കെവിന്‍ വധം: ‘അവന്‍ തീര്‍ന്നു, ഡോണ്‍ഡ് വറി’ എന്ന ഷാനു ലിജോയ്ക്ക് അയച്ച സന്ദേശം കണ്ടെത്തി

മര്‍ദനമേറ്റ കെവിന്റെ ചിത്രങ്ങള്‍ അയച്ചുനല്‍കിയപ്പോള്‍ കേസിലെ ഒന്നാംപ്രതി ഷാനു ചാക്കോ സുഹൃത്തും രണ്ടാംസാക്ഷിയുമായ ലിജോയോട് ‘അവന്‍ തീര്‍ന്നു, ഡോണ്‍ഡ് വറി’ എന്ന സന്ദേശം അയച്ചിരുന്നത് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ഗിരീഷ് പി സാരഥി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. കെവിനെ തട്ടികൊണ്ടുപോകുന്നതിന് മുമ്പ് ഫേസ്ബുക്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലിജോ അയച്ചുനല്‍കിയ ഏഴുചിത്രങ്ങള്‍ക്ക് മറുപടിയായി നല്‍കിയപ്പോഴാണ് ഷാനു ചാക്കോ ‘അവന്‍ തീര്‍ന്നു ‘ഡോണ്‍ഡ് വറി’ എന്ന സന്ദേശം അയച്ചത്.

ഒന്നാം പ്രതിയും സംഘവും കണ്ണൂര്‍ കരിക്കോട്ടുകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പിടികൂടുന്നത്. കെവിന്റെ ചിത്രങ്ങള്‍ ലിജോ അയച്ചു നല്‍കിയപ്പോള്‍ ലഭിച്ച ഈ സന്ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് താന്‍ സബ്‌രജിസ്ട്രാറിന്റെ ഉള്‍പ്പെടെയുള്ള സാന്നിധ്യത്തില്‍ പ്രിന്റൗട്ട് എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ഒന്നാംപ്രതി ഷാനുവും അഞ്ചാം പ്രതിയും പിതാവുമായ ചാക്കോയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തില്‍ ‘ഞാന്‍ ചെയ്‌തോളം, ഡോന്‍ഡ് വറി’ എന്നുപറഞ്ഞതായി കണ്ടെത്തി.
2018 മേയ് 28ന് വെകിട്ട് 4.30നാണ് ഡി ജി പിയുടെ പ്രത്യേക ഉത്തരവുപ്രകാരം പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായി ചാര്‍ജെടുത്തത്. സി ഐമാരായ അശോക് കുമാര്‍, മനോജ്കുമാര്‍, യു ശ്രീജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഐ ജി വിജയ് സാഖറെയായിരുന്നു മേല്‍നോട്ട ഉദ്യോഗസ്ഥന്‍. ജില്ലാ പൊലീസ് മേധാവി എസ് ഹരിശങ്കറും കേസില്‍ മേല്‍നോട്ടം വഹിച്ചിരുന്നു. 2018 ജൂണ്‍ മൂന്നിന് മുമ്പ് കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തി. ഏഴാം പ്രതി ഷെഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെവിന്റെ മുണ്ട് കല്ലടയാറിന്റെ തീരത്തുനിന്നും കണ്ടെത്തി.

തട്ടികൊണ്ടുപോകുമ്പോള്‍ 10ാം പ്രതി വിഷ്ണു കൈയില്‍ കരുതിയ വാളുകളും പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ, ഐ20, വാഗണ്‍ആര്‍ എന്നീ കാറുകളില്‍നിന്ന് നാലാംപ്രതി റിയാസ്, 13ാം പ്രതി ഷിനുനാസര്‍, മൂന്നാംപ്രതി ഇഷാന്‍ ഇസ്മായില്‍ എന്നിവരുടെ വിരലടയാളവും 12ാംപ്രതി ഷാനു ഷാജഹാന്റെ മുടിയും ഉള്‍പ്പെടെ നിര്‍ണായക തെളിവുകളും കണ്ടെടുത്തു. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ അടിക്കുന്നതിനിടെ മാറ്റിയതിനാല്‍ മുറിഞ്ഞ ഒമ്പതാം പ്രതിയുടെ രക്തം ഒരുവാഹനത്തില്‍ നിന്നു കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ചയും ഗിരീഷ് പി. സാരഥിയുടെ വിസ്താരം തുടരും.
ഗിരീഷ് പി. സാരഥിയുടെ സാക്ഷിവിസ്താരത്തോടെ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകും. ഏറ്റവും നിര്‍ണ്ണായക സാക്ഷിയാണ് ഇദ്ദേഹം. ഏപ്രില്‍ 24നാണ് പ്രോസിക്യൂഷന്‍ വിസ്താരം ആരംഭിച്ചത്.