പോലീസ് കമ്മിഷണറേറ്റ്: ലക്ഷ്യം സ്വകാര്യ – കോർപ്പറേറ്റ് മൂലധനത്തിന് ചുവപ്പു പരവതാനി !

പി.ജെ.ജെയിംസ്

ജില്ലാ മജിസ്ട്രേറ്റിന്, പൊലീസിനു നിർദ്ദേശം കൊടുക്കാവുന്ന നിലവിലെ ഇരട്ട സംവിധാന(dual system) ത്തിൻ്റെ സ്ഥാനത്ത് സിവിലിയൻ അധികാരങ്ങൾ പോലീസിൽ നിക്ഷിപ്തമാക്കി, ജില്ലാ ഭരണത്തോട് യാതൊരു ബാധ്യതയുമില്ലാത്ത പോലീസ് കമ്മിഷണറേറ്റുകൾ (commissionerate system) രൂപീകരിക്കാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനം കേരളത്തെ, പ്രത്യേകിച്ചും നഗരപ്രദേശങ്ങളെ ‘നിക്ഷേപ സൗഹൃദ’ (ease of doing business) മാക്കാനുള്ള കോർപ്പറേറ്റ് – മൂലധനകേന്ദ്രങ്ങളുടെ തീട്ടൂരങ്ങൾ പ്രകാരമാണ്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള കോർപ്പറേറ്റ് മൂലധനാധിനിവേശത്തിനു വേണ്ടി നഗരങ്ങളിലെ ക്രമസമാധാന പാലനം തിരിച്ചുവിടുകയെന്ന നവലിബറൽ ദൗത്യമാണ് ഈ നീക്കത്തിനു പിന്നിൽ.

ഊഹമൂലധനത്തിൻ്റെ ഭ്രാന്തൻ കടന്നുകയറ്റം സംജാതമാക്കുന്ന നഗരവൽക്കരണം അസംഘടിത തൊഴിലാളികളുടെയും ചേരികളുടെയും എണ്ണം സമാനതകളില്ലാതെ വർദ്ധിപ്പിക്കുന്ന നവഉദാര കാലത്ത്, പാർശ്വവൽകൃത – അസംഘടിത വിഭാഗങ്ങളെ നിർദ്ദാക്ഷിണ്യം നേരിടുക (zero tolerance) എന്നതിൻ്റെ അടിസ്ഥാനത്തിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ 1980കൾ മുതൽ പരീക്ഷിക്കപ്പെട്ടു വരുന്ന “broken windows policing” ആണ് ഇപ്പോൾ മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ള കമ്മിഷണറേറ്റിൻ്റെ അന്ത:സത്ത.

പോലീസിന് മജിസ്റ്റീരിയൽ അധികാരങ്ങൾ ലഭിക്കുന്നതോടെ, നഗരങ്ങളിലേക്കുള്ള കോർപ്പറേറ്റ് കടന്നുകയറ്റത്തിന് തടസ്സം സൃഷ്ടിക്കുന്ന തെരുവുകച്ചവടക്കാർ, റിക്ഷാ ഓടിക്കുന്നവർ, പാർപ്പിടരഹിതർ, തുടങ്ങിയ അസംഘടിത വിഭാഗങ്ങളുടെ ചെറുത്തു നില്പുകളെ മാത്രമല്ല, അവർക്കു പിന്തുണ കൊടുക്കുന്ന ജനകീയ പ്രസ്ഥാനങ്ങളെയും ജനാധിപത്യാവകാശ പ്രവർത്തകരെയും അടിച്ചൊതുക്കാനും ഈ സംവിധാനം പോലീസിന് അമിതാധികാരങ്ങൾ പ്രദാനം ചെയ്യും.

ഈയടുത്ത കാലത്ത്, ഉത്തർപ്രദേശ് ഗവർണർ രാം നായിക്കും മുഖ്യമന്തി യോഗി ആദിത്യനാഥും പങ്കെടുത്ത പോലീസ് യോഗത്തിൽ ഈ ആശയം ശക്തമായി ഉന്നയിക്കപ്പെടുകയുണ്ടായി. ഉത്തർപ്രദേശിലേക്ക് വൻകിട മൂലധന നിക്ഷേപങ്ങൾ കടന്നു വരുന്നതിന് പോലീസ് കമ്മിഷണറേറ്റ് സമ്പ്രദായം അനിവാര്യമാണെന്നഭിപ്രായപ്പെട്ടവരിൽ മുൻപന്തിയിലുള്ളത് അവിടുത്തെ ഗവർണർ തന്നെയാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇപ്പോൾ തന്നെ നിലവിലുള്ള കമ്മിഷണറേറ്റുകൾ കോർപ്പറേറ്റ് വൽകരണത്തിന് ഉതകും വിധം തിരിച്ചുവിടേണ്ടതെപ്പറ്റിയാണ് ഇപ്പോഴത്തെ ചർച്ചകൾ. ഫ്രാൻസിൽ മക്രോണിൻ്റെ നവ ഉദാര നയങ്ങൾക്കെതിരെ സമരം ചെയ്ത ‘മഞ്ഞക്കുപ്പായക്കാരെ’ (yellow vests) നേരിടുന്നതിൽ ഇപ്രകാരമുള്ള പോലീസ് സംവിധാനം ഫലപ്രദമാണെന്ന അഭിപ്രായവും നവഉദാര കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

നിർഭാഗ്യവശാൽ, പിണറായിയുടെ പോലീസ് കമ്മിഷണറേറ്റിനെതിരെ ഭരണപക്ഷത്തു നിന്നു തന്നെ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങൾ മേൽ സൂചിപ്പിച്ച ആഴത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക വിവക്ഷകളിൽ ഊന്നുന്നില്ലെന്ന് പറയേണ്ടതുണ്ട്. വിഷയം കേവലം ഭരണപരമോ, ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും പോലീസും തമ്മിലുള്ള മൂപ്പിളമ തർക്കമോ ആയി ചുരുങ്ങിപ്പോകരുത്.

കോർപ്പറേറ്റ് കടന്നു കയറ്റത്തിനെതിരായ ജനകീയ ചെറുത്തുനില്പുകളെ അടിച്ചൊതുക്കുകയെന്ന നവ ഉദാര അജണ്ട തന്നെയാണ് നീക്കത്തിനു പിന്നിൽ. ലണ്ടൻ മൂലധന വിപണി ഉൾപ്പെടെയുള്ള ആഗോള മൂലധന കേന്ദ്രങ്ങളുമായുള്ള ബാന്ധവം തന്നെയാണ് വിഷയം. “ക്രിമിനലുകളുടെ സംഘടിത കൂട്ട” ( “organised gang of criminals” )മെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ എൻ മുള്ള അരനൂറ്റാണ്ടിനു മുമ്പു പറഞ്ഞ അവസ്ഥയിൽ നിന്നും ഇന്ത്യൻ പോലീസിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കേരളത്തിലെ “ജനമൈത്രി പോലീസ് ” എന്നതൊക്കെ വെറും ചപ്പടാച്ചികളാണെന്നും വിശദീകരിക്കേണ്ടതില്ലല്ലോ. അതിനിടയിലാണ്, കോർപ്പറേറ്റ് – വരേണ്യ വർഗ്ഗത്തിന് ചുവപ്പു പരവതാനി വിരിക്കാൻ പോലീസ് കമ്മിഷണറേറ്റ് രൂപവൽക്കരിക്കുന്നതെന്നു തിരിച്ചറിയണം.