ബിനോയ് കോടിയേരിയുടെ മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

സാമൂഹിക മാധ്യമങ്ങളില്‍ ബിനോയ് കോടിയേരിയുടെ മകന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബിനോയിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി.

പരാതിയില്‍ തുടര്‍നടപടികളെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ഫോട്ടോയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുടുംബത്തിനെതിരായ ഇത്തരം പ്രചരണങ്ങളില്‍ തന്റെ ഭര്‍ത്താവും കുടുംബവും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായും ബിനോയിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം യുവതി പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് മുംബൈ പൊലീസിന്റെ ഈ നീക്കം. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയുടെ ഉത്തരവ് നാളെ വരാനിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.