കാർട്ടൂൺ പുരസ്‌കാരം പിൻവലിക്കില്ല: നിലപട് വ്യക്തമാക്കി ലളിതകലാ അക്കാദമി ചെയർമാൻ

വിവാദത്തിൻറെ പേരിൽ കെ.കെ. സുഭാഷിന്റെ ‘വിശ്വാസം രക്ഷതി ‘ എന്ന കാർട്ടൂണിന് പ്രഖ്യാപിച്ച അവാർഡ് പിൻവലിക്കില്ലെന്ന് കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സഭകളും സംഘടനകളും എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു.ഇതേതുടർന്ന് അവാർഡ് പിൻവലിക്കാൻ ലളിതകലാ അക്കാദമിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.ക്രിസ്ത്യൻ മതവികാരത്തെ വൃണപ്പെടുത്തുന്ന കാർട്ടൂണിന് അവാർഡ് നല്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ആയിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചത്. അവാർഡ് പുനഃപരിശോധിക്കാൻ സർക്കാർ നിർദ്ദേശിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ അവാർഡ് പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി.ഒരു സ്വകാര്യചാനലിൻറെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരളാ ലളിത കലാ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സാധാരണ സര്‍ക്കാര്‍ ഇടപെടാറില്ല. അക്കാഡമി ചുമതലപ്പെടുത്തുന്ന കമ്മിറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്. ഇത്തവണ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ പി സുകുമാര്‍, പി വി കൃഷ്ണന്‍, മധു ഓമല്ലൂര്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.കെ കെ സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണാണ് അക്കാഡമി അവാര്‍ഡിന് തിരഞ്ഞെടുത്തത്. ആ അവാർഡ് എന്തായാലും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എ. കെ ബാലൻറെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു.ലളിതകലാ അക്കാദമി ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതിൽ ഇടപെടാൻ ഒരു മന്ത്രിക്കും അധികാരമില്ല.നാളെ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചിട്ട് ആരെങ്കിലും മതസംഘടനക്കാർ വിളിച്ചുപറഞ്ഞാൽ മാറ്റിക്കൊടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ വർഷത്തെ ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച കാർട്ടൂണിനായിരുന്നു. മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ ഗോപീ കൃഷ്ണനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ മരണത്തിൻ്റെ മൊത്ത വ്യാപാരിയായി ചിത്രീകരിച്ച കാർട്ടൂണിനായിരുന്നു അന്ന് പുരസ്കാരം ലഭിച്ചത്.

“കടക്ക് പുറത്ത്” എന്ന തലക്കെട്ടിലുള്ള കാർട്ടൂണിന് പുരസ്കാരം നൽകാൻ എത്തിയതും മുഖ്യമന്ത്രി തന്നെയായിരുന്നു. ആ കാർട്ടൂണിനെ മികച്ച ആവിഷ്കാരമായി ഉൾക്കൊള്ളാനും കാർട്ടൂണിസ്റ്റിന് പുരസ്കാരം നൽകാനും പിണറായി വിജയൻ മുന്നോട്ടു വന്നുവെങ്കിലും ഇപ്പോൾ ബാലൻ മന്ത്രിക്കും ഫ്രാങ്കോ ഭക്തർക്കും വൃണംപൊട്ടിയിരിക്കുകയാണ്.

അതിനിടെ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന് നേരെ വൃണിതരുടെ വധ ഭീഷണിയും ഉണ്ടായി. വിവാദ കാര്‍ട്ടൂണിന്റെ പേരിലാണ് പൊന്യം ചന്ദ്രനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പൊന്യം ചന്ദ്രന്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തനിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസില്‍ ഫോണ്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം അക്കാദമി അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.