‘ധോണിജീ, വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്’; ലത മങ്കേഷ്‌കറിന്റെ ട്വീറ്റ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് അവസാനിക്കുന്നതോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ അരുതെന്ന് അഭ്യര്‍ഥിച്ച് ധോണിക്ക് പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ സന്ദേശം. ‘എം എസ് ധോണിജീ, നമസ്‌കാരം, താങ്കള്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി കേള്‍ക്കുന്നു. അങ്ങനെ ചിന്തിക്കരുതെന്ന് അപേക്ഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനും രാജ്യത്തിനും നിങ്ങളുടെ കളി ഇനിയും ആവശ്യമാണ്. അതുകൊണ്ട് വിരമിക്കുന്നതിനെ കുറിച്ച് താങ്കള്‍ ആലോചിക്കുക പോലും ചെയ്യരുതെന്ന് ഞാനും അപേക്ഷിക്കുകയാണ്.’- ലത ട്വീറ്റ് ചെയ്തു.

ദേശീയ ടീമിനു വേണ്ടിയുള്ള കളി എന്നത്തേക്കുമായി അവസാനിപ്പിക്കും മുമ്പ് ഇന്ത്യയെ മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് നയിക്കണമെന്ന ധോണിയുടെ സ്വപ്‌നം സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പൊലിഞ്ഞിരുന്നു. ബുധനാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന പോരാട്ടത്തില്‍ 18 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. 48ാം ഓവറില്‍ ധോണി ക്രീസില്‍ നില്‍ക്കെ 11 പന്തില്‍ 25 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഡബിള്‍ റണ്ണിനായി ഓടിയ ധോണി ക്രീസിലെത്തും മുമ്പ് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ബുള്ളറ്റ് ത്രോ സ്റ്റമ്പില്‍ നേരിട്ടു പതിച്ചു. ധോണി ഔട്ടായതോടെ കാര്യങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചു. പിന്നീടെത്തിയ മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല. ഇതിനു പിന്നാലെ ധോണി ആസന്ന ഭാവിയില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.