ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം നിന്ന രാഹുൽ ഗാന്ധിയും പിണറായി വിജയനുമാണ് ശരി: സി എസ് വൈ എഫ്

ടി. എ. കിഷോർ

(കേരളത്തിലെ ദലിത് മുന്നേറ്റ പ്രസ്ഥാനമായ സി എസ് ഡി എസിന്റെ യുവജന വിഭാഗം സി എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകൻ)

ബഹു.എൻ.കെ.പ്രേമചന്ദ്രൻ MP യെ ലോക്‌സഭാ നടപടികൾ നിയന്ത്രിക്കുന്നതിനുളള ചെയർമാൻ പാനലിൽ നോമിനേറ്റ് ചെയ്തതും. ഒപ്പം ലോകസഭാ സ്‌പീക്കറുടേയും ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയുടെ അഭിനന്ദവും. സ്‌പീക്കറുടെ പ്രഖ്യാപനവും അനുമോദന വാക്കുകളും ഹർഷാരവത്തോടെ സഭാംഗങ്ങൾ കക്ഷിഭേദമന്യേ അംഗീകരിച്ച് അഭിനന്ദിച്ചതും ഒക്കെ ശബരിമല വിഷയത്തിൽ “സംഘപരിവാർ അജണ്ട” പ്രതിപക്ഷത്തിരുന്ന് ബിജെപി ക്കാരെക്കാൾ നല്ല വൃത്തിയായി ആവശ്യപ്പെട്ടത് കൊണ്ടാണ് എന്ന് എന്നെ പോലുള്ള സാധാരണക്കാർ ചിന്തിച്ചാൽ എന്താണ് Mr. MP തെറ്റ്?

ബി ജെ പി ശബരിമല വിഷയത്തിൽ നിയമനിർമ്മാണത്തിനില്ലായെന്ന് പറയുമ്പോൾ ..
താങ്കൾ നല്ല സാമാജികനാണന്നായിരുന്നു ഇത് വരെ സാധാരണക്കാർ ചിന്തിച്ചത് പക് ഷേ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ ധാർമ്മികതയെ ചോദ്യം ചെയ്യാൻ താങ്കൾ കാട്ടുന്ന മിടുക്ക് സാധാരണക്കാരായ ജനങ്ങളെ നിരാശരാക്കുന്നു. ഒപ്പം രാഹുൽ ഗാന്ധി പ്രചരണ സമയത്ത് ഉയർത്തിയത് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിനെ അധികാരത്തിലേറ്റണമെന്നാണ് പക്ഷേ സോഷ്യലിസ്റ്റായ താങ്കളും താങ്കളുടെ പാർടിയും കാണിക്കുന്ന തിടുക്കം ആ മുദ്രാവാക്യത്തിനെതിരല്ലേ അത് എന്തിനെന്ന് മനസിലാകുന്നില്ല. രാഹുൽ ഗാന്ധി വയനാട് പോലുള്ള ട്രൈബൽ മേഖലയിൽ അമ്പത് ലക്ഷം വോട്ട് നേടിയതിന് പിന്നിൽ ദലിത് ആദിവാസി വിഭാഗത്തിന്റെ വലിയ പിന്തുണ കൂടിയാണ്.അങ്ങനെ 19 പേരും ജയിച്ച് വന്നതും താങ്കൾ മറന്നു പോകരുത്. രാഹുൽ ഗാന്ധിയുടെ മനസിലിരിപ്പ് മനസിലാക്കാത്ത താങ്കളും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മറ്റി നേതാക്കളെയും (KPCC ശബരിമല വിഷയത്തിൽ നിലപാട് ഭരണഘടനയ്ക്കെതിരായിരുന്നത് പ്രസക്തം) പോലെയുള്ളവരോടൊപ്പം ഇനി കോൺഗ്രസിനെ നയിക്കാനില്ലന്ന രാഹുലിന്റെ തീരുമാനം അഭിനന്ദനാർഹം തന്നെ.

കേരളത്തിൽ ഇടത് പക്ഷ പാർടി നേതാക്കളും ഇതേ നിലപാടിൽ തന്നെയാണ്. ശബരിമല നിലപാട് പാർടിയെ 19 സീറ്റിൽ തോൽപ്പിച്ചത് എന്ന് പാർട്ടി സെക്രട്ടറിയേറ്റ്. പക് ഷേ കീഴാള പക്ഷത്ത് നിന്ന് ഉയർന്നു വന്ന കേരള നവോത്ഥാനത്തെ മുറുകെപ്പിടിച്ച് ധീരതയോടെ പ്രസംഗിച്ച ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ,മഹാത്മ അയ്യൻകാളിയെ പ്രസംഗിച്ചതിലൂടെ മഹാത്മ അയ്യങ്കാളിയെ കേരള ചരിത്ര രചനയിൽ മറന്ന ചരിത്രത്തിലെ ഇ എം എസിനെ തിരുത്തുക കൂടി ചെയ്തിരിക്കുന്നു.1957ൽ പാർടി അധികാരത്തിൽ വന്നതും മഹാത്മ അയ്യങ്കാളി തുടങ്ങി വച്ച വിപ്ലവത്തിന്റെ തുടർച്ച തന്നെയാണ്.നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും എന്ന് പാടിച്ച ദലിതരെയും പാവപ്പെട്ടവരെയും സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ? ഇന്നും രണ്ട് ലക്ഷത്തോളം ആളുകൾ കേരളത്തിൽ ചേരികളിൽ കഴിയുന്നുവെന്നാണ് റിപ്പോർട്. അവരെല്ലാം തന്നെ അടിസ്ഥാന വിഭാഗക്കാരാണെന്നത് യാഥാർത്ഥ്യം. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ ഉത്തരവിലൂടെ ഭരണഘടനയുടെ ധാർമ്മികത കാത്ത് സൂക്ഷിക്കുന്നതിലൂടെ ഇലക്ഷനിൽ സീറ്റ് കിട്ടാതെ വന്നാൽ വേണ്ടാ എന്ന നിലപാട് ബഹു.പിണറായി വിജയന്റെ ഉറച്ച നിലപാടാണ് എന്നത് സെക്രട്ടറിയേറ്റ് കൂടിയവർ ബോധപൂർവ്വം മറന്നു.

ഭരണഘടനയ്ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി നിലപാടെടുത്ത രാഹുൽ ഗാന്ധിയും പിണറായി വിജയനുമാണ് ശരി !! പക്ഷേ ഇവരുടെ രണ്ട് പേരുടെയും പാർടിയും അതിലെ മറ്റ് നേതാക്കളും ഇവരെ ചതിച്ചുവെന്നതാണ് സത്യം !

രാഹുൽ ഗാന്ധി കോൺഗ്രസിനായി പുതിയ നേതാവായി ദലിതനെ തേടുന്നതും, പിണറായി വിജയൻ നവോത്ഥാനം പ്രസംഗിക്കുന്നതിന്റെയും രാഷ്ട്രീയം വ്യക്തമാണ്.. അതെ കറുത്ത വസന്തം വിരിയേണ്ട നാളുകൾ ആഗതമായിരിക്കുന്നു.. ദലിത് മുന്നേറ്റങ്ങൾക്ക് പ്രസക്തിയുണ്ട് അതിലൂടെ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും തീർച്ച… എസ്.എൻ.ഡി.പിയെയും സി.എസ്.ഡി.എസിനെയും കെ.പി.എം എസിനെയും ചേർത്ത് നിർത്തി പിണറായി വിജയൻ ചിലത് ചെയ്യുന്നതിനെ പാർട്ടിയിലെ ചിലർ രഹസ്യമായും പരസ്യമായും തള്ളുന്നതാർക്ക് വേണ്ടിയെന്നും വ്യക്തം.

ഇന്ത്യയിലും കേരളത്തിലും ആര് ഭരണം നേടിയാലും അതിൽ ദലിത് വോട്ടുകൾ നിർണായകമാണ്.. കഴിഞ്ഞ കാലം നിങ്ങളെ അധികാരത്തിലേറ്റിയത് ദലിതരാണ്.. ഇവർ ഇന്ന് നിങ്ങളെ മറന്നിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങൾ അധികാരികളായപ്പോൾ ഇവരെ മറന്നത് കൊണ്ട് മാത്രമാണ്..

കേരളത്തിലെയും ഇന്ത്യയിലെയും ദലിത് മുന്നേറ്റങ്ങളെയും അത് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളെയും മുദ്രാവാക്യങ്ങളെയും കണ്ടില്ലന്ന് നടിക്കാതെ ആവശ്യങ്ങൾ നടപ്പിലാക്കി ഈ മുന്നേറ്റങ്ങളെ അംഗീകരിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർടികൾ തയ്യാറാവുക…മാറ്റം അനിവാര്യമാണ്.. ജയ് ഭീം..