രാഹുൽ ഗാന്ധിക്ക് 49ാംപിറന്നാൾ; അപ്രതീക്ഷിത പിറന്നാളാശംസയുമായി മുഖ്യരാഷ്ട്രീയ എതിരാളിയും അമൂലും

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 49ാം ജന്മദിനം. രാഹുലിന് പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ രാഹുലിന് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു എന്ന് മോദി‌ ട്വീറ്റ് ചെയ്തു.

കൂടാതെ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ അദ്ധ്യക്ഷന് പിറന്നാളാശംസകൾ നേർന്ന് രംഗത്തെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വീഡിയോയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധി ഇന്ത്യയ്ക്കാരെ പ്രചോദിപ്പിച്ച അഞ്ച് നിമിഷങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

49-ാം ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള സഹകരണ ഡയറി സ്ഥാപനമായ അമുല്‍ രംഗത്തുവന്നത് വാർത്തയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുുഖ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും ജന്മദിനാശംസ നേരുന്നതിനിടെയാണ് ഈ വേറിട്ട ആശംസയുമായി അമൂൽ എത്തിയത്.

തങ്ങളുടെ ഓദ്യോഗിക ട്വിറ്റര്‍ പേജ് വഴി ഹാപ്പി ബര്‍ത്ത്‌ഡേ രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗിലായിരുന്നു അമുലിന്റെ ആശംസ. ആശംസ അറിയിച്ചുള്ള ഒരു വീഡിയോയും അമുല്‍ പങ്കുവെച്ചിരുന്നു.

കോൺഗ്രസ് അദ്ധ്യക്ഷൻ എന്ന നിലയിലും രാഹുലിന് ഇന്ന് നിർണായക ദിനമാണ്. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ 2022ൽ നടക്കുന്ന സ്വാതന്ത്യത്തിന്റെ 75ാം വർഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികളെക്കുറിച്ചും ചർച്ച ചെയ്യും. കർഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, വരൾച്ചയെപ്പറ്റിയും തോഴിലില്ലായ്മയെപ്പറ്റിയും സംസാരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.