അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നും രണ്ട് തടവുകാര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നും രണ്ട് വനിതാ തടവുകാര്‍ രക്ഷപ്പെട്ടു. റിമാന്‍ഡ് തടവുകാരായ ശില്‍പ മോള്‍, സന്ധ്യ എന്നിവരെയാണ് കാണാതായതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളാണ് സന്ധ്യയും ,ശില്‍പ്പയും.

അവര്‍ ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പച്ചക്കറിത്തോട്ടത്തിനടുത്തുള്ള മുരിങ്ങ മരത്തിലൂടെയാണ് ഇരുവരും മതില്‍ ചാടിയത്. വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെയടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.