പോലീസുകാരിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

പോലീസുകാരിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജാസ് മരിച്ചു. പോലീസുകാരിയായ സൗമ്യയെ ആക്രമിക്കുന്നതിനിടെയാണ് പോലീസുകാരന്‍ കൂടിയായ അജാസിനും ഗുരതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികെയാണ് മരണം സംഭവിച്ചത്. ബുധനാഴ്ച 5.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

ആലുവ ട്രാഫിക് സ്‌റ്റേഷനിലെ പോലീസുകാരനായിരുന്നു പ്രതിയായ അജാസ്. വനിതാ സിവില്‍ പോലീസ് ഓഫീസറെ കാറിലെത്തിയ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മാവേലിക്കര സ്വദേശിനിയും വള്ളിക്കുന്നം സ്‌റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്‌കര്‍ ആണ് മരിച്ചത്. അജാസിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പോലീസുകാരിയെ ആക്രമിച്ച ശേഷമാണ് അജാസ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. പ്രണയനൈരാശ്യം മൂലമാണ് സൗമ്യയെ ആക്രമിച്ചതെന്ന് അജാസ് മൊഴി നല്‍കിയിരുന്നു.

സ്‌കൂട്ടറില്‍ പോവരുകയായിരുന്ന സൗമ്യയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തെക്കേമുറിയിലുള്ള സൗമ്യയുടെ വീടിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പിഎസ്സി പരീക്ഷ കഴിഞ്ഞ ഡ്യൂട്ടിക്കു പോവുകയായിരുന്ന സൗമ്യയെ പിന്നാലെ കാറില്‍ വന്ന യുവാവ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. എഴുന്നേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ പിന്നാലെയെത്തി വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി, തീകൊളുത്തുകയായിരുന്നു.