വനിതാ പോലീസുകാരി തൻറെ വജൈനയിൽ മുളകരച്ചു തേച്ചെന്ന് ഹരിത കേസിലെ പ്രതി ശാലിനിയുടെ വെളിപ്പെടുത്തല്‍

നെടുങ്കണ്ടം സ്റ്റേഷനിലെ വനിതാ പോലീസുകാരി ഗീതു തൻറെ വജൈനയിൽ മുളകരച്ചു തേച്ചെന്ന് പോലീസ്‌ കസ്‌റ്റഡിയില്‍ നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തി ഹരിത ഫിനാന്‍സ്‌ തട്ടിപ്പു കേസിലെ രണ്ടാം പ്രതി ശാലിനി ഹരിദാസ്‌. രാജ്‌കുമാറിനും മഞ്‌ജുവിനും തനിക്കും ക്രൂര മര്‍ദനമാണു നേരിടേണ്ടി വന്നതെന്നും ശാലിനി വെളിപ്പെടുത്തി.

“എസ്‌.ഐ: കെ.എ. സാബുവിന്റെ നിര്‍ദേശപ്രകാരമാണു എല്ലാവരെയും പോലീസുകാര്‍ മര്‍ദിച്ചത്‌. രാജ്‌കുമാറിനെ പോലീസുകാര്‍ മര്‍ദിക്കുന്നത്‌ നേരില്‍ കണ്ടു. ഹരിത ഫിനാന്‍സ്‌ തട്ടിപ്പിനു പിന്നില്‍ മലപ്പുറം സ്വദേശി നാസറും രാജുവുമാണ്‌. രാജുവിനെ ഒരുതവണ നേരില്‍ കണ്ടിട്ടുണ്ട്‌. കോടികളുടെ തട്ടിപ്പ്‌ നടന്നെന്ന പ്രചരണം തെറ്റാണ്‌. 15 ലക്ഷം രൂപയുടെ ഇടപാടു മാത്രമാണു നടന്നത്‌. ഇക്കാര്യങ്ങള്‍ പുറത്തുപറയുന്നതുകൊണ്ട്‌ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്നു ഭയമുണ്ടെന്ന് ശാലിനി പറഞ്ഞു.

കസ്‌റ്റഡിയില്‍വച്ച്‌ ചോദ്യംചെയ്യുന്നതിനിടെ വനിതാ പോലീസുകാരിയായ ഗീതു തന്റെ വജൈനയിലും മറ്റ് സ്വകാര്യ ഭാഗങ്ങളിലും പച്ചമുളക്‌ അരച്ചതു പുരട്ടി. പോലീസുകാര്‍ തന്നോടും മഞ്‌ജുവിനോടും വളരെ മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്‌തു. രാജ്‌കുമാറിനെ മര്‍ദിച്ചതിനു ശേഷമാണ്‌ എസ്‌.ഐ: സാബുവിന്റെ നിര്‍ദേശമനുസരിച്ച്‌ വനിതാ പോലീസുകാര്‍ എന്നെയും മഞ്‌ജുവിനെയും മര്‍ദിച്ചത്‌. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദനം.

രാജ്‌കുമാറിനെ വസ്‌ത്രങ്ങള്‍ അഴിപ്പിച്ചു മുട്ടുകുത്തി നിര്‍ത്തിയതിനുശേഷം ചൂരല്‍കൊണ്ട്‌ അടിച്ചു. കാല്‍ വെള്ളയില്‍ ലാത്തി കൊണ്ടും അടിച്ചു. പിന്നീട്‌ രാജ്‌കുമാറിനെ ഭിത്തിയില്‍ ചാരിനിര്‍ത്തി പോലീസുകാര്‍ കാലുകള്‍ ചവിട്ടി അകത്തി. കൈയില്‍ ഗ്ലൗസ്‌ ധരിച്ചെത്തിയ എസ്‌.ഐയാണ്‌ രാജ്‌കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ പച്ചമുളക്‌ അരച്ചു തേച്ചതെന്നും ശാലിനി പറഞ്ഞു.

ഹരിത ഫിനാന്‍സ്‌ തട്ടിപ്പില്‍ പങ്കില്ലെന്നും താന്‍ ജോലിക്കാരി മാത്രമായിരുന്നെന്നും ശാലിനി പറഞ്ഞു. തന്റെ പേരില്‍ ലൈസന്‍സ്‌ എടുക്കുന്നതിനുവേണ്ടിമാത്രമാണ്‌ എം.ഡിയാക്കിയത്‌. പണമിടപാടുകള്‍ നടത്തിയിരുന്നത്‌ രാജ്‌കുമാര്‍ ഒറ്റയ്‌ക്കാണ്‌. പിരിച്ചെടുക്കുന്ന പണം കുമളിയിലെത്തിച്ച്‌ രാജു വഴി മലപ്പുറത്തെ അഭിഭാഷകനായ നാസറിനു കൈമാറിയിരുന്നെന്നാണ്‌ രാജ്‌കുമാര്‍ പറഞ്ഞിരുന്നത്‌. പീരുമേട്‌ സ്വദേശിയായ ഷുക്കൂര്‍ എന്ന പോലീസുകാരനുമായും രാജ്‌കുമാറിന്‌ അടുത്ത ബന്ധമുണ്ടായിരുന്നു. മൂലമറ്റത്തും കാഞ്ഞാറിലും ഇടപാടുകളുണ്ടെന്നു രാജ്‌കുമാര്‍ പറഞ്ഞിരുന്നതായും ശാലിനി വെളിപ്പെടുത്തി.

തൂക്കുപാലത്ത്‌ ഓഫീസ്‌ തുറന്നതിനുശേഷം നിരവധി പോലീസുകാര്‍ക്ക്‌ കൈക്കൂലി കൊടുത്തിട്ടുണ്ട്‌. രാജ്‌കുമാറിനോട്‌ നെടുങ്കണ്ടം എസ്‌.ഐ: കെ.എ. സാബു അമ്പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. തുക ക്വാട്ടേഴ്‌സില്‍ എത്തിക്കണമെന്നാണ്‌ എസ്‌.ഐ. പറഞ്ഞിരുന്നത്‌. എന്നാല്‍, കസ്‌റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നല്‍കിയിരുന്നില്ല. രാജ്‌കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചെങ്കിലും പോലീസാണ്‌ മരണം സംഭവിക്കുന്ന തരത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്നും ശാലിനി ആരോപിച്ചു. ചൊവ്വാഴ്‌ച വീണ്ടും ഹാജരാകാനാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘം ശാലിനിയോടു നിര്‍ദേശിച്ചിരിക്കുന്നത്‌.