അർത്തുങ്കൽ മഠത്തിലെ വിവാഹിതയായ കന്യാസ്ത്രീയെക്കുറിച്ച് പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം

ലിബി.സിഎസ്.

യേശു കച്ചവടത്തോടൊപ്പം ദോശമാവ് കച്ചവടവും പിണ്ഡതൈല കച്ചവടവുമായിറങ്ങിയ ജോസഫ് അച്ചന്റെ കൃപാസന ചവിട്ടുനാടക കലാപരിപാടികളാൽ നാണം കെട്ട് ആലപ്പുഴ രൂപതയിലേയും അർത്തുങ്കൽ ഇടവകയിലെയും ആത്മാഭിമാനമുള്ള കുഞ്ഞാടുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലിരിക്കുമ്പോഴാണ്. 33 ആം വയസിൽ എൻലൈറ്റൻറ് (enlightenment)ആയിത്തീർന്ന ഒരു കന്യാസ്ത്രീ അർത്തുങ്കൽ സെൻറ് സെബാസ്റ്റ്യൻ വിസിറ്റേഷൻ കോൺവെന്റിൽ നിന്നും തൻ ഇഷ്ടപ്പെടുന്ന പുരുഷനൊപ്പം ഇറങ്ങിപ്പോയത്. കർത്താവ് വീണ്ടുംവരുമ്പോൾ മണവാട്ടിയാകാൻ തയ്യാറെടുത്തു നിൽക്കുന്ന ഈ മനോരോഗികളിൽ ഒരാൾക്കെങ്കിലും ബോധോദയം ഉണ്ടായതിൽ സന്തോഷിക്കുന്നതിന് പകരം ദുരഭിമാനികളായ സഭാ അധികൃതരും ഇടവകക്കാരും എത്രമൂടിവെക്കാൻ ശ്രമിച്ചിട്ടും അർത്തുങ്കൽ പോലീസ് സ്റ്റേഷനിലെ ഒരു സംഘിപോലീസുകാരൻ ഈ സന്തോഷത്തിൻറെ സദ് വാർത്ത പൊതുസമൂഹത്തെ അറിയിക്കുകയായിരുന്നു.

ഫേയ്സ്ബുക്കിനും വാട്സ് ആപ്പിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുമൊക്കെ ഇൻഡ്യയിലെ കോൺവെന്റുകളിൽ നേരത്തെതന്നെ വിലക്കുണ്ടെങ്കിലും പലരും രഹസ്യമായും വേണ്ടപ്പെട്ടവരെ മാത്രം ഫ്രണ്ട്സ് ആക്കിയുംവ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയും സോഷ്യൽമീഡിയയും ഫോണും എല്ലാം ഉപയോഗിച്ചുവരുന്നുണ്ട്. ഇങ്ങനെ പരിചയപ്പെട്ട ഒരു യുവാവിനെ കന്യാസ്ത്രീ സ്നേഹിക്കുകയും വിവാഹം ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ മാസം 30നാണ് അര്‍ത്തുങ്കല്‍ മഠത്തിലെ 33 വയസുകാരിയായ കന്യാസ്ത്രീയെ കാണാതായത്. അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പുറംലോകം അറിയാതെ പോലീസും മാധ്യമങ്ങളും സഭയെ സഹായിച്ചു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കന്യാസ്ത്രീ വിവാഹിതയായ വിവരം അറിഞ്ഞത്.സന്യസ്ത ജീവിതത്തിൻറെ പത്താംവാർഷികവും നിത്യവൃത വാഗ്ദാനവും നടത്തിയ ശേഷമാണ് കന്യാസ്ത്രീ വൃതം ലംഘിച്ച് വിവാഹിതയായത് എന്നതാണ് ദുരഭിമാനികളായ ‘കാ…തൊലിക്കാ’ ആചാരസംരക്ഷകരുടെ തലയ്ക്കടി കിട്ടിയതുപോലെ ആയത്. തൃശൂര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായ ഇവര്‍ സഭക്കാരെയും സദാചാര വാദികളെയും പേടിച്ച് നാടുവിടുകയായിരുന്നു. തൃശൂരിലെ ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതയായശേഷം അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി.

പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം വിട്ടയച്ചു. ഫെയ്സ് ബുക്ക് ചാറ്റിംഗും മറ്റും കന്യാസ്ത്രീ മഠങ്ങളിലെ കുശുമ്പിന്റെയും കുന്നായ്മകളുടെയും ഭാഗമായി മഠം അധികൃതരുടെ ചെവിയിൽ എത്തിയിരുന്നു. വിവാഹിതയായ കന്യാസ്ത്രീയുടെയും എന്റെയും ഒരു സുഹൃത്തായ അതേ കോൺവെന്റിലെ മറ്റൊരു കന്യാസ്ത്രീ ‘സിസ്റ്ററിന്റെ സന്യസ്ത ജീവിതം തൃപ്തികരമാണോ’ എന്ന് വെറുതെ ഇതേകുറിച്ച് ചോദിക്കുന്നതിനിടയിൽ പ്രതികരിച്ചത് ഇങ്ങനെ “പത്താംക്‌ളാസ് കഴിഞ്ഞപ്പോൾ 16 വയസിൽ ചില സിസ്റ്റർമാരുടെ ബ്രയിൻ വാഷിങ്ങിൽ പെട്ട് കോൺവെന്റിൽ ചേർന്നതാണ് അന്ന് ജീവിതത്തെക്കുറിച്ചോക്കെ എന്ത് കാഴ്ച്ചപ്പാടാണ് ഉള്ളത് ലിബി ?” എന്ന്.

അന്നൊക്കെ സഭയുടെ ചിലവിൽ വിദ്യാഭ്യാസമെങ്കിലും ചെയ്യാമെന്ന് കരുതിയെങ്കിലും ഇവർ പ്രീഡിഗ്രിക്ക് ശേഷം പഠിപ്പിക്കാൻ തയ്യാറായില്ല. ഒരു കോൺവെന്റിൽ നിന്നും ഇപ്പോൾ കന്യാസ്ത്രീകളാകാൻ വന്ന കുട്ടികളെ കോളേജിലൊന്നും വിടില്ല. അവർചാടിപ്പോകുമോ എന്നപേടിയാണ്.എന്തെങ്കിലും ലൊട്ടുലൊടുക്ക് കോഴ്‌സുകൾക്കല്ലാതെ ഡിഗ്രിക്ക് ചേർക്കുകയോ കോളേജിൽവിടുകയോ ചെയ്യില്ല.എല്ലാ അർത്ഥത്തിലും ജീവിതം ഹോമിക്കപ്പെട്ട അവസ്ഥയിലാണെന്നും അവളെങ്കിലും രക്ഷപ്പെട്ടതിൽ സന്തോഷമേ ഉള്ളൂ എന്നും ആ സിസിറ്റർ പറഞ്ഞു .

സിസ്റ്റർക്ക് പ്രായപൂർത്തിയാകാത്ത ഒരുസമയത്ത് കർത്താവിൻറെ മണവാട്ടിയാകാമെന്ന പൊട്ടക്കഥയും വിശ്വസിച്ച് ഏതോ കന്യാ സ്ത്രീകൾ പറഞ്ഞത് കേട്ട് എടുത്ത ഒരു തീരുമാനത്തിൻറെ പേരിൽ ഇങ്ങനെ ജീവിതം ഹോമിക്കേണ്ട എന്ന തിരിച്ചറിവുണ്ടെങ്കിൽ ഉടുപ്പൊക്കെ ഊരി കട്ട് ചെയ്ത് വല്ല കുട്ടികൾക്കും ട്രൗസർ അടിക്കാൻ കൊടുത്തിട്ട് ഇങ്ങു പോരൂ ഞാൻ ഏതെങ്കിലും മാര്യേജ് ബ്യുറോക്കാർക്ക് കാശുകൊടുത്തായാലും ഒരു ഗവണ്മെന്റ് എംപ്ലോയിയെ സെലക്റ്റ് ചെയ്തുതരാം. ആരെങ്കിലും എതിർക്കാൻ വന്നാൽ സംരക്ഷണവും ഒരുക്കിത്തരാം എന്നുപറഞ്ഞെങ്കിലും അവർ സന്നദ്ധയായില്ല.

ഞാൻ എന്തായാലും ഈ ജീവിതം ഇങ്ങനെ ഹോമിക്കാൻ തീരുമാനിച്ചു.അവൾക്കുള്ള ധൈര്യമൊന്നും എനിക്കില്ല. ഞാൻ ഒരുഭീരുവാണ്. മാത്രമല്ല ഇപ്പൊൾ കിട്ടിക്കൊണ്ടിരിക്കുന്ന കാപട്യമാണെങ്കിലും ഈ ബഹുമാനവും സാമൂഹ്യ അന്തസുമൊക്കെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.എൻറെ വീട്ടുകാരും സഭയും എന്നെ പിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നവർ കൂട്ടിച്ചെർത്തു.

അർത്തുങ്കൽ മഠത്തിലെ ഇപ്പോൾ വിവാഹിതയായ കന്യാസ്ത്രീയെക്കുറിച്ച് സഭയും ചില അൽമായരും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്ന ദുരാരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും. അവൾ ഒരു നല്ലപെൺകുട്ടിയായിരുന്നു എന്നും ഒരാളെ സ്നേഹിച്ചു എന്നത് ഒരു അപരാധമാണോ എന്നും, അവളുടെ ജീവിതം തീരുമാനിക്കേണ്ടത് അവൾ അല്ലേ മറ്റുള്ളവർ എന്തിനാണ് അവൾ അവളുടെ ജീവിതം സഭയ്ക്കുവേണ്ടി ഹോമിക്കാൻ തയ്യാറല്ലാത്തതിൽ ഇത്ര രോഷം കൊള്ളുന്നത് എന്നും സിസ്റ്റർ ചോദിക്കുന്നു.

എന്തായാലും ഇന്നുമുതൽ ലിബിയുമായി കോണ്ടാക്റ്റുള്ള സിസ്റ്റർമാർക്ക് വിലക്കേർപ്പെടുത്താനും വേറെവിടെക്കെങ്കിലും സ്ഥലം മാറ്റാനും സാധ്യതകാണുന്നുണ്ട്.ചേർത്തല മതിലകം കോൺവെന്റും ഹോസ്പിറ്റലും സ്‌കൂളും എല്ലാം വിസിറ്റേഷൻ കോൺഗ്രിഗേഷന്റേത് തന്നെയാണ്.