ജൂൺ 27: ലോകത്തെ ആദ്യത്തെ എ.ടി.എം 1967ൽ ലണ്ടനിലെ എൻഫീൽഡിൽ സ്ഥാപിച്ചിട്ട് 51 വർഷം

ഓട്ടോമാറ്റഡ് ടെല്ലർ മെഷീൻ (Automated Teller Machine) അഥവാ എ.ടി.എമ്മുകൾ നിലവിൽ വന്നിട്ട് അരനൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് ബാങ്കായ ബാർ ക്ലേസാണ് ആദ്യ എ.ടി.എം. സ്ഥാപിച്ചത്. വടക്കൻ ലണ്ടനിലെ എൻഫീൽഡ് പട്ടണത്തിൽ 1967ജൂൺ 27-നായിരുന്നു ആദ്യ എ.ടി.എം. തുറന്നത്. ഇംഗ്ലീഷ് ടെലിവിഷൻ താരം റെഗ് വാർണെയാണ് ഉദ്ഘാടനം നിർവഹിച്ചത്. അര നൂറ്റാണ്ട് പിന്നിടുമ്പോൾ ലോകമെങ്ങുമായി മുപ്പതു ലക്ഷത്തിലേറെ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നു. ബാങ്കിങ് സേവനങ്ങളെ ഇത്രയധികം ജനകീയമാക്കി മാറ്റിയ മറ്റൊരു കണ്ടുപിടിത്തമില്ല. ഇന്നിപ്പോൾ ശാഖകളുടെ പ്രവർത്തനങ്ങൾ കുറച്ച് എ.ടി.എമ്മുകളെ കൂടുതൽ ചുമതലകൽ ഏൽപ്പിക്കുകയാണ് മുൻനിര ബാങ്കുകൾ പണമെടുക്കാൻ മാത്രമല്ല, പണം നിക്ഷേപിക്കാനും കൈമാറ്റം ചെയ്യാനും മറ്റുചില ബാങ്കിങ് ഇടപാടുകൾ നടത്താനുമൊക്കെ എ.ടി.എമ്മുകൾ സജ്ജമായിക്കഴിഞ്ഞു.

1987 ൽ എച്ച്എസ്ബിസി ബാങ്കാണ് ഇന്ത്യയിലെ ആദ്യ എടിഎം സ്ഥാപിച്ചത്. മുംബൈയിലായിരുന്നു അത്. ആറ് വർഷത്തിന് ശേഷം 1993-ൽ എടിഎം കേരളത്തിലും എത്തി.

ബ്രിട്ടീഷുകാരനായ ജോൺ അഡ്രിയൻ ഷെപ്പേഡ്-ബാരൻ എന്ന എൻജിനീയറാണ് എ.ടി.എമ്മുകളുടെ ഉപജ്ഞാതാവ്. ബ്രിട്ടീഷുകാരനാണെങ്കിലും പേരിന് ചില ഇന്ത്യൻ; ബന്ധങ്ങളുണ്ട് ജോൺ അഡ്രിയന്. ജോണിന്റെ പിതാവ് വില്യം ഷെപ്പേഡ്-ബാരൻ ഏറെക്കാലം ബ്രിട്ടീഷ് ഇന്ത്യയിൽ പ്രവർ ത്തിച്ചിട്ടുണ്ട്. വടക്കൻ ബംഗാളിലെ ചിറ്റഗോംഗ് തുറമുഖ കമ്മിഷണറായിരുന്നു അദ്ദേഹം. ഷില്ലോങ്ങിൽ വെച്ച് 1925-ലാണ് വില്യമിന് ജോൺ എന്ന മകൻ ജനിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ വില്യമും കുടുംബവും ബ്രിട്ടനിലേക്ക് മടങ്ങി. ലണ്ടനിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ജോൺ ;ഡി ലാ റൂ; എന്ന കമ്പനിയിൽ ജോലിക്ക് ചേരുകയും ചെയ്തു.

ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്ന പൊതുതത്ത്വം എ.ടി.എമ്മുകളുടെ കാര്യത്തിലും ശരിയായിട്ടുണ്ട്. ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ജോൺ അഡ്രിയൻ പണമെടുക്കാനെത്തിയപ്പോഴേക്കും പ്രവർത്തനസമയം കഴിഞ്ഞ് ബാങ്ക് അടച്ചുപൂട്ടിയിരുന്നു. വാരാന്ത്യം ആസ്വാദ്യകരമാക്കാൻ കൈയിൽ കാശൊന്നുമില്ലാതെ ജോൺ ആകെ നിരാശനായി. ബാങ്കിങ് സമയം കഴിഞ്ഞാലും അത്യാവശ്യത്തിന് പണം പിൻ ;വലിക്കാൻ അവസരമൊരുക്കുന്ന സംവിധാനത്തെക്കുറിച്ച് അപ്പോഴാണ് അദ്ദേഹം ആലോചിച്ചു തുടങ്ങിയത്.

നാണയങ്ങളിട്ടാൽ മിഠായികൾ പുറത്തേക്ക് വരുന്ന ഡിസ്പെൻസിങ് മെഷീനുകൾ അന്ന് ബ്രിട്ടനിൽ പ്രചാരത്തിലുണ്ടായിരുന്നു. അതിൽ ചില പരിഷ്;കാരങ്ങൾ വരുത്തി മിഠായിക്ക് പകരം പണം പുറത്തേക്ക് വരുത്തുക എന്നതായിരുന്നു ജോണിന്റെ ആശയം. ഇന്നത്തെപ്പോലെ കാന്തിക ടേപ്പൊട്ടിച്ച എ.ടി.എം. കാർഡുകളൊന്നും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ചെക്കുകളുടെ അതേ ആകൃതിയിൽ അച്ചടിച്ച ടോക്കണുകളായിരുന്നു എ.ടി.എമ്മിൽ നിക്ഷേപിക്കേണ്ടത്. അങ്ങനെ ചെയ്താൽ പത്ത് പൗണ്ടുകളുടെ നോട്ട് ലഭിക്കും.

ഒരു ഞായറാഴ്ചയുടെ ചെലവുകൾക്ക് പത്ത് പൗണ്ട് ധാരാളം മതി എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ആദ്യം ആറക്കമുള്ള പിൻ നമ്പറായിരുന്നു ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നത്. അത്രയും അക്കങ്ങൾ ഓർത്തുവെക്കുക ദുഷ്കരമായിരിക്കും എന്ന് ഭാര്യ കാരൊലിൻ അഭിപ്രായപ്പെട്ടപ്പോൾ നാല് അക്കങ്ങളിലേക്ക് പിൻ ചുരുക്കാൻ ജോൺ അഡ്രിയൻ തയ്യാറായി. ഇന്നും ലോകം മുഴുവനുമുള്ള എ.ടി.എമ്മുകളിൽ നാലക്ക പിൻ ആണുപയോഗിക്കുന്നത്.

1969 ആണ് എടിഎമ്മുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വർഷം. ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ജപ്പാനിലേക്കുമൊക്കെ എടിഎം സംവിധാനം ചിറകുവിരിച്ചത് ആ കൊല്ലമായിരുന്നു.

ആദ്യ എ.ടി.എമ്മിന്റെ വരവിനെ ആവേശത്തോടെ ലണ്ടന്‍ നിവാസികള്‍ വരവേറ്റു. പണം പിന്‍വലിക്കാനായി വന്‍ജനക്കൂട്ടം തടിച്ചുകൂടിയതോടെ എന്‍ഫീല്‍ഡിലെ ബാര്‍ക്ലേസ് ബാങ്കിന് മുന്നില്‍ ഗതാഗതക്കുരുക്ക് പതിവായി. കംപ്യൂട്ടര്‍ സംവിധാനങ്ങളോ ഇന്നത്തേതുപോലെയുള്ള ഇലക്ട്രോണിക് കാല്‍ക്കുലേറ്ററുകളോ ഒന്നുമില്ലാത്ത കാലമായിരുന്നു അതെന്നോര്‍ക്കണം. ഓരോ ദിവസവും എ.ടി.എം. വഴി നടന്ന പണം പിന്‍വലിക്കലിന്റെ കണക്കുകള്‍ ഇടപാടുകാരന്റെ അക്കൗണ്ടില്‍ വരവുവെച്ച് ‘ടാലി’യാക്കിയ ശേഷമേ ബാങ്ക് ജീവനക്കാര്‍ക്ക് വീട്ടില്‍ പോകാന്‍ പറ്റുമായിരുന്നുള്ളൂ. അര്‍ധരാത്രിവരെ ഇങ്ങനെ ജോലി ചെയ്യേണ്ടിവന്ന കഥ പഴയകാല ബാര്‍ക്ലേസ് ഉദ്യോഗസ്ഥര്‍ക്ക് ഓര്‍ക്കാനുണ്ട്. ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാകുമെങ്കിലും എ.ടി.എം. എന്ന അദ്ഭുതയന്ത്രം സ്വന്തമാക്കാന്‍ മറ്റ് ബാങ്കുകളും കച്ചകെട്ടിയിറങ്ങി. ആദ്യ എ.ടി.എം. ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ബാര്‍ക്ലേസിന്റെ പ്രധാന എതിരാളികളായ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കും എ.ടി.എം. സ്ഥാപിച്ചു.

1969 ആണ് എ.ടി.എമ്മുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വര്‍ഷം. ബ്രിട്ടനില്‍നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ജപ്പാനിലേക്കുമൊക്കെ എ.ടി.എം. സംവിധാനം ചിറകുവിരിച്ചത് ആ കൊല്ലമായിരുന്നു. ടെക്‌നോളജി സ്ഥാപനമായ സ്പീടെക്കുമായി ചേര്‍ന്ന് ബ്രിട്ടനിലെ മിഡ്‌ലാന്‍ഡ് ബാങ്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും എ.ടി.എം. തുറന്നു. ജപ്പാനിലെ സുമിടോമോ ബാങ്കും അമേരിക്കയിലെ കെമിക്കല്‍ ബാങ്കും എ.ടി.എമ്മുകള്‍ ആരംഭിച്ചു. ഇപ്പോഴത്തേതുപോലെയുള്ള കാന്തിക-സ്‌ട്രൈപ്പ് കാര്‍ഡ് ആദ്യമായി അവതരിപ്പിച്ചത് സുമിടോമോ ബാങ്കാണ്. 1973 ആകുമ്പോഴേക്കും അമേരിക്കയില്‍ മാത്രം രണ്ടായിരത്തിലധികം എ.ടി.എമ്മുകള്‍ തുറന്നുകഴിഞ്ഞിരുന്നു.

ഓരോ വര്‍ഷം കഴിയുന്തോറും എ.ടി.എമ്മുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താനും ബാങ്കുകള്‍ മത്സരിക്കുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത്. സ്പെയിനില്‍ എ.ടി.എമ്മിലൂടെ ഫുട്‌ബോള്‍ ടിക്കറ്റുകള്‍ വിറ്റപ്പോള്‍ സ്റ്റാമ്പുകള്‍ വാങ്ങാനുള്ള സംവിധാനം അമേരിക്കയിലെ എ.ടി.എമ്മുകള്‍ കൊണ്ടുവന്നു. ബാങ്ക് ഓഫ് അമേരിക്കയാകട്ടെ എ.ടി.എം. കൗണ്ടറില്‍ കയറുന്ന ഇടപാടുകാര്‍ക്ക് ബാങ്ക് ജീവനക്കാരുമായി സംസാരിക്കുന്നതിന് വീഡിയോ ചാറ്റ് സൗകര്യമേര്‍പ്പെടുത്തി. ജപ്പാന്‍,  എ.ടി.എം. കാര്‍ഡുകള്‍ ഉപേക്ഷിച്ച് ഉപയോക്താവിന്റെ വിരല്‍പ്പാട് തിരിച്ചറിഞ്ഞ് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ബയോമെട്രിക് സുരക്ഷാഇടപാടുകള്‍ കൊണ്ടുവന്നു. പണത്തിന് പകരം ശുദ്ധ സ്വര്‍ണക്കട്ടികള്‍ പിന്‍വലിക്കാവുന്ന ഗോള്‍ഡ് എ.ടി.എമ്മുകള്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൂപടത്തിന്റെ ഏറ്റവും തെക്കുഭാഗത്തുള്ള എ.ടി.എം. അന്റാര്‍ട്ടിക്കയിലെ മക്മുര്‍ഡോ സ്റ്റേഷന്‍ റിസര്‍ച്ച് ബേസിലും ഏറ്റവും വടക്കുള്ളത്  നോര്‍വേയിലെ ലോങ്ഇയേഴ്‌സ് ബെന്നിലുമാണ്. ഏറ്റവും ഉയരത്തിലുള്ള എ.ടി.എം. എന്ന ബഹുമതി പാകിസ്താനിലെ കുഞ്ജരബ് ചുരത്തിലെ എ.ടി.എമ്മിനാണ്. ചൈനീസ് അതിര്‍ത്തിക്കടുത്തായി സമുദ്രനിരപ്പില്‍നിന്ന് 15,396 അടി ഉയരത്തിലാണ് ഈ എ.ടി.എം. പ്രവര്‍ത്തിക്കുന്നത്.

1987-ല്‍ എച്ച്.എസ്.ബി.സി. ബാങ്കാണ് ഇന്ത്യയിലെ ആദ്യ എ.ടി.എം. സ്ഥാപിച്ചത്. മുംബൈയിലായിരുന്നു അത്. ആറ് വര്‍ഷത്തിനുശേഷം 1993-ല്‍ എ.ടി.എം. കേരളത്തിലുമെത്തി. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ബ്രിട്ടീഷ് ബാങ്ക് ഓഫ് ദി മിഡില്‍ ഈസ്റ്റ് (ഇപ്പോള്‍ എച്ച്.എസ്.ബി.സി.) ശാഖയിലാണ് കേരളത്തിലെ ആദ്യ എ.ടി.എം. പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നത് വലിയ വാര്‍ത്തയായിരുന്നു. സ്വിച്ച് അമര്‍ത്തിയാല്‍ ആര്‍ക്കും കാശ് ലഭിക്കും എന്ന പ്രചരണംകേട്ട് ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍പോലും എ.ടി.എമ്മിന് മുന്നില്‍ തടിച്ചുകൂടി. ഇത്തരത്തിലുള്ള യന്ത്രവത്കരണം ജീവനക്കാരുടെ ജോലി കളയുമെന്ന ആരോപണമായി ബാങ്കിങ് രംഗത്തെ ട്രേഡ് യൂണിയനുകളും രംഗത്തെത്തി.

പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി.) 1994ല്‍ എ.ടി.എം. ആരംഭിച്ചു. തിരുവനന്തപുരം സ്റ്റാച്യൂ ജങ്ഷനിലുള്ള ശാഖയില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ആദ്യ എസ്.ബി.ടി. എ.ടി.എം. ഉദ്ഘാടനം ചെയ്തത്.

ആദ്യ ‘ഒഴുകും എ.ടി.എം’ സ്ഥാപിക്കപ്പെട്ട സംസ്ഥാനം എന്ന ബഹുമതി കേരളത്തിനാണ്. കൊച്ചിയില്‍നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്ന ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പ്പറേഷന്റെ ജങ്കാറില്‍ എ.ടി.എം. സ്ഥാപിച്ചുകൊണ്ട് എസ്.ബി.ഐയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2004 ഫെബ്രുവരി 9-നായിരുന്നു ഒഴുകും എ.ടി.എമ്മിന്റെ ഉദ്ഘാടനം.

2017 ഏപ്രില്‍ വരെയുള്ള കണക്കെടുത്താല്‍ 2,09,028 എ.ടി.എം. കൗണ്ടറുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1000, 500 രൂപ നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമായപ്പോള്‍ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വലിയ നിരതന്നെ രൂപപ്പെട്ടിരുന്നു. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം എ.ടി.എമ്മുകളുടെ ജനപ്രീതി കുറച്ചുവെന്നതാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്തുനിന്നുള്ള സങ്കട വാര്‍ത്ത.

ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ സാങ്കേതികവിദ്യയുടെയും വ്യാപനത്തോടെ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനമേഖലയും സാധ്യതകളും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഓരോ എ.ടി.എം. കൗണ്ടറുകളും ഒരു ബാങ്കുശാഖപോലെ പ്രവര്‍ത്തിക്കുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. ഇടപാടുകള്‍ ഡിജിറ്റല്‍ വഴിയിലേക്ക് മാറുന്നതോടെ പണം കൈയില്‍ കൊണ്ടുനടക്കുന്ന പതിവ് കുറയും. അതോടെ പണമെടുക്കാനല്ല മറ്റ് ബാങ്കിങ് ആവശ്യങ്ങള്‍ക്കായിരിക്കും ആളുകള്‍ എ.ടി.എമ്മില്‍ കയറുക.

എന്‍.എഫ്.സി. (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ വിദേശരാജ്യങ്ങളില്‍ നിലവില്‍ വന്നുകഴിഞ്ഞു. ഡിജിറ്റല്‍ കറന്‍സിയായ ‘ബിറ്റ്‌കോയിന്‍’ ഇടപാടുകള്‍ സാധ്യമാക്കുന്ന ബിറ്റ്‌കോയിന്‍ എ.ടി.എം, കാര്‍ഡില്ലാ എ.ടി.എം., മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍ എന്നിവയാണ് ഈ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍.