കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളിയില്‍ നിന്ന് ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. പാന്‍പരാഗ്, ശംഭു, തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 100 ഓളം ചാക്കുകളാണ് പെലീസ് കണ്ടെടുത്തത്. കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശിവകുമാര്‍, പോലീസുകാരായ രാജീവ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്. ചവറ സ്വദേശികളാണ് പിടിയിലായത്. ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഒരു ഓട്ടോറിക്ഷയും കാറും ഒരു ടെന്‌പോട്രാവലറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലെ മുറികളിലും ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നു.

പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെയാണ് സംഘം ഇടക്കുളങ്ങരയിലെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടത്തിവന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.