‘ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ കാച്ചിയതാണീ മുക്കൂട്ട്!’

1957 ൽ ഇ.എം.എസ് മന്ത്രിസഭ അധികാരത്തില്‍ വന്നതും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരാജയവും നെഹ്രുവിനും കേന്ദ്ര മന്ത്രിസഭയ്ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു. എങ്കിലും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍തന്നെ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിച്ചു. അന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നയിച്ചിരുന്നത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ മന്ത്രിസഭ ഇന്‍ഡ്യ കണ്ടതില്‍ വെച്ച് ഏറ്റവും പ്രഗത്ഭന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍, കൊച്ചിന്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലാറായിരുന്ന ജോസഫ് മുണ്ടശേരി, ഡോക്ടര്‍ എ.ആര്‍.മേനോന്‍, ഗൗരിയമ്മ, ടി.വി. തോമസ്, അച്യുതമേനോന്‍ എന്നിങ്ങനെ പ്രഗത്ഭരായവര്‍ ഭരണത്തിലെ ഓരോ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. മന്ത്രി സഭയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ സ്വതന്ത്രന്മാരെ ചാക്കിടാന്‍ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും ആദര്‍ശം മുറുകെ പിടിച്ചിരുന്ന പ്രശസ്തരായ ഈ സാമാജികര്‍ ആരും തന്നെ ഒരു കുതികാല്‍ വെട്ടിനു തയ്യാറായിരുന്നില്ല.അങ്ങനെ മന്ത്രിസഭയെ താഴെയിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിമോചനസമരത്തിനു മുമ്പേ പരാജയപ്പെട്ടിരുന്നു.

1957 ജൂലൈ പതിമൂന്നാം തിയതി വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കേരളാ അസംബ്ലിയില്‍ വിവാദപരമായ വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചു. പിന്നീട് ബില്‍ പാസ്സാക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രസിഡന്റ് ഒപ്പിടുന്നതിനു മുമ്പ് ‘ബില്‍’ സുപ്രീം കോടതിയുടെ പരിഗണനയിലും വന്നിരുന്നു. 1958 ജൂണ്‍ മാസത്തില്‍ ബില്ലിനെ കോടതി അംഗീകരിക്കുകയും ചെയ്തു. അദ്ധ്യാപകരുടെ ക്ഷേമം മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ബില്ലായിരുന്നു അത്. അദ്ധ്യാപക നിയമനത്തില്‍! െ്രെപവറ്റ് സ്കൂളിലും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തോടെ അര്‍ഹരായ അദ്ധ്യാപകരെ നിയമിക്കണമെന്നുള്ള വ്യവസ്ഥ പുരോഹിതരെ ചൊടിപ്പിച്ചു. െ്രെപവറ്റ് മാനേജ്‌മെന്റിലെ അദ്ധ്യാപകര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. കാര്യക്ഷമതയോടെ സ്കൂള്‍ പരിപാലിക്കാത്ത പക്ഷം അഞ്ചു വര്‍ഷത്തേയ്ക്ക് സ്കൂളുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള വകുപ്പുമുണ്ടായിരുന്നു. നിയമനത്തില്‍ ജാതിയും മതവും റിസര്‍വേഷനും ഉള്‍പ്പെടുന്നതില്‍ സഭയുടെ എതിര്‍പ്പിന് കാരണമായി. സ്കൂളുകളും കോളേജുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന കിംവദന്തികള്‍! സഭയും, രാഷ്ട്രീയക്കാരും ഒന്നുപോലെ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

െ്രെപമറി സ്കൂള്‍ ലെവല്‍വരെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പാക്കണമായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനു പുറമെ സൗജന്യ ഭക്ഷണവും ബില്ലില്‍ നിര്‍ദ്ദേശിച്ചിരുന്നു. പതിനാലു വയസുവരെ സൗജന്യമായി പഠിക്കാനുള്ള ടെക്സ്റ്റ് ബുക്കുകളും സര്‍ക്കാര്‍ നല്‍കും. ഓരോ ക്ലാസിലും പഠിക്കേണ്ട പുസ്തകങ്ങള്‍ ഒരു വിദഗ്ദ്ധ കമ്മറ്റിയുടെ പരിഗണനയ്ക്കു ശേഷം തീരുമാനിക്കണമായിരുന്നു. കമ്മറ്റി നിശ്ചയിക്കുന്ന പുസ്തകങ്ങള്‍ കുട്ടികളെ ബ്രെയിന്‍ വാഷിങ് നടത്താനെന്നും പുരോഹിതര്‍ ആരോപണം ഉന്നയിച്ചു. മതം പഠിപ്പിക്കുന്നതു മറ്റൊരു തരത്തിലുള്ള മസ്തിഷ്ക്ക പ്രഷാളനമെന്ന വസ്തുത പുരോഹിതര്‍ മനസിലാക്കിയുമില്ല. കൂടാതെ ജോസഫ് മുണ്ടശേരി കമ്മ്യൂണിസ്റ്റനുഭാവമുള്ള ഒരു സഭാ വിരോധിയെന്നും പുരോഹിതര്‍ വിധിയെഴുത്തും നടത്തിയിരുന്നു.

ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗം ഭൂസ്വത്തുള്ളവരും എസ്‌റ്റേറ്റ് ഉടമകളുമായിരുന്നു. ഭൂനയ ബില്ലിനെ അവര്‍ ഭയപ്പെട്ടു. ചൈനയിലെപ്പോലെ ഭൂമി മുഴുവന്‍ കര്‍ഷകനാകുമെന്നുള്ള പ്രചരണവും ശക്തമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്ക് ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റ കീഴിലായിരുന്നു. സ്കൂളുകളും കോളേജുകളും കയ്യടക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നത് നായന്മാരായിരുന്നു. ഭൂരിഭാഗം ഡോക്ടര്‍മാരും വക്കീലന്മാരും എഞ്ചിനീയര്‍മാരും അവരുടെ സമുദായത്തിലുള്ളവരായിരുന്നു. അവരിലെ ബുദ്ധിജീവികളില്‍ നല്ലൊരു ശതമാനം കമ്മ്യുണിസത്തെ വെറുക്കുകയും ചെയ്തിരുന്നു. ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘങ്ങളിലുള്ള (ടചഉജ)അനേകരും വിമോചന സമരത്തിനെ അനുകൂലിച്ചിരുന്നു. ആര്‍. ശങ്കറായിരുന്നു എസ്.എന്‍.ഡി.പി. സംഘടനകള്‍ നയിച്ചിരുന്നത്. മുസ്ലിം ലീഗും വിമോചനസമരത്തിനു പിന്തുണ കൊടുത്തു. മുസ്ലിമുകളും അക്കാലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിപുലീകരിക്കുന്ന കാലമായിരുന്നു. സര്‍ക്കാരിനെതിരെ ക്രിസ്ത്യാനികളും നായന്മാരും എസ്.എന്‍.ഡി.പി യും മുസ്‌ലിം ലീഗും ഒന്നുപോലെ, ഐക്യദാര്‍ഢ്യത്തോടെ സമരങ്ങള്‍ നയിക്കാനും തീരുമാനിച്ചു.

ഭൂനയബില്ലും വിദ്യാഭ്യാസ ബില്ലും ഖണ്ഡിച്ചുകൊണ്ട് ശ്രീ മന്നത്തു പത്ഭനാഭന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസപ്രക്ഷോപണമെന്ന പേരില്‍ വിമോചന സമരത്തിനു തുടക്കമിട്ടു. മന്ത്രി സഭ താഴെയിടുന്നതിനായി സ്വതന്ത്രന്മാരെ ചാക്കിട്ടു പിടിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ ശ്രമങ്ങള്‍ പരാജയമായപ്പോള്‍ കമ്മ്യുണിസ്റ്റ് വിരോധികളെ നയതന്ത്രങ്ങളില്‍ക്കൂടി ഒന്നടങ്കം യോജിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കോണ്‍ഗ്രസിലെ നേതാക്കന്മാരായ ആര്‍. ശങ്കര്‍, പി.റ്റി .ചാക്കോ എന്നിവരോടൊപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ പട്ടം താണുപിള്ളയുടെ പിന്തുണയും വിമോചന സമരത്തിനുണ്ടായിരുന്നു. മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ മതപുരോഹിതരുടെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും പിന്തുണയോടെ വിമോചന സമരം കേരളം മുഴുവന്‍ ശക്തിയായി പൊട്ടിപ്പുറപ്പെട്ടു. കേരളത്തിലെ പ്രബലമായ മതങ്ങള്‍ ഒന്നിച്ചുകൂടി കമ്മ്യുണിസത്തിനെതിരെ സമരം ചെയ്തതും ചരിത്ര സംഭവമായിരുന്നു. ക്രിസ്ത്യാനികളില്‍ സുറിയാനി കത്തോലിക്കര്‍ സമരത്തിനു ചുക്കാന്‍ പിടിച്ചു. മനോരമ, ദീപിക പോലുള്ള പത്രങ്ങള്‍ സമരക്കാരില്‍ ആവേശവും നല്‍കിക്കൊണ്ടിരുന്നു.

ബിഷപ്പുമാര്‍ ഇടയലേഖനങ്ങളിറക്കിയാല്‍ അജഗണങ്ങള്‍ നന്മതിന്മകള്‍ ചിന്തിക്കാതെ കുറുവടികളുമായി പടയ്ക്ക് പുറപ്പെടുന്ന കാലവുമായിരുന്നു. ഇടയ ലേഖനങ്ങളുടെ പ്രവാഹവും സമരത്തിന് ആവേശം നല്‍കിക്കൊണ്ടിരുന്നു. കമ്മ്യുണിസ്റ്റുകാര്‍ ഭൂസ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചെടുക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കാന്‍ പോകുന്നുവെന്നും പറഞ്ഞുകൊണ്ട് മതവും ക്രിസ്ത്യന്‍ മാധ്യമങ്ങളും പ്രചരണം ആരംഭിച്ചു. മതവും രാഷ്ട്രീയവും ഒത്തു ചേര്‍ന്നുള്ള അര്‍ദ്ധ സത്യങ്ങളടങ്ങിയ പ്രചരണങ്ങളില്‍ക്കൂടി ക്രിസ്ത്യാനികളിലും നായന്മാരിലും ഭയമുണ്ടാക്കികൊണ്ടിരുന്നു. കാരണം, ഈ രണ്ടു പ്രബല ജാതികളായിരുന്നു സാമ്പത്തികമായി മെച്ചപ്പെട്ട സമുദായക്കാര്‍. വിമോചന സമരം വിജയിക്കാന്‍ ഈ സമുദായങ്ങളുടെ സഹകരണങ്ങളും ആവശ്യമായിരുന്നു.

അക്രമണ മാര്‍ഗങ്ങളോടെയുള്ള സമരം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണത്തെ സ്തംഭിപ്പിക്കാന്‍ സാധിച്ചു. കേരളമാകെയുള്ള സ്കൂളുകള്‍ അടച്ചുപൂട്ടിച്ചു. ഇരുപത്തിനാലു മണിക്കൂറും ഓഫീസുകള്‍ക്കു മുമ്പില്‍ പിക്കറ്റിങ് നടത്തുകയെന്നതും സമരക്കാരുടെ അടവായിരുന്നു. 1959 ജൂണ്‍ പന്ത്രണ്ടാം തിയതി കെ.പി.സി.സി. യും സമരത്തിന് ആഹ്വാനം ചെയ്തു. പിക്കറ്റിങ്ങും പ്രകടനങ്ങളും നാടാകെ കൊടുമ്പിരി കൊണ്ടു. 1959 ജൂണ്‍ ഇരുപത്തിരണ്ടാം തിയതി നെഹ്‌റു തിരുവനന്തപുരത്തെത്തി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സമരക്കാര്‍ക്ക് നിരുപാധികം മന്ത്രിസഭയുടെ രാജി മാത്രം മതിയായിരുന്നു.

ഇതിനിടയില്‍ സമരത്തിന്റെ തീവ്രതയില്‍ ജനങ്ങള്‍ അക്രമാസക്തരായപ്പോള്‍ അങ്കമാലിയിലും വലിയതുറയിലും വെടിവെപ്പുണ്ടായി. വെടിവെപ്പില്‍ ഫ്‌ലോറിയെന്ന ഗര്‍ഭിണി വെടിയേറ്റു മരിച്ചത്! നാടാകെ കോളിളക്കം സൃഷ്ടിക്കുകയും സ്ത്രീ പുരുഷന്മാരും അബാല വൃദ്ധ ജനങ്ങളും സമര മുന്നണിയില്‍ ഇറങ്ങുകയും ചെയ്തു. ജനങ്ങളുടെ വൈകാരികത മുതലെടുക്കാന്‍ ഫ്‌ലോറിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിലപിക്കുന്ന ഫോട്ടോകളടങ്ങിയ ലക്ഷക്കണക്കിന് പോസ്റ്ററുകള്‍ നാടുനീളെ പതിപ്പിച്ചുകൊണ്ടിരുന്നു. വനിതകളുടെ കുറ്റിച്ചൂലും കര്‍ഷകരുടെ തൊപ്പിപ്പാളയും ധരിച്ചുള്ള സമരം നിത്യ സംഭവങ്ങളായിരുന്നു. കേരളം മുഴുവന്‍ സമരാഗ്‌നി ജ്വലിച്ചുകൊണ്ടിരുന്നു. “തെക്കു തെക്കൊരു ദേശത്ത് ഫ്‌ലോറിയെന്നൊരു ഗര്‍ഭിണിയെ വെടിവെച്ചു കൊന്നൊരു സര്‍ക്കാരെ, ഞങ്ങളുടെ ചങ്കിലെ ചോരയ്ക്ക് നിങ്ങളുടെ കൊടിയുടെ നിറമാണെങ്കില്‍ പകരം ഞങ്ങള്‍ ചോദിക്കുമെന്ന” മുദ്രാവാക്യങ്ങളും വിളിച്ച് ദീപശിഖകളുമേന്തി നാടാകെ പ്രകടനങ്ങളുമുണ്ടായിരുന്നു.

1959 ജൂലൈ മുപ്പത്തിയൊന്നാംതിയ്യതി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടന 356 പ്രകാരം പിരിച്ചുവിടുകയുണ്ടായി. സംസ്ഥാനത്തുണ്ടായ അരാജകത്വവും ആക്രമണങ്ങളും നിയമരാഹിത്യവും ജനവിപ്ലവങ്ങളും കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാരിനു ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നു. വാസ്തവത്തില്‍ അന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ കളങ്കം ചാര്‍ത്തിയ ഒരു ദിനമായിരുന്നു. ജനാധിപത്യത്തില്‍ക്കൂടി തെരഞ്ഞെടുത്ത സര്‍ക്കാരിനെ വിമോചന സമരം വഴി താഴെയിറക്കിയതില്‍ അന്നു പങ്കെടുത്ത കോണ്‍ഗ്രസുകാര്‍പോലും തെറ്റായിരുന്നുവെന്നു വിചാരിക്കുന്നു. വിമോചന സമരത്തിന് ഈ ജൂണിൽ അറുപത്താണ്ട് പിന്നിടുകയാണ്.

‘നാടു ഭരിക്കാനറിയില്ലെങ്കിൽ
താടി വടിക്കൂ നമ്പൂരീ
തൂങ്ങിച്ചാകാൻ കയറില്ലെങ്കിൽ
പൂണൂലില്ലേ നമ്പൂരീ
സസ്യശ്യാമള കേരളഭൂവിൽ
വിക്കൻ നമ്പൂരിക്കെന്ത് കാര്യം?’

‘ഗൗരിപ്പെണ്ണിനെ മടിയിലിരുത്തി’ നാടുഭരിക്കുന്ന നമ്പൂരിയെന്നായിരുന്നു മറ്റൊന്ന്.

കുല സങ്കൽപ്പത്തിന് വിരുദ്ധരായ നിലപാടുള്ള സ്ത്രീകളെ അസഭ്യം വിളിക്കലും അപമാനിക്കലുമൊന്നും ഇവർ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇവരീ തെറിവിളിക്കുന്ന ഗൗരി ചോത്തി ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാവക്കീൽ കൂടി ആയിരുന്നു. ആ സ്ത്രീയെയാണ് പള്ളിക്കൂടം പോലും കണ്ടിട്ടില്ലാത്ത കൊലകളും പുരുഷുക്കളും തെരുവിൽ തെറിവിളിച്ചത്. പുരോഗമന കേരളം, നവോത്ഥാന കേരളം എന്നൊക്കെ നമ്മളിപ്പോൾ കൊണ്ടാടുന്ന പുനരുത്ഥാനകേരളം അറുപതാണ്ടു മുമ്പത്തെ സാംസ്‌കാരിക നിലവാരം തന്നെയാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ജാതികൂട്ടി തെറിവിളിച്ചപ്പോൾ മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് തോന്നുന്നു.

കേരളത്തിന്റെ തെരുവുകളിൽ അറുപതാണ്ടുകൾക്ക് മുമ്പ് ഇതേപോലൊരു ജൂണിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളിൽ നിന്നുള്ള ചില വരികളാണ് മുകളിൽ ചേർത്തിരിക്കുന്നത്. മുദ്രാവാക്യത്തിലെ നമ്പൂരി ഇ എം എസ്സാണ്.

വിമോചനസമരത്തിന്റെ അറുപതാം വാർഷികമാണിത്. ഇതിനിടയിൽ സർക്കാറുകൾ മാറിമാറി വന്നു. പാർട്ടികൾ പിളർന്നു, കേരളം ഏറെ പുരോഗമിച്ചു. ഭൂപ്രശ്നത്തിന്‌ പരിഹാരമായില്ലെങ്കിലും ജൻമികുടിയാൻ ചൂഷണങ്ങൾ ഏതാണ്ടൊക്കെ അവസാനിച്ചു. സമുദായശക്തികൾക്ക് ഇനിയൊരു വിമോചനസമരത്തിനു കെൽപ്പില്ലാത്ത വിധം രാഷ്ട്രീയപ്രബുദ്ധതയുണ്ടായി. ഏകപക്ഷീയ വാർത്തകൾ ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത വിധം സോഷ്യൽ മീഡിയ വന്നു. അപ്പോഴും ഒരു കാര്യം പറയാതെ തരമില്ല. ബഹുജനപ്രക്ഷോഭങ്ങളെ എങ്ങനെ നേരിടണം എന്ന് സി പിഎമ്മും ഒരു ക്രിയാത്മക പ്രതിപക്ഷമാകേണ്ടതെങ്ങനെ എന്ന് കോൺഗ്രസും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

കേരളീയ നവോത്ഥാനം എന്നത് പലരും തെറ്റിദ്ധരിച്ചത് പോലെ ശ്രീനാരായണ ഗുരുവിൽ തുടങ്ങി അദ്ദേഹത്തിൽ തന്നെയൊടുങ്ങിയ ഒരു പ്രക്രിയ ആയിരുന്നില്ല. രാഷ്ട്രീയവും സാമൂഹികവും ആത്മീയവും വിദ്യാഭ്യാസപരവുമായ അനേകം അടരുകൾ ചേർന്നാണ് ഇന്ന് കാണുന്ന നവോത്ഥാനകേരളം രൂപപ്പെട്ടത്. ആ നവോത്ഥാനഘടകങ്ങളെ പിൽക്കാലം ഇന്നാട്ടിലെ മത, രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങൾ എന്തുചെയ്തു എന്ന കാര്യത്തിൽ ആഴത്തിലുള്ള ആത്മപരിശോധനകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നവോത്ഥാനത്തിന്റെ നൻമകളും മേൻമകളുമായി നമ്മളെണ്ണുന്ന എന്തെല്ലാം മൂല്യങ്ങളുണ്ടോ അതിന്റെയെല്ലാം വിപരീതദിശയിലാണ് വിമോചനസമര കാലം മുതലിന്നോളം കേരളം സഞ്ചരിച്ചത്

ഇ എം എസ് സർക്കാറിനെതിരായ വിമോചനസമരത്തിലേക്ക് പള്ളീലച്ചന്മാരും നായർ പ്രമാണിമാരും എത്തിച്ചേർന്നതെങ്ങനെ എന്ന ചോദ്യത്തിന് ചരിത്രം പ്രധാനമായും രണ്ട് ഉത്തരങ്ങൾ നൽകുന്നു. അവ രണ്ട് നിയമങ്ങളാണ്; വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണ ബില്ലും. ആദ്യം വന്നത് ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലാണ്. അന്ന് കേരളത്തിലുണ്ടായിരുന്ന വിദ്യാലയങ്ങളിൽ പകുതിയിലേറെയും സ്വകാര്യമേഖലയിലായിരുന്നു. അവയിലധികവും ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലും; രണ്ടായിരത്തിലേറെ സ്‌കൂളുകൾ. അധ്യാപകർക്കുള്ള ശമ്പളം സർക്കാറിൽ നിന്ന് സ്‌കൂൾ മാനേജർ കൈപ്പറ്റും, അദ്ദേഹത്തിന് തോന്നുംപടി അധ്യാപകർക്ക് വിതരണം ചെയ്യും. ഇതായിരുന്നു നാട്ടുനടപ്പ്. സ്‌കൂൾ മാനേജ്‌മെന്റിന്റെ അമിതാധികാരങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുണ്ടായിരുന്നത്. ബില്ല് പ്രകാരം അധ്യാപകരിലേക്ക് നേരിട്ട് ശമ്പളമെത്തുന്ന സ്ഥിതിയുണ്ടായി. ക്രമക്കേടുകളും സ്വജനപക്ഷപാതിത്വവും നടപ്പില്ലെന്നായി, സർക്കാറിന് വഴങ്ങാത്ത സ്വകാര്യ സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. തങ്ങളുടെ നെറുകയിലേറ്റ അടിയായാണ് ക്രൈസ്തവ സഭക്ക് ഇതനുഭവപ്പെട്ടത്.

അടുത്ത അടി സവർണ പ്രമാണിമാർക്കിട്ടായിരുന്നു; പ്രത്യേകിച്ച് നായർ. അവർ വലിയ ഭൂസ്വത്തിനുടമകളായിരുന്നു. കുടിയാന്മാർ അവർക്ക് അടിമപ്പെട്ടിരുന്ന കാലം. കൃഷി ചെയ്യാൻ കുടിയാനും വിളവെടുക്കാൻ ഭൂവുടമയും. എല്ലുമുറിയെ പണിയെടുക്കുന്നവർക്ക് ഭൂമിയിൽ യാതൊരു അവകാശവുമില്ല. ഭൂവുടമയുടെയും സിൽബന്ധികളുടെയും വക ദേഹോപദ്രവം വേറെയും. കുടിയാന്മാർക്ക് ഭൂമിയില്ല, കിടപ്പാടമില്ല, വിദ്യാഭ്യാസമില്ല… അതുകൊണ്ട് അവർ യഥേഷ്ടം ചൂഷണം ചെയ്യപ്പെട്ടു. ഐക്യകേരളം പിറന്നിട്ടും ചൂഷണവ്യവസ്ഥിതി പൂർണമായി മാറിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല. അധഃസ്ഥിതർക്കൊപ്പം നിൽക്കാനുള്ള അവരുടെ സഹജമായ രാഷ്ട്രീയബോധമാണ് കർഷകബന്ധ ബില്ലിലേക്ക് ഭൂപരിഷ്‌കരണ നിയമത്തിലേക്ക് നയിച്ചത്. അന്നോളം വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ ഒതുങ്ങിക്കൂടുകയായിരുന്ന മന്നത്ത് പദ്മനാഭന്റെ ഒരുങ്ങിപ്പുറപ്പാടാണ് പിന്നെ കാണുന്നത്. കമ്മ്യൂണിസ്റ്റ് സർക്കാറിനെ താഴെയിറക്കാതെ തനിക്കിനി വിശ്രമമില്ലെന്നായി മന്നത്തപ്പൻ. തന്റെ നോമിനിയെ (മക്കപ്പുഴ വാസുദേവൻ പിള്ള) ദേവസ്വം ബോർഡിൽ എടുക്കാത്തതും പാലക്കാട്ട് എൻജിയനീറിംഗ് കോളേജിന് അനുമതി കൊടുക്കാത്തതും മന്നത്തെ കൂടുതൽ മുറിപ്പെടുത്തി. വിമോചനസമരത്തിന്റെ നേതൃസ്ഥാനത്തേക്ക് വരാൻ മന്നത്തിന് മറുത്തൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് ശേഷ ഭാഗം.

ഇതൊക്കെ തന്നെയാണ് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയബോധവും ചരിത്രബോധവുമില്ലാത്ത പുത്തന് നേതാക്കൾ സവർണ്ണ മാടമ്പിത്തരത്തിന് വളരാനുള്ള മണ്ണ് പാകപ്പെടുത്തിക്കൊടുക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്ന വർത്തമാന കാലത്തിലാണ് വിമോചന സമരത്തിൻറെ അറുപതാം വാർഷികം കടന്നുപോകുന്നതെന്ന് ഓർമ്മിക്കേണ്ടിയിരിക്കുന്നു.