മേലുദ്യോഗസ്ഥരുടെ ജാതിയധിക്ഷേപം മനംമടുത്ത് ആദിവാസി യുവാവ് കേരളാ പോലീസില്‍ നിന്ന് രാജിവച്ചു

മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ മുസ്ളീം സമുദായത്തിൽ പെട്ട ഒരു സി.ഐ നാടുവിട്ടതിന് പിന്നാലെ പോലീസില്‍ നിന്നുള്ള കൂടുതല്‍ പീഡന കഥകള്‍ പുറത്തേക്ക്. ജാതി അധിക്ഷേപം താങ്ങാനാകാതെ ഒരു ആദിവാസി യുവാവ് പോലീസില്‍ നിന്ന് രാജിവച്ചു. കണ്ണൂരിലാണ് സംഭവം. സിവില്‍ പോലീസ് ഓഫീസറായ കെ രതീഷാണ് രാജിവച്ചത്. പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രതീഷ് രാജിവച്ചത്.

ആദിവാസി കുറിച്യ വിഭാഗക്കാരനാണ് രതീഷ്. തന്നെക്കൊണ്ട് മനപൂർവം ദുഷ്‌കരമായ ജോലി ചെയ്യിക്കുന്നുവെന്നും നിരന്തരം ജാതീയമായി അധിക്ഷേപിക്കുവെന്നുമാണ് രതീഷിന്റെ പരാതി. അടിമയെപ്പോലെ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ രതീഷ് എസ്.ഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യപ്പിച്ചുവെന്നും അവധി ചോദിച്ചാല്‍ പോലും തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് പറഞ്ഞു. ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി നേരിട്ടുവെന്നും രതീഷ് വെളിപ്പെടുത്തി.