ജോസഫ് അച്ചനെയും ഫ്രാങ്കോ പിതാവിനെയുമൊക്കെ മുൻകൂട്ടി പ്രവചിച്ച പൊൻകുന്നം വർക്കിയുടെ ഓർമ്മദിനം

ജൂലൈ 2: സാഹിത്യരചനയിലൂടെ ധീരമായ നിലപാടു സ്വീകരിച്ച,പൊൻകുന്നം വർക്കി (1908 – 2004).യുടെ ഓർമ്മദിനം

ഭരണകൂട താത്പര്യങ്ങൾ സംരക്ഷിക്കുന്ന പള്ളി എന്ന അധികാരസ്ഥാപനവും, അതിന്റെ പ്രതിപുരുഷന്മാരായ പുരോഹിതവർഗത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ, ജനകീയതയുടെ സ്വരം ഉയർത്തിപ്പിടിച്ച കഥാകാരനായിരുന്നു പൊൻകുന്നം വർക്കി. പൊൻകുന്നം വർക്കിയുടെ കഥാലോകം വ്യക്തമായും വേർതിരിച്ചെടുക്കാവുന്ന മൂന്ന് പ്രമേയ ധാരകളുണ്ട്.

ഒന്ന്, രാഷ്ട്രീയ പ്രവർത്തനവും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അവതരിപ്പിക്കുന്ന ‘കരിനിഴലുകൾ, ക്വിറ്റ് ഇന്ത്യ, നേതാജി, എന്റെ സമരപ്രതിജ്ഞ ‘ തുടങ്ങിയ കഥകൾ,

രണ്ട്, പട്ടിണിക്കാരായ കർഷകരുടെയും തൊഴിലാളികളുടെയും വേദന നിറഞ്ഞ ‘ശബ്ദിക്കുന്ന കലപ്പ, ഇടിവണ്ടി, ആ വാഴവെട്ട്, തൊഴിലാളി, റേഷൻ’ തുടങ്ങിയ ജീവിതസമരങ്ങളുടെ കഥകൾ,

മൂന്ന്, ക്രൈസ്തവ പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുകയും പരിഹാസത്തിന്റെ നിശിതമായ വാൾകൊണ്ട് അംഗവസ്ത്രങ്ങൾ കീറി കളയുകയും ചെയ്യുന്ന ‘പാളങ്കോടൻ, അന്തോണീ നീയുമച്ചനായോടാ, കുറ്റസമ്മതം’ തുടങ്ങിയ കഥകൾ.

കേരളീയ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ പള്ളി ചെലുത്തിയിരുന്ന ആശാസ്യമല്ലാത്ത സ്വാധീനം എത്ര രൂക്ഷമായിരുന്നുവെന്ന് ഈ കഥകൾ വെളിപ്പെടുത്തുന്നു.

തിരുവതാംകൂറിൽ സ്വാതന്ത്ര്യസമരവും കമ്യൂണിസവും ശക്തമായ, 1940കളിൽ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനെതിരെ എഴുതിയ ‘മന്ത്രിക്കെട്ട്, മോഡൽ’ എന്നീ കഥകൾ 1946ൽ അദ്ദേഹത്തെ ജയിലിലെത്തിച്ചു.

തന്റെ സാഹിത്യ ഭാവനയിൽ പൊൻകുന്നം വർക്കി അഭിമുഖീകരിച്ച ധാർമിക പ്രശ്നങ്ങൾ ആധുനിക കേരളീയ സമൂഹത്തിന്റെ രൂപീകരണ ചരിത്രത്തിന്റെ ഒഴിവാക്കാനാവാത്ത അംശങ്ങളാണ്.നമ്മുടെ നവോത്ഥാന മൂല്യങ്ങൾ സ്വാംശീകരിച്ച പുരോഗമന സാഹിത്യത്തിൻറെ വക്താവും പ്രയോക്താവും പ്രവാചകനായിരുന്നു പൊൻ കുന്നം വർക്കി .

ജോസഫ് അച്ഛനെയും ഫ്രാങ്കോ പിതാവിനെയുമൊക്കെ അദ്ദേഹത്തിന് അന്നേ പ്രവചിക്കാൻ കഴിഞ്ഞത് ചരിത്രത്തിനൊപ്പം നടക്കാതെ മുൻപേ നടന്നതുകൊണ്ടുകൂടിയാണ്.അദ്ദേഹം ഏതാണ്ട് പത്തെഴുപത് വർഷം മുമ്പ് എഴുതിയ ” അന്തോനീ നീയുമച്ചനായോടാ” എന്ന കഥയിലെ ടീലർ അച്ഛന്മാർ ഇന്നും നമുക്കിടയിൽ പുനരവതരിക്കുന്നത് അതുകൊണ്ടാണ്.

വൃദ്ധയായ അമ്മയുടെ അറിവോടെ മകളുടെ ജാരനായി സ്ഥിരമായി വീട്ടിൽ വരുന്ന പള്ളിലച്ചനായ ഫാദർ ടീലർ – ഇന്നും ഇമ്മാതിരി ഒരു പാതിരിമാരിവിടെ ഉണ്ട്. മകളേയും അമ്മയേയും ഒരു പോലെ സുഖിപ്പിക്കുന്ന ടീലറച്ചന്മാരുടെ പ്രതിരൂപങ്ങളാണ് സാന്മാർഗിക ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള മെത്രാൻമാരും പാതിരിമാരും.

കഥ യുടെ അവസാന ഭാഗമിങ്ങനെയാണ്.-” അച്ചന് കൊടുക്കാൻ അല്പം ചൂട് പാലുമായിട്ടാണ് വൃദ്ധ കാത്തിരിക്കുന്നത്. ആ പാലിന്റ കാര്യം കൊണ്ടാണ് ഉറക്കമൊഴിഞ്ഞ് അവർ ഇരിക്കുന്നത്. അവരുടെ പശു കടിഞ്ഞൂൽ പ്രസവിച്ചു. പതിനാറ് രാത്രി കഴിയാതെ പാൽ ചൂടാക്കാൻ പാടില്ലെന്ന് അവർ വിശ്വസിക്കുന്നു. അന്നാണ് ആ പാൽ അവർ ചൂടാക്കിയത്. അത് ആദ്യം അച്ചന് കൊടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ചൂട് പോകുന്നതിന് മുമ്പ് അച്ചൻ ഒന്നിറങ്ങി വന്നിരുന്നെങ്കിൽ! കാത്ത് കാത്തിരുന്ന് അവർ ഉറക്കം തൂങ്ങിത്തുടങ്ങി.

പെട്ടെന്ന് ആ കതക് തുറന്നു. പാൽപ്പാത്രവുമായി വൃദ്ധ എഴുന്നേറ്റു. അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടിയും. അമ്മ അങ്ങനെ കാത്തിരിക്കുന്ന കാര്യം അവളും അറിഞ്ഞില്ല. അച്ചനും അന്നക്കുട്ടിക്കും പരിഭ്രമമായി. വൃദ്ധയ്ക്ക് സംശയം തോന്നി. കയ്യിലിരിക്കുന്ന തകരവിളക്ക് അവർ അച്ചന്റ മുഖത്തേക്കടുപ്പിച്ചു. അത്ഭുതം കൊണ്ട് വൃദ്ധ മിഴിച്ചു നിന്നു പോയി, ” അന്തോനീ, നീയുമച്ചനായോടാ” അവർ ചോദിച്ചു. അന്തോനി കുശിനിക്കാരനാണെങ്കിലും ളോഹയിട്ട് നില്കുന്നതു കൊണ്ട് ഒന്നും പറഞ്ഞു കൂടാ”.

ഫ്രാങ്കോമാരെക്കുറിച്ചും റോബിൻമാരെക്കുറിച്ചും വിപി ജോസഫ്മാരെക്കുറിച്ചും പത്തെഴുപത് വർഷം മുമ്പ് മുന്നറിയിപ്പ് തന്ന വർക്കിയെ അധിക്ഷേപിച്ച കത്തോലിക്കാസഭയിലെ വൈദിക സമൂഹത്തിന്റെയും അൽമായരെയും കൊള്ളരുതായ്മകൾക്ക് നേരെ വിരൽ ചൂണ്ടാൻ ഇനി ഒരു പൊൻകുന്നം വർക്കി ഉണ്ടാകുമോ?

1997ൽ അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരവും 2004ൽ ലളിതാംബിക അന്തർജ്ജനം അവാർഡും ലഭിച്ചു.