തല്‍ക്കാലം രാജിവെയ്ക്കാനില്ലെന്ന് എച്ച്ഡി കുമാരസ്വാമി

എന്തുവന്നാലും രാജി വെയ്ക്കില്ലെന്ന് കര്‍ണാടകാ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വെയ്‌ക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്നും 2008 ല്‍ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ യെദ്യൂരപ്പ രാജിവെച്ചില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ന് 11 മണിയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് എച്ച് ഡി കുമാരസ്വാമി തന്റെ തീരുമാനം വ്യക്തമാക്കിയത്. അതിനിടയില്‍ വൈകിട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കര്‍ക്ക് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ എത്തണമെന്ന് ബിജെപിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് മുംബൈയില്‍ നിന്നും എംഎല്‍എമാര്‍ ബംഗലുരുവിലേക്ക് തിരിച്ചു. ഒമ്പത് എംഎല്‍എമാരാണ് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ മുംബൈയില്‍ തുടരും. രണ്ടു സ്വതന്ത്ര എംഎല്‍എ മാരാണ് ഹോട്ടലില്‍ തുടരുന്നത്. ആര്‍.ശങ്കര്‍, നാഗേഷ് എന്നിവരാണ് തല്‍ക്കാലം മടങ്ങേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്. കേസ് നാളെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് സ്പീക്കര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതോടെ രാജി സ്വീകരിക്കുമോ എംഎല്‍എമാരെ അയോഗ്യരാക്കുമോ തുടങ്ങിയ കാര്യങ്ങളാണ് രാജ്യം ഉറ്റുനോക്കുന്നത്. എംഎല്‍എ മാരെ അയോഗ്യരാക്കിയാല്‍ നിയമപോരാട്ടം തുടരും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും ജൂലൈ 6 ന് രാജിക്കത്ത് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. രണ്ടു സ്വതന്ത്ര എംഎല്‍എമാരും ഉള്‍പ്പെടെ 14 പേരാണ് രാജിവെച്ചത്.

സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കും മുമ്പ് വിമത നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുംബൈയിലെ റിനൈസാന്‍സ് ഹോട്ടലിന് മുന്നില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇന്നലെ ആരേയും കാണാനായില്ല. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം ബംഗലുരുവില്‍ തിരിച്ചെത്തി. ആറു മണിക്കൂറോളമാണ് ശിവകുമാര്‍ ഇന്നലെ മുംബൈയില്‍ വിമതരുമായി സംസാരിക്കാന്‍ കാത്തു നിന്നത്. എന്നാല്‍ അകത്തു കടക്കാനായില്ലെന്ന് മാത്രമല്ല അദ്ദേഹം ബുക്ക് ചെയ്ത മുറി പോലും കിട്ടിയില്ല.