നിയമവകുപ്പിലെ നിയമനം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്; പരിശോധനക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു

നിയമവകുപ്പിലെ ഒഴിവുകള്‍ പി.എസ്.സിക്ക് വിടാതെ നിയമന അട്ടമറി നടത്തിയതായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി . 2016 ജൂണ്‍ മുതലുള്ള 42 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

നേരിട്ടുള്ള നിയമനം, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്ന് 5.3.2 എന്ന അനുപാതത്തിലാണ് സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലെ ലീഗല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നത്. എന്നാല്‍ 2016 ജൂണ്‍ മുതലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ നിയമ വകുപ്പ് പൂഴ്ത്തിയെന്നാണ് ആരോപണം. പി.എസ്.സി റാങ്ക്ഹോള്‍ഡേഴ്സിന്റെ പരാതി പരിഗണിച്ച് പരിശോധനക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു.

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് ജോയിന്റ് സെക്രട്ടറി നടത്തിയ പരിശോധനയുമായി നിയമവകുപ്പ് സഹകരിച്ചില്ല. വിരമിക്കല്‍, സ്ഥാനക്കയറ്റം ഉള്‍പ്പെടെ വിവരങ്ങളും നല്‍കിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം സമാഹരിച്ച കണക്ക് പ്രകാരം കുറ‍ഞ്ഞത് 42 ഒഴിവുകളെങ്കിലും പൂഴ്ത്തിയിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ ഒഴിവുകളുടെ എണ്ണം നൂറിന് മുകളില്‍ വരുമെന്നാണ് വിവരം.
മുഖ്യമന്ത്രി ഉത്തരവിട്ട അന്വേഷണവുമായി സഹകരിക്കാതിരിക്കുക, ഒഴിവുകള്‍ കണ്ടെത്തിയിട്ടും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക. നിയമവകുപ്പില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണത്തിന്റെ തനിപകര്‍പ്പാണ്.

ഒഴിവുകള്‍ പി.എസ്.സിക്ക് വിടുക, കൃത്യമായ ഒഴിവുകള്‍ കണക്കാക്കാന്‍ വിവരങ്ങള്‍ നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയിലെത്താതിരിക്കാന്‍ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റാങ്ക് ഹോള്‍ഡേഴ്സിന്റെ ആരോപണം. സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ ഈ ഒഴിവുകള്‍ നികത്താന്‍ ശ്രമം നടന്നെങ്കിലും എന്‍.ജി.ഒ യൂണിയന്റെ ഇടപെടലിനെ തുടര്‍ന്ന് തടസപ്പെട്ടു.