വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മക്കാവശ്യമായ മാറ്റം സമഗ്രമാകണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടുത്ത ഭാഗം കൂടി ലഭ്യമാകേണ്ടതുണ്ട്. പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെടാതെ തന്നെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നുവെന്നത് പരിമിതിയായി ചൂണ്ടിക്കാണിക്കാമെങ്കിലും, സ്‌കൂളിന്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമുണ്ടാകുന്ന നീക്കങ്ങളെ ദുര്‍വാഖ്യാനം ചെയ്യാനല്ല സാര്‍ത്ഥകമായ നിര്‍ദേശങ്ങള്‍കൊണ്ട് കൂടുതല്‍ ഫലപ്രദമാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.

പ്രൈമറി, സെക്കണ്ടറി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി എന്നിവ നിലവിലുള്ള സ്‌കൂളുകളില്‍ എല്ലാ വിഭാഗങ്ങളേയും ഏകോപിപ്പിച്ച് ഒരുസ്ഥാപന മേധാവിയുടെ കീഴില്‍ കൊണ്ടുവരുമ്പോള്‍ പ്രൈമറി വിഭാഗത്തിന് ഒരു അക്കാദമിക്ക് കോ ഓര്‍ഡിനേറ്റര്‍ ഉണ്ടാകണമെന്നതിനു പകരം ഒരു വൈസ് പ്രിന്‍സിപ്പലാണ് ഉണ്ടാകേണ്ടതെന്നാണ് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നിര്‍ദ്ദേശിക്കുന്നത്.

സമിതി റിപ്പോര്‍ട്ടിന്റെ അടുത്ത ഭാഗം കൂടി താമസം വിനാ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മികവ് ലക്ഷ്യമാക്കി ക്കൊണ്ടുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കേരള സര്‍ക്കാരിനോടും അതിനാവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്താന്‍ തയ്യാറാകണമെന്ന് പൊതുസമൂഹത്തിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

എ.പി.മുരളീധരന്‍ കെ.രാധന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി