കൃപാസനം ജോസഫ് അച്ചനെകുറിച്ച് പഠിപ്പിക്കാനും ന്യായീകരിക്കാനും ഭീഷണിപ്പെടുത്താനും ആരും ബുദ്ധിമുട്ടേണ്ടതില്ല

ലിബി.സിഎസ്

ഇത് മുൻപ് ഫാദർ കൃപാസനം ജോസഫ് നെ കുറിച്ച് ഞാൻ ഒരു പോസ്റ്റിട്ടപ്പോൾ വന്ന വെട്ടുക്കിളി ശല്യത്തിന് മറുപടിയായി ഇട്ട ഒരു പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. ഇതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പിന്നെ കൃപാസനത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് ഞാനല്ല. കേരളാ യുക്തിവാദിസംഘം എന്നസംഘടനയാണ്. ആ സമരത്തോട് യോജിക്കുന്ന ഒരാൾ എന്നനിലയിൽ 31 ന് ഞാൻ ചേർത്തലയിൽ ഉണ്ടെങ്കിൽ ഒരുസാധാരണ പ്രവർത്തകയെന്ന നിലയിൽ ഈ പ്രതിഷേധസമരത്തിൽ ഞാനും പങ്കെടുക്കും. അതിന് ഭീഷണിയും ഉമ്മാക്കിയുമായൊന്നും ആരും വരേണ്ടതില്ല. അതൊന്നും ഇവിടെ ഓടില്ല.  

കൃപാസനം ജോസഫ് അച്ചനെകുറിച്ച് പഠിപ്പിക്കാനും ശുപാർശയ്ക്കും ന്യായീകരിക്കാനും ഭീഷണിപ്പെടുത്താനും ആയി ആരും ഇൻബോക്സിലും ഫോണിലും ഒന്നും ബുദ്ധിമുട്ടേണ്ടതില്ല.

കൃപാസനം അച്ചൻ പത്തു പതിനെട്ടുവർഷം മുൻപ് ഞങ്ങളുടെ തൈയ്ക്കൽ ഇടവകയിൽ വികാരിയായിരിക്കുമ്പോൾ മുതൽ അറിയാവുന്ന ആളാണ് ഞാൻ. വ്യക്തിപരമായി അദ്ദേഹം കുറെ ക്വളിറ്റിസ് ഉള്ളയാളും സാത്വികനും ആണ്. എന്നുകരുതി അത് അന്ധവിശ്വാസ തട്ടിപ്പിനുള്ള ന്യായീകരണമല്ല.സവർണ്ണ ക്രിസ്ത്യാനികളായ അച്ചന്മാരിൽനിന്നും തട്ടിപ്പിനെ ജനകീയ വൽക്കരിച്ച് പിന്നോക്കക്കാരിലേക്ക് എത്തിച്ച് പിന്നോക്കക്കാരായ ക്രിസ്ത്യാനികളെ അങ്ങനെ സവർണ്ണൻ പറ്റിക്കണ്ട ഞങ്ങൾ തന്നെ പറ്റിച്ചോളാം എന്ന അർത്ഥത്തിൽ ഒരു ഇടപെടൽ അദ്ദേഹം നടത്തിയതിനെ കുറച്ചു കാണുന്നില്ല.

ഞങ്ങളൊക്കെ അന്ന് അർത്തുങ്കൽ ഇടവകയിലായിരുന്നു താമസം . പിന്നീട് ആളുകൂടിയപ്പോൾ ഇടവക വിഭജിച്ച് ആയിരംതൈ ഇടവകയും ഇപ്പോൾ പുതിയ വീടുവെച്ചപ്പോൾ തൈക്കൽ ഇടവക പരിധിയിലുമാണ് താമസം.

ഞാൻ ചേർത്തല സെന്റ്. മൈക്കിൾസിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ യുക്തിവാദി സംഘത്തിൽ ചേരുന്നതിന് മുൻപ് രൂപതയുടെ ജൂബിലി ആഘോഷത്തിൻറെ ഭാഗമായി ഇറക്കിയ സോവനീറിന് വേണ്ടി രൂപതയുടെ ചരിത്രം എഴുതാൻ ചുമതലപ്പെടുത്തിയവർ ഞാനും സജിതയും ആയിരുന്നു. ആലപ്പുഴ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും അങ്ങനെ ഞങ്ങൾ പോയിരുന്നു. എല്ലാ ഇടവകകളുടെയും കേട്ടറിവും അറിയാവുന്ന ചരിത്രവും രേഖകളുമൊക്കെ രൂപതാ നിർദ്ദേശപ്രകാരം ഇടവക വികാരിമാർ തന്നെ കളക്റ്റ് ചെയ്തു നൽകുകയും ചെയ്തിരുന്നു. അർത്തുങ്കൽ പള്ളിയുടേത് ഒഴിച്ച്. അതിൻറെ ചരിത്രം രൂപതയല്ല ആര് പറഞ്ഞാലും തരാൻ പറ്റില്ലെന്നാണ് അന്നത്തെ വികാരി ഞങ്ങളോട് പറഞ്ഞത്.അതിന് പലകാരണങ്ങളും ഉണ്ട്.(അതാണല്ലോ മുൻപ് ടിജി മോഹൻദാസ് വിവാദമാക്കാൻ ശ്രമിച്ചത്? അദ്ദേഹം പറഞ്ഞകാര്യങ്ങളിൽ ചിലസത്യങ്ങൾ ഇല്ലാതില്ല.) പിന്നീട് അർത്തുങ്കൽ പള്ളിയുടേത് ബിഷപ്പ് നേരിട്ട് വാങ്ങിക്കോളുമെന്ന് പറഞ്ഞു ഞങ്ങളെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ആ സമയത്ത് കുറേനാളത്തേയ്ക്ക് നല്ല മൃഷ്ടാന്ന ഭക്ഷണവും യാത്രാച്ചിലവും കിട്ടിയിരുന്നു.

അർത്തുങ്കൽ പള്ളിയിൽ പോകുന്നതിന് തൊട്ടുമുമ്പാണു രണ്ടുദിവസം ഞങ്ങൾ തൈക്കൽ ഇടവകയിൽ പോയത്. അന്ന് ജോസഫ് അച്ചനായിരുന്നു അവിടുത്തെ വികാരി. അദ്ദേഹം അപ്പോൾ തന്നെ അത്യാവശ്യം വിശ്വാസികളെ ആകർഷിക്കുന്ന നല്ലൊരു പ്രാർത്ഥനക്കാരനായിരുന്നു. പ്രധാനമായും മൽസ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും വേണ്ടിയുള്ള പ്രാർത്ഥനകളിൽ ആയിരുന്നു എക്സ്പെർട്ട്.അച്ചൻപ്രാർത്ഥിച്ചു മീൻകിട്ടുന്നതിൽ ഒരോഹരി ഉടമ്പടിപ്രകാരം പാവം വിശ്വാസികൾ കൃത്യമായി ജോസഫ് അച്ചനും കൊടുത്തുപോന്നിരുന്നു. ഇപ്പോഴും പത്രചികിത്സയ്‌ക്കൊപ്പം മീൻ കിട്ടാനുള്ള പ്രാർത്ഥനയും തുടരുന്നുണ്ട്. ഉടമ്പടിപ്രകാരംബോട്ട് ഉടമകൾ സ്വർണ്ണ ചെമ്മീനും സ്വർണ്ണ മത്സ്യവും സ്വർണ്ണ ബോട്ടും വലയും വഞ്ചിയുമൊക്കെ സാമ്പത്തീക സ്ഥിതിക്ക് അനുസരിച്ച് തിരിച്ചും കൊടുത്തുവരുന്നുണ്ട്.കുറ്റം പറയരുതല്ലോ ആദ്യകാലങ്ങളിൽ അദ്ദേഹം തനിക്ക് കിട്ടുന്നതിൽ ഒരു ഓഹരി ഇടവകയിലെ പാവപ്പെട്ടവരുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമൊക്കെ സഹായിക്കുകയും ചെയ്തിരുന്നു.പിന്നീട് അച്ചന് കുറെ ഫാൻസ്‌ ഉണ്ടാകുകയും. അച്ചൻ അവരുടെ നിയന്ത്രണത്തിൽ ആകുകയും ആയിരുന്നു. ഇപ്പോഴും അങ്ങനെയാണെന്നാണ് അറിവ്.ഫാൻസ്‌ കാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതും വെട്ടുക്കിളികളെപ്പോലെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ നടക്കുന്നത്.

അന്ന് ഞങ്ങൾ തൈക്കൽ ഇടവകയിൽ ചെല്ലുമ്പോൾ പ്രാർത്ഥനക്കാരെ കൊണ്ടുള്ള ശല്യംകാരണം ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ലെന്നും ഒരുദിവസം സഹികെട്ട് കിച്ചണിൽ നിന്നിരുന്ന ചേടത്തിയെ കൊണ്ട് പ്രാർത്ഥിപ്പിച്ചകാര്യവും അച്ചൻ പറയേണ്ട താമസം ചേടത്തി പ്രാർത്ഥന തുടങ്ങിയെന്നും പലരും ചേടത്തി പ്രാർത്ഥിച്ചു മീൻകിട്ടാൻ തുടങ്ങിയെന്നുംപറഞ്ഞു വരാൻ തുടങ്ങിയപ്പോൾ സംഗതി പന്തികേടാണെന്നു മനസിലാക്കി താൻ ചേടത്തിയുടെ പ്രാർത്ഥന നിർത്തിച്ചെന്നും ഇത്രയൊക്കെയേ ഉള്ളൂ കാര്യം എന്ന് തമാശരൂപേണ പറയുകയും ചെയ്തിരുന്നു.കൂടാതെ അദ്ദേഹം ഞങ്ങൾ ചെന്ന കാര്യങ്ങളിലെല്ലാം ഞങ്ങളോട് സഹകരിക്കുകയും മറ്റുള്ളവരെക്കാൾ നല്ലരീതിയിൽ തന്നെ ഞങ്ങൾക്ക് ആവശ്യമായ കാര്യങ്ങളെല്ലാം പറഞ്ഞുതരികയും ചെയ്തിരുന്നു.

അതിന് ശേഷം ഞങ്ങൾ അർത്തുങ്കൽ പള്ളിയിൽ ചെന്നപ്പോൾ അന്നത്തെ പോൾ അറയ്ക്കൽ അച്ചൻ ഞങ്ങളോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.അദ്ദേഹം സ്വതവേ കമ്യൂണിസ്റ്റ് അച്ചനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്‌ . സമരങ്ങൾക്കും പോകുമായിരുന്നു.അതുകൊണ്ട് രൂപതയ്ക്കും അച്ചനോട് താത്പര്യക്കുറവ് ഉണ്ടായിരുന്നു. അതും അദ്ദേഹത്തിൻറെ നിസഹകരണത്തിന് ഒരുകാരണമായിരുന്നു. ‘അർത്തുങ്കൽ ഒരു അച്ചന് താടിവന്നപ്പോൾ വെളുത്തിരുന്നു അതാണ് വെളുത്തച്ചൻ അങ്ങനെ എഴുതിയാൽ മതി അത്രെയും ചരിത്രമൊക്കെയേ ഇവിടെയുള്ളൂ…’ എന്നൊക്കെപറഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു.

അപ്പോൾ ഞങ്ങൾ തൈക്കൽ പള്ളിയിൽ ചെന്നപ്പോൾ ജോസഫ് അച്ചൻ ഞങ്ങൾക്ക് എല്ലാം പറഞ്ഞുതന്നല്ലോ അച്ചന് മാത്രം എന്താണിത്ര ദേഷ്യം എന്ന് ചോദിച്ചപ്പോൾ “ആ ജോസഫ് അച്ചൻ കണ്ണടച്ചാൽ അങ്ങനെ പലതും കാണും. ഞാൻ കണ്ണടച്ചാൽ ഇരുട്ടാണ് ” എന്നൊക്കെ പറഞ്ഞു. പിന്നീട് ജോസഫ് അച്ഛനെന്തൊക്കെ പറഞ്ഞുതന്നു എന്ന് ചോദിച്ചപ്പോൾ സജിത തോമാശ്ലീഹാ വന്നതുമുതൽ തൈക്കൽ ഇടവക ഉണ്ടായതുവരെയുള്ള ചരിത്രമൊക്കെ പറഞ്ഞുതന്നു എന്ന് പറഞ്ഞു. അപ്പോൾ വീണ്ടും ദേഷ്യപ്പെട്ടു തോമാ ശ്ലീഹ വന്നെന്നാ? ഈ പൊട്ടക്കഥയൊക്കെ വെച്ചാണോ നീയൊക്കെ ചരിത്രമെഴുതാൻ പോകുന്നത്? കൊച്ചുങ്ങളെ അതൊക്കെ കള്ളക്കഥകളാണ് യേശു പോലും ചരിത്ര പുരുഷനല്ല, പിന്നല്ലേ തോമാശ്ലീഹാ? അങ്ങനെ ഒരാൾ ജീവിച്ചിരുന്നെന്നോ ഇന്ത്യയിൽ വന്നെന്നോ ഒന്നും യാതൊരു തെളിവുമില്ല. അപ്പോഴാണ് നിങ്ങൾ ചേർത്തലയിൽ കൊണ്ടുവരാൻ പോകുന്നത്. അതിനിടയ്ക്ക് അവിടെ ഒരുമുറിയിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന രണ്ട് മൂന്ന് പഴയ മാതാവിൻറെ രൂപങ്ങൾ ചൂണ്ടിക്കാണിച്ച് പരിഹാസ രൂപേണ കണ്ടോ എത്രപേർക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ ചൊരിഞ്ഞ മാതാവാണെന്ന് അറിയാമോ? ഇപ്പോൾ കിടക്കണ കിടപ്പുകൊണ്ടോ? എന്നൊക്കെ പറഞ്ഞപ്പോൾ അന്ന് സത്യത്തിൽ അന്നത്തെ ബോധനിലവാരത്തിൽ പോൾ അറയ്ക്കൽ അച്ചനോട്‌ ദേഷ്യവും ഇതെന്തൊരച്ചൻ എന്നുമാണ് തോന്നിയത്‌. എന്തായാലും സോവനീർ രൂപത പ്രസിദ്ധീകരിച്ചു.

പിന്നീട് സെൻറ് മൈക്കിൾസിൽവെച്ചുതന്നെ ചെകുത്താൻ ഫ്രാൻസിസ് സാറിൻറെ രൂപത്തിൽ ദൈവ പൈതലായിരുന്ന എന്നെ യുക്തിവാദിയാക്കിയ ശേഷം രൂപതയുടെ കീഴിലുള്ള എല്ലാഇടവകകളെയും കുറിച്ചുള്ള കുറേരേഖകളും കള്ളക്കഥകളും എനിക്കറിയാമെന്നതിനാൽ അത് യുക്തിവാദികൾക്ക് കൊടുക്കാതിരിക്കാനും എന്നെ ദൈവത്തിങ്കലേക്ക് തിരികെ കൊണ്ടുപോകാനും രൂപത എനിക്ക് അർത്തുങ്കൽ സ്‌കൂളിൽ ജോലി വരെ ഓഫർ ചെയ്തതാണ്. ചെകുത്താൻ ബാധിച്ച എനിക്ക് യുക്തിയേക്കാൾ വലുതാണ് എയ്‌ഡഡ്‌ സ്‌കൂളിലെ ജോലി എന്ന് ചിന്തിക്കാനുള്ള ബൊധമില്ലായിരുന്നു.

കൂടാതെ ഫ്രാൻസിസ് സാർ സെൻറ് മൈക്കിൾസിൽ നിന്ന് ലീവ് എടുത്ത് നൈജീരിയയിൽ പോയി ജോലിചെയ്ത് സാറിൻറെ ജ്യേഷ്ഠൻ ഫെലിക്സ് അങ്കിളിന് ഒരു ഫിഷിങ് ബോട്ടു വാങ്ങി കൊടുത്തു.. പുള്ളിക്കാരൻ കിട്ടിയകാശെല്ലാം മീൻകിട്ടാൻ പ്രാർത്ഥിച്ച് ഉടമ്പടി പ്രകാരം ജോസഫ് അച്ചന് കൊടുത്തു. സാറിന് കറിക്ക് മീന് കൊടുത്തില്ലെങ്കിലും അച്ചനു കൊണ്ടുപോയി കൊടുത്തു അവസാനം കടംകേറി ബോട്ട് വിറ്റു. ഫെലിക്സ് അങ്കിൾ മരിച്ചപ്പോൾ ഡെഡ് ബോഡി കാണാൻ വന്ന ജോസഫ് അച്ചനെ ഫ്രാൻസിസ് സാർ മരണവീട്ടിൽ ആളുകൾ കൂടിനിൽക്കെ തെറിപറഞ്ഞ്‌ ഓടിച്ചതിനും ഈയുള്ളവൾ ദൃക്‌സാക്ഷിയാണ്

ഇത്രയും പറഞ്ഞത് ജോസഫ് അച്ചനെ കൃപാസനം ഫാൻസായിട്ട് എന്നെ പരിചയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട എന്ന് സൂചിപ്പിക്കാനാണ്. ആത്മീയതയും ഭക്തിയും പോലും സത്യത്തിന്റെയും യുക്തിയുടെയും കനലിൽ ഊതിക്കാച്ചിയെടുത്തവരുടെ പാരമ്പര്യമുള്ള നാട്ടിൽ വിളക്കും പടക്കവും കൊണ്ട് തമിഴന്റേയും തെലുങ്കന്റെയും കീശലക്ഷ്യമാക്കി ഒരു സർക്കാർ തന്നെ മകരജ്യോതിതട്ടിപ്പുനടത്തുന്ന പുനരുത്ഥാനകേരളത്തിൽ ജോസഫ് അച്ഛൻറെ പത്ര ചികിത്സയും തമിഴിലേക്കും കന്നഡയിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കുമൊക്കെ വ്യാപിക്കട്ടെയെന്നും ഉടമ്പടി തൈല ഗർഭങ്ങൾ കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ച് അവരെല്ലാം ക്രിസ്ത്യൻ കുഞ്ഞുങ്ങളെ പ്രസവിച്ച് ഇന്ത്യഒരു ക്രിസ്ത്യൻ രാജ്യവും ദൈവാരാജ്യവുമായി തീരട്ടെയെന്ന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നമുക്ക് പ്രത്യാശിക്കാം ..! ആമേൻ!