അടൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ചോദ്യം ചെയ്തു; ഒരാൾ പീഡനത്തിന‌് ഇരയായതായി മൊഴി

അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിങ‌് സ്ഥാപനത്തിൽനിന്ന‌് കാണാതായ മൂന്ന് പെൺകുട്ടികളെയും ഇവരോടൊപ്പം ഉണ്ടായിരുന്ന മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയും അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. കാണാതായവരിൽ ഒരു പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട‌്.

മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന‌് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെയാണ‌് പൊലീസ് ഇവരെ കണ്ടെത്തിയത്. കാണാതായവരിൽ പെൺകുട്ടിയെ പീഡിപ്പിച്ച സിയാസ് (21), ഒപ്പം ഉണ്ടായിരുന്ന അൻഷിദ് (24) എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി പീഡനം സ്ഥിരീകരിച്ചു. വഴിക്കടവിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബുധനാഴ്ച പോക‌്സോ പ്രകാരം കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പെൺകുട്ടികളെ രാത്രിയിൽ അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി. തുടർന്ന‌് രണ്ടു പെൺകുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക‌് മാറ്റി. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു.

ഈ മാസം 13ന് പകൽ മൂന്ന് മുതലാണ് ഇവർ അപ്രത്യക്ഷരായത്. തുടർന്ന് സ്ഥാപനം ഉടമ അടൂർ പൊലീസിൽ പരാതി നൽകി. ഇതോടെ അടൂർ ഡിവൈഎസ‌്‌പി അന്വേഷണത്തിനായി പ്രത്യേക സ്കാഡിന് രൂ പം നൽകി. തുടർന്ന് സൈബർ സെൽ, റെയിൽവേ പൊലീസ്, ഹൈവേ പൊലീസ്, പട്രോളിങ‌് ടീം എന്നിവരുടെ സഹായത്തോടെ നടത്തിയ അന്വേഷണ ത്തിനൊടുവിൽ ട്രെയിനിൽ യാത്ര ചെയ്തയാൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ പൂണെയിലേക്കുള്ള യാത്രയ്ക്കിടെ ഇവരെ ടെയിനിൽ കണ്ടെത്തുകയായിരുന്നു.

മൂന്ന് പെൺകുട്ടികളുടെ ചിത്രം അടൂർ ഡിവൈഎസ്‌പി കെ എ തോമസ് വാട്സ്പ്പ് വഴി റെയിൽവെ പൊലീസിന് കൈമാറി. കൂടാതെ റെയിൽവേ അലർട്ട് നൽകുകയും ചെയ്തു. പൂണെ, സീതത്തോട്, മലപ്പുറം വഴിക്കടവ് സ്വദേശികളാണ് പെൺകുട്ടികൾ. ഇവർ ഒരുമാസം മുൻപാണ് ആയുർവേദ നേഴ്സിങ‌് കോഴ്സിന് അടൂരിലെ സ്ഥാപനത്തിൽ ചേർന്നത്.