ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുംബൈ പോലീസ്

ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശം. മുംബൈ ഓഷിവാര പോലീസാണ് ചോദ്യം ചെയ്യലിനായി എത്താന്‍ ആവശ്യപ്പെട്ട് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാരി ഹാജരാക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. വാട്‌സാപ് സന്ദേശങ്ങളാണ് പ്രധാനമായും പരിശോധിക്കുക.ഇത് കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് യുവതി അവകാശപ്പെട്ടിട്ടുണ്ട്. യുവതിയുടെ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡിഎന്‍എ പരിശോധനക്കും പോലീസ് തയ്യാറായേക്കുമെന്നാണ് അറിയുന്നത്. അതിനിടെ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.