മാധ്യമങ്ങൾ ആഘോഷിച്ച ഒമ്പതുകാരനെ പീഡിപ്പിച്ച ദളിത് യുവതിയുടെ കഥ മെനഞ്ഞത് ജീവകാരുണ്യ തട്ടിപ്പുകാർ?

ക്യാൻസർ രോഗിയായ ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലയാറ്റൂർ സ്വദേശിനി പിടിയിലായ വാർത്ത കൊച്ചിയിലെ സകല മാധ്യമങ്ങളും ആഘോഷമാക്കിയ ഒന്നാണ്. മലയാറ്റൂർ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) എന്ന ദളിത് യുവതിയെയാണ് അന്ന് കാലടി പോലീസ് അറസ‌്റ്റ‌് ചെയ‌്തതും പോക്സോ ചുമത്തി റിമാൻഡ് ചെയ്തതും.കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് യുവതി ജയിലിലായത്.കുട്ടിയെക്കൊണ്ട് യുവതിയുടെ ശാരീര ഭാഗങ്ങളിൽ സ്പർശിപ്പിച്ചു എന്നാണ് എഫ് ഐ ആർ. കെട്ടിച്ചമച്ച ഒരുകേസാണെന്ന് ബോദ്ധ്യമായിട്ടും കുട്ടിയുടെ മാതാവ് പഠിപ്പിച്ചുവിട്ട രഹസ്യമൊഴിയിൽ ഇരയെന്നവകാശപ്പെടുന്ന കുട്ടി ഉറച്ചുനിന്നതിനാൽ കേസെടുക്കാൻ നിർബന്ധിതമാകുകയായിരുന്നു പോലീസ്. ആവശ്യത്തിന് എരുവും പുളിയും മസാലയുമൊക്കെ ചേർത്ത് മാധ്യമങ്ങൾ അത് ആഘോഷിക്കുകയും ചെയ്‌തു എന്നാണ് ഞങ്ങളുടെ ലേഖകൻ നടത്തിയ അന്വേഷണത്തിൽ ബോധ്യമായത്.

കേസിൽ പ്രതിയായ രാജി 65 ദിവസം കാക്കനാട് വനിതാജയിലിൽ കിടന്നു. കൂലിപ്പണിക്കാരനായ രാജിയുടെ ഭർത്താവ് തന്നെയാണ് രാജിയെ ജാമ്യത്തിൽ ഇറക്കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തികപ്രശ്നങ്ങളാണ് കേസിനുപിന്നിലെന്നും രാജിയുടെ ഭർത്താവ് റോയി അപ്പഴും ഇപ്പോഴും പറയുന്നു. ഇത് കെട്ടിച്ചമച്ച കേസാണെന്ന് കാണിച്ച് രാജി ജയിലിൽ കിടക്കുമ്പോൾ തന്നെ രാജിയുടെ ബന്ധുക്കളും അയൽവാസികളും മുഖ്യമന്ത്രിയ്ക്ക് പരാതിയും നൽകിയിരുന്നു.

സംഭവത്തെക്കുറിച്ച് രാജിയും ഭർത്താവും അയൽവാസികളും ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതിൽ വാസ്തവമുണ്ടെന്നാണ് ഞങ്ങളുടെ ലേഖകന് മനസിലായത്.ഇതിലെ വാദിയായ സ്ത്രീ ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്നയാളും പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന രോഗിയായ കുട്ടിയുടെ അസുഖ വിവരം കാണിച്ച് പലതവണ സോഷ്യൽമീഡിയ വഴി വൻപിരിവ് നടത്തുകയും അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സുപരിചിതയുമാണ്. അവരുടെ സുഹൃത്തായ രാജിയുടെ ബന്ധുകൂടിയായ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനും ഒന്നിച്ചാണ് ഈ യുവതി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. (ജീവകാരുണ്യ പിരിവ് നടത്തുന്നയുവതി പോക്സോ കേസിലെ ഇരയുടെ ബന്ധു ആയതിനാൽ ഫോട്ടോയോ ചിത്രങ്ങളോ കൂടുതൽ വിവരങ്ങളോ പുറത്തുവിടാൻ നിയമപരമായി തടസങ്ങൾ ഉള്ളതിനാലാണ് ഉൾപ്പെടുത്താത്തത്.)

കുട്ടിയുടെ അമ്മയായ യുവതിയുടെയും മാധ്യമ സുഹൃത്തിന്റേയും അസൗകര്യം ഒഴിവാക്കാനാണ് കുട്ടിയെ രാജിയും റോയിയും അമ്മയുമായി താമസിക്കുന്ന ഒറ്റമുറി ഷെഡ്‌ഡിൽ കൊണ്ടുചെന്നാക്കിയിരുന്നത് എന്ന് രാജി പറഞ്ഞു. കുട്ടിയുടെ അമ്മയായ യുവതിയുടെ പ്രൊഫൈലിലെ പോസ്റ്റുകളിൽ അധികവും പൊലീസുകാരെ പ്രകീർത്തിക്കുന്നവയും സുഹൃത്തുക്കളിലും ധാരാളം പോലീസുകാരാണ് ഉള്ളത് എന്നും പരിശോദിച്ചാൽ ബോധ്യമാകും.

ചൈൽഡ് ലൈനിലും മുഖ്യമന്ത്രിക്കും കാലടി സ്റ്റേഷനിലും ഈ തട്ടിപ്പുകാരിക്കെതിരെ നാട്ടുകാർ പരാതിനൽകിയിരുന്നെങ്കിലും കാലടി,അങ്കമാലി, തൃക്കാക്കര,ആലുവ എന്നീസ്റ്റേഷനുകളിലും എസ്പി, ഡിജിപി ലെവലിലുമൊക്കെ വരെ നല്ല ബന്ധമുണ്ട് ഈ സ്ത്രീയ്ക്ക് എന്നതിനാൽ പരാതികളെല്ലാം ചവറ്റുകുട്ടയിൽ എറിയപ്പെടുകയും ചാരിറ്റി തട്ടിപ്പ് അനുസ്യൂതം തുടരുകയുമായിരുന്നു.ഇവർക്കെതിരെ പരാതി കൊടുത്തിട്ടുള്ളവർക്കെതിരെയെല്ലാം ഇവർ തിരിച്ചും കള്ളക്കേസുകൾ കൊടുത്തിട്ടുണ്ട്. കേരളത്തിലെ മിക്കവാറും സ്റ്റേഷനുകളിലെ എസ് ഐമാരുടെ വരവും പോക്കും അവരുടെ ഫോട്ടോസഹിതമുള ജീവചരിത്രവും സർവീസ് ലൈഫിനെ കുറിച്ചുള്ള ലഘു വിവരണങ്ങളുമൊക്കെ ഇവരുടെ പ്രൊഫൈലിൽ കാണാം. സെപ്പറേറ്റഡായി താമസിക്കുന്ന യുവതികളോടുള്ള പോലീസുകാരുടെ ഫെയ്‌സ്‌ബുക്ക്‌ വാട്സ് ആപ് സൗഹൃദങ്ങൾ ഇതിനകംതന്നെ നിരവധിവിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

മറ്റൊരുയുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം ആരുമറിയാതെ മാധ്യമ പ്രവർത്തകനുമായി ഒരുമിച്ച് താമസിച്ചിരുന്ന ഇരയായ കുട്ടിയുടെ അമ്മയായ യുവതി ഗർഭിണിയായപ്പോൾ അബോർട്ട് ചെയ്തുവെന്നും അത് മറ്റുള്ളവർ അറിയാതിരിക്കാനാണ് തനിക്കെതിരെ മാധ്യമ പ്രവർത്തകനും പരാതിക്കാരിയായ യുവതിയും ചേർന്ന് കള്ള കഥയുണ്ടാക്കി തന്നെ അകത്താക്കിയതെന്ന് രാജിപറയുന്നു.

ജീവകാരുണ്യ പിരിവുനടത്തിയും നിരവധി സിമ്പതി പോസ്റ്റുകൾ ഇട്ടും സോഷ്യൽമീഡിയയിൽ നിരവധി സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരിയുടെ സുഹൃദ്‌വലയത്തിൽ ധാരാളം പോലീസുകാരുമുണ്ട്. സ്വന്തം വീട്ടിലെ അമ്മയോടോ പെങ്ങളോടോ ഭാര്യയോടോ ഉള്ള കടമ നിറവേറ്റാത്തവർ പോലും ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന സ്ത്രീകളോടുള്ള കടമ നിറവേറ്റുന്നതിൽ മലയാളികൾ പൊതുവെ കള്ളനെന്നോ പോലീസ് എന്നോ വ്യത്യാസമില്ലാതെ ഒരേസ്വഭാവക്കാരാണല്ലോ? അങ്ങനെയുളള ചില ആങ്ങളമാരായ പോലീസുകാരും യുവതിയെ കേസിന്റെ കാര്യത്തിൽ സഹായിച്ചിരുന്നതായി രാജിയും ഭർത്താവും ആരോപിക്കുന്നു.

യുവതി ആദ്യതവണ പിരിവ് നടത്തുകയും കുട്ടിയ്ക്ക് ഓപ്പറേഷൻ നടത്തുകയും ചെയ്തിരുന്നെങ്കിലും പിന്നീട് സുഹൃത്തായ മാധ്യമപ്രവർത്തകൻറെ സഹായത്തോടെ ചാനലുകളിലൊക്കെ വർത്തയാക്കിയും സോഷ്യൽമീഡിയവഴി സഹായമഭ്യർത്ഥിച്ചും കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തതെന്നും എന്നാൽ കുട്ടിയെ ചികിൽസിച്ചിരുന്നില്ലെന്നും രാജിയും നാട്ടുകാരും പറയുന്നു. പിരിച്ചെടുത്ത തുകയെല്ലാം യുവതിയും സുഹൃത്തായ മാധ്യമപ്രവർത്തകനുമായി ആഡംബര ജീവിതത്തിന് ചിലവഴിക്കുകയായിരുന്നു. യുവതി ഒരു സ്ഥിരം മദ്യപാനിയാണെന്നും രാജി ആരോപിക്കുന്നു.

തൻറെ വീട്ടിൽകൊണ്ടുവന്ന് കുട്ടിയെ നിർത്തുന്നതിന് വൻതുകകൾ പ്രതിഫലം നൽകിയിരുന്നതായും സ്മാർട്ട് ഫോണും ലാപ്പ് ടോപ്പുമൊക്കെ സമ്മാനമായി കൊടുത്തിട്ടുണ്ടെന്നും രാജി സമ്മതിക്കുന്നു. യുവതിയും മാധ്യമപ്രവർത്തകനും ചേർന്ന് ജീവകരുണ്യത്തിൻറെ മറവിൽ നടത്തുന്ന വൻ സാമ്പത്തീകത്തട്ടിപ്പ് പുറത്താകുമെന്നും ഇതെല്ലം താൻ മാധ്യമ പ്രവർത്തകൻ വിവാഹമുറപ്പിച്ച യുവതിയോട് പറയുമോ എന്നക്കെയുള്ള പേടിയാണ് ഇരുവരുംചേർന്ന് ഗൂഢാലോചന നടത്തി തനിക്കെതിരെ കള്ള കഥയുണ്ടാക്കി പോലീസ് ബന്ധങ്ങളും മാധ്യമ ബന്ധങ്ങളും ദുരുപയോഗം ചെയ്ത് കേസെടുത്ത് ജയിലിൽ അടച്ചതെന്ന് രാജി വിതുമ്പിക്കൊണ്ട് പറയുന്നു. ജയിലിൽ കഴിഞ്ഞ അറുപത്തഞ്ചു ദിവസവും കരഞ്ഞു തീർക്കുകയായിരുന്നു രാജിഎന്ന് രാജിയോടൊപ്പം തടവിൽ കഴിഞ്ഞവരും പറയുന്നു.