ജയില്‍ ചാടിയ വനിത തടവുകാരെക്കുറിച്ച് യാതൊരുവിവരവുമില്ല; സംസ്ഥാനം വിട്ടതായി പോലീസ് നിഗമനം

അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നും ചാടിയ രണ്ട് വനിത തടവുകാര്‍ സംസ്ഥാനം വിട്ടതായി പൊലീസ് നിഗമനം. വനിതകള്‍ ജയില്‍ ചാടിയതിനെ തുടര്‍ന്ന് ഇവര്‍ ചെല്ലാനിടയുള്ള സ്ഥലങ്ങളിലും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും മറ്റും പൊലീസ് പരിശോധന ഊര്‍ജിതമാക്കി. മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ എന്നിവരാണ് ജയില്‍ ചാടിയത്. തടവുകാരുടെ ജയില്‍ ചാട്ടത്തിന് ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ജയില്‍ ചാട്ടത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ജയില്‍ ഡിഐജിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

ജയില്‍ ചാടാനുള്ള പദ്ധതി ഇവര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് ഇവര്‍ക്ക് തടവുകാരില്‍ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശില്‍പ സുഹൃത്തായ യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജയില്‍ ചാടിയ വനിതകള്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടതായാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ പശ്ചാത്തലത്തില്‍ ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റയില്‍വേ പൊലീസിനോട് പ്രതികളെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ഥിച്ചിട്ടുമുണ്ട്. അതേസമയം ഇവരുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ കൂടുതല്‍ ദിവസങ്ങള്‍ ഒളിച്ചു താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ടു തന്നെ ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നുമാണ് പൊലീസ് കണക്കു കൂട്ടുന്നത്.

അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്ന ഇവര്‍ ജയിലിന്റെ മുന്‍വശത്തു കൂടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ജയിലിന് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്തില്‍ ഇവര്‍ ജയിലിന്റെ പിന്‍വശത്തുള്ള മരത്തിലൂടെ കയറി മതിലിനു മുകളിലെത്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ രക്ഷപ്പെട്ടു പോകുന്ന സിസിടിവി ദൃശ്യം മണക്കാട് നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് ശേഷമാണ് പൊലീസിന് ലഭിച്ചത്.

ഫോര്‍ട്ട് എ സി പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രക്ഷപ്പെടാന്‍ ഇവര്‍ക്ക് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒരു തടവുകാരിയുടെ സഹായം ലഭിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ഇവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുപത് വര്‍ഷത്തിന് ശേഷമാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്ന് തടവില്‍ കഴിയുന്ന ഒരാള്‍ ജയില്‍ ചാടുന്നത്.