രക്തദാനമേഖലയിലെ നിസ്വാർത്ഥ സേവനത്തിന് സാംജു സന്തോഷിനെ ആദരിച്ചു

കഴിഞ്ഞ 12 വർഷമായി 35-ലധികം പേർക്ക് സൗജന്യമായി രക്തം ദാനംചെയ്തിട്ടുള്ള സാംജു സന്തോഷിൻറെ രക്തദാനമേഖലയിലെ സേവനത്തെ ആലപ്പുഴ ജില്ലാ ലേബർ വെൽഫയർ സൊസൈറ്റി ആദരിച്ചു. ആലപ്പുഴ ജില്ലാ ലേബർ വെൽഫയർ സൊസൈറ്റിയുടെ ഉപഹാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സാംജുവിന്‌ നൽകി. ആലപ്പുഴയിലെ മുൻ MPയും CPI ജില്ലാ സെക്രട്ടറിയുമായ സ.ടി.ജെ ആഞ്ചലോസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു .

12 വർഷമായി തണ്ണീർമുക്കം ഗാന്ധിഭവനിൽ സാംജു സന്തോഷ്. ബൈക്കിൽ യാത്രചെയ്ത് രക്തം ആവശ്യമായ രോഗികൾക്ക് നിസ്വാർത്ഥമായി ഒ നെഗറ്റീവ് രക്തം ദാനംചെയ്യുകയാണ്. ബൈക്കിന്റെ പിന്നിൽ തന്റെ രക്തഗ്രൂപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും രക്തവുമായി ഓടിയെത്തും.കഴിഞ്ഞ രക്തദാനദിനത്തിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഒരു വൃക്കരോഗിക്ക് രക്തം ദാനംചെയ്തിരുന്നു.

ചേർത്തല എൻ.എസ്.എസ്. കോളേജിൽ എ ഐ എസ് എഫ് പ്രവർത്തകനായി വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ സാംജു ഇപ്പോൾ AIYF ആലപ്പുഴ ജില്ലാ കമ്മറ്റി അംഗമാണ്. കേരളയുക്തിവാദിസംഘത്തിൻറെ യുവജനവിഭാഗമായ ഹ്യൂമനിസ്റ് യൂത്ത് മൂവ്മെൻറ് (HYM) സംസ്ഥാന സെക്രട്ടറി ആയിരുന്ന സാംജു തികഞ്ഞ യുക്തിവാദിയുമാണ്.

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെ ഈ വഴിയിലേക്ക് കൊണ്ടുവരാനുള്ള ബോധവത്കരണവും സാംജു നടത്തുന്നുണ്ട്. ചേർത്തലയിൽ സി.കെ.ചന്ദ്രപ്പൻ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ കോ-ഓർഡിനേറ്റർ കൂടിയാണ്. ഈ സംഘടനയുടെ കീഴിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.