ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി ജെ പി എം എല്‍ എയുടെ വധഭീഷണിയെന്ന് മകള്‍

താന്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ദുരഭിമാനത്തിന്റെ പേര് പറഞ്ഞ് എം എല്‍ എയായ പിതാവ് ഭീഷണിപ്പെടു്ത്തുന്നതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി ജെ പി എം എല്‍ എ രാജേഷ് മിശ്രക്കെതിരെ മകള്‍ സാക്ഷി മിശ്രയാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യായാഴ്ചയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവിനെ സാക്ഷി വിവാഹം കഴിച്ചത്. കല്ല്യാണത്തിന് തുടക്കം മുതല്‍ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് പിതാവ് പറയുന്നതായാണ് സാക്ഷിയുടെ പരാതി.

സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചാണ് സാക്ഷി ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും സാക്ഷി പറയുന്നുണ്ട്. തനിക്ക് പോലീസ് സംരക്ഷണം വേണം. തന്റെ പിതാവിനെ ബി ജെ പി എം പിമാരോ, എം എല്‍എമാരോ ആരും സഹായിക്കരുതെന്നും വീഡിയോയിലുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ സംബന്ധിച്ച് തനിക്ക് അറിവ് ലഭിച്ചെന്നും ദമ്പതികള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ എസ്എസ്പിയോട് ആവശ്യപ്പെട്ടതായും ഡിഐജി ആര്‍.കെ പാണ്ഡ്യ അറിയിച്ചു.