വിവാദ കാര്‍ട്ടൂൺ പുരസ്‌കാരം പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയെന്ന് മന്ത്രി നിയമസഭയിൽ

വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ലളിതകലാ അക്കാദമി. അവാര്‍ഡ് പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പുരസ്‌കാരം പുനഃപരിശോധിക്കാന്‍ നേരത്തെ മന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാദമി മന്ത്രിയുടെ നിലപാട് തള്ളുകയായിരുന്നു. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണാണ് വിവാദമായത്. മാസങ്ങള്‍ക്ക് മുമ്പ് വരച്ച കാര്‍ട്ടൂണ്‍ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചതോടെയാണ് വിവാദമായത്.

കാര്‍ട്ടൂണിനെതിരെ ചില കത്തോലിക്ക സഭയിലെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ലളിതകലാ അക്കാദമിയുടെ ആസ്ഥാനത്തിന് പുറത്ത് സംഘടനകള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.