അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിൽ പോലീസ് അനാസ്ഥ: മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

കോട്ടയം വെമ്പള്ളിയില്‍ വാഹനപാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. കോട്ടയം വെമ്പള്ളിയില്‍ കുറവിലങ്ങാട് സ്വദേശിയായ റോണി ജോയ് റോഡില്‍ ചോരവാര്‍ന്ന് മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഇടെപടല്‍. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ച ബൈക്ക് കോട്ടയം വെമ്പള്ളിയില്‍ നാല് ദിവസം മുമ്പാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റ് റോഡിയില്‍ വീണ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. ഇവര്‍ റോഡില്‍ കിടക്കവെ ഇതുവഴി വന്ന തൃശൂര്‍ എ ആര്‍ ക്യാമ്പിലെ പോലീസ് വാഹനം ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി. റോഡില്‍ ഏറെ നേരം കിടന്നതിനാല്‍ രക്തം വാര്‍ന്നാണ് റോണി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം.