ഈജിപ്ത് മുന്‍ പ്രസിഡന്റ് മൊഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മൊഹമ്മദ് മുര്‍സി അന്തരിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 67 വയസായിരുന്നു.2011ലെ അറബ് വസന്തത്തിന്റെ അവസാനത്തോടെ 30 വര്‍ഷക്കാലത്തെ ഹോസ്‌നി മുബാരക് ഭരണത്തിന് അന്ത്യമാവുകയും 2012ല്‍ മുര്‍സി ജനാധിപത്യ രീതിയില്‍ ഈജിപ്ത് പ്രസിഡന്റാവുകയുമായിരുന്നു.

എന്നാല്‍ തുടര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തേയും സൈനിക അട്ടിമറിയേയും തുടര്‍ന്ന് 2013 ജുലൈയില്‍ മുര്‍സി അധികാരത്തില്‍നിന്നും നിഷ്‌കാസിതനായി. ഇതിന് പിറകെ അദ്ദേഹം പ്രതിനിധീകരിച്ച മുസ്്‌ലിം ബ്രദര്‍ഹുഡിനെ നിയമവിരുദ്ധമാക്കുകയുമുണ്ടായി.ഹമാസുമായി സഹകരിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട മുര്‍സിയും മറ്റ് 23 പേരും കെയ്‌റോ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു. 2016 നവംബറില്‍ മുര്‍സിക്കും മറ്റ് 21 പേര്‍ക്കുമായി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കിയ കോടതി പുനര്‍ വിചാരണക്ക് ഉത്തരവിടുകയായിരുന്നു.