കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്ക്; യുവ പുരസ്‌കാരം അനൂജ അകത്തൂട്ടിന്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം മലയത്ത് അപ്പുണ്ണിക്കും യുവ സാഹിത്യ പുരസ്‌കാരം അനൂജ അകത്തൂട്ടിനും ലഭിച്ചു. സമഗ്ര സംഭാവനക്കാണ് മലയത്തിന് അവാര്‍ഡ്. ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരമാണ് അനൂജയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

ഏവൂര്‍ ശ്രീകുമാര്‍, ഡോ. കെ എസ് രവികുമാര്‍, യു എ ഖാദര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ബാലസാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഡോ. ഗീത പുതുശ്ശേരി, ഡോ. പി എസ് രാധാകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ യുവ പുരസ്‌കാര നിര്‍ണയവും നടത്തി.