കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും ഗുലാം നബി ആസാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു

കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് -ജെ.ഡി.എസ് എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മന്ത്രി ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ചു മണിക്കൂറിലേറെ ഹോട്ടലിനു മുന്നില്‍ കാത്തുനിന്ന ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു മാറ്റുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

അതിനിടെ, കര്‍ണാടക രാജ്ഭവനു മുന്നില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഗുലാം നബി ആസാദ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാവിലെ ഹോട്ടലിലെത്തിയ ശിവകുമാറിനെ പോലീസ് തടഞ്ഞിരുന്നു. വിമത എം.എല്‍.എമാരുടെ പരാതിപ്രകാരമായിരുന്നു നടപടി. ശിവകുമാര്‍ ഹോട്ടലിനു മുന്നില്‍ ഇരിപ്പായതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പ്രതിഷേധവുമായി ബി.ജെ.പി, ജെ.ഡി.എസ് പ്രവര്‍ത്തകരും എത്തിയതോടെ ക്രമസമാധാനനില തകരാറിലാകുമെന്ന് കാണിച്ച് പോലീസ് 144പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസിനു വേണ്ടി അഭിഷേക് മനു സിംഗ്‌വി ഹാജരാകുമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു.