പ്രഭാസ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍: രണ്ട് ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് ഓസ്ട്രിയയില്‍

പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ഓസ്ട്രിയയിലെ വിവിധയിടങ്ങളിലായിട്ടാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം ഇന്‍സ്ബ്രക്കില്‍ എത്തിയിരുന്നു.രണ്ട് ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. തലസ്ഥാന നഗരമായ ഇന്‍സ്ബ്രക്കുള്‍പ്പെടെ ടിറോളിലെ വിവിധ പ്രദേശങ്ങളാണ് സാഹോയുടെ അവസാനഘട്ട ഷൂട്ടിംഗ് ലോക്കേഷന്‍ .

ഓസ്ട്രിയയുടെ പ്രകൃതി മനോഹാരിത സാഹോയുടെ ചിത്രീകരണത്തിനായി കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. ടോപ്പ് ഓഫ് ടിറോളിലും സാഹോയിലെ പ്രണയ ഗാനം ചിത്രീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗാനരംഗത്തിലും പ്രകൃതി മനോഹാരിത പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും. ചില രംഗങ്ങള്‍ സീഫെല്‍ഡിലും ചിത്രീകരിക്കുന്നുണ്ട്. സാല്‍സ്‌ബെര്‍ഗ് എയര്‍പോര്‍ട്ടിലും ഗാനരംഗത്തിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു. മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൊന്നാണ് ടിറോളിലെ ഷൂട്ടിംഗ് എന്ന് പ്രഭാസ് അഭിപ്രായപ്പെട്ടു.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15 ന് മൂന്നുഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.