നിന്റെ കുരിശുമെടുത്ത് ബിജെപിയിലേക്ക് വരിക…!

റോയി മാത്യു

ഗോവയിലെ ആകമാന കത്തോലിക്ക എം എൽ എ മാർ കൂടോടെ ബിജെപിയിൽ ചേർന്നു. നിയമസഭയിലെ 27 ബിജെപി അംഗങ്ങളിൽ 15 പേരും തറവാടികളായ കത്തോലിക്കർ. ഏറ്റവും ഒടുവിൽ ഗോവ കോൺഗ്രസിലെ 10 എംഎൽഎമാർ കൂടി ബിജെപിയിലെത്തിയതോടെ ഹിന്ദുത്വ പാർട്ടി ഇപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പാർട്ടിയായി മാറി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ 10 എംഎൽഎ മാരിൽ എട്ടു പേരും ഉത്തമ കത്തോലിക്കർ.

കത്തോലിക്കർക്ക് ഇനി ആശ്രയിക്കാൻ പറ്റിയ പാർട്ടി ഭാരതീയ ജനതാപാർടി മാത്രമേ ഉള്ളുവെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി ഉടനെ ഒരു ഇടയലേഖനമെഴുതിയാൽ കേരളത്തിലെ കത്തോലിക്കാ വിശ്വാസികൾ കുരിശും പിടിച്ച് സംഘി പാർടിയിലേക്ക് ചേക്കേറാൻ അധിക നേരം വേണ്ട – അതോടെ ഇവിടേയും കോൺഗ്രസിന്റേയും കേരള കോൺഗ്രസിന്റേയും കാര്യം കോംപ്ലിമെൻസാകും… പിന്നെ ഇന്ദിരാഭവനിൽ ഒപ്പീസ് ചൊല്ലിയാ മതി.

സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയെ അന്തിക്രിസ്തുവെന്ന് ചിത്രീകരിക്കുകയും കോൺഗ്രസിന്റെ അനുഭാവികളായ ക്രിസ്ത്യാനികളെ അവഹേളിക്കുകയും ചെയ്തിരുന്ന കത്തോലിക്ക സഭ സ്വാതന്ത്ര്യം കിട്ടിയതോടെ പ്ലേറ്റ് മാറ്റി കോൺഗ്രസായി. അധികാരം എവിടെയാണോ അവിടെ പറ്റി കൂട്ടുക എന്നതാണ് ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രവും പൊതു സ്വഭാവവും.

1957 ൽ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ വിമോചന സമരം നടത്തിയ കത്തോലിക്ക സഭ 80 കളിൽ കമ്യൂണിസ്റ്റുകാരുമായി ചങ്ങാത്തത്തിലായി. നമുക്കെന്ത് കിട്ടും എന്നതിനപ്പുറം സഭകൾക്ക് രാഷ്ടീയ പാർട്ടികളോട് താത്വികമായ വിയോജിപ്പൊന്നുമില്ല.

ബിജെപിഞങ്ങളെ കൊല്ലാൻ വരുന്നേ എന്നൊക്കെ ഇടക്കിടെ ഓരിയിട്ടു നടന്ന കത്തോലിക്ക ബിഷപ്പുമാർ , ഗോവയിലെ കത്തോലിക്ക എം എൽ എ മാർ പടലയോടെ ബി ജെപിയിലേക്ക് കാലു മാറിയതിൽ മിണ്ടാട്ടം മുട്ടി നില്ക്കയാണ്. ഉത്തമ കത്തോലിക്ക എം എൽ എ മാർ കൂട്ടത്തോടെ കാലുമാറി സംഘി ആയതിനെക്കുറിച്ച് അഖിലേന്ത്യാ പാർടിയായ യെച്ചൂരി പാർട്ടിയും മിണ്ടുന്നില്ല. കോൺഗ്രസുകാർ കാല് മാറി സംഘിയാകുന്നതിൽ വേവലാതിപ്പെടുന്ന തോമസ് ഐസക്ക്, എം എ ബേബി തുടങ്ങിയ മുത്ത കമ്യൂണിസ്റ്റ് കത്തോലിക്കർ ഗോവയിലെ കത്തോലിക്ക കോൺഗ്രസുകാർ സംഘി ആയതിനെക്കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടുന്നില്ല – ബിജെപിയിൽ ചേർന്ന മാമ്മോദീസ വെള്ളം തലയിൽ വീണ ഗോവ കത്തോലിക്ക എം എൽ മാരുടെ പേരു വിവരങ്ങൾ ഇതാ –

Panaji MLA Atanasio Monserrate, Taleigao MLA Jennifer Monserrate, Mapusa MLA Joshua D’Souza, panchayat minister Mauvin Godinho, power minister Nilesh Cabral, deputy speaker Michael Lobo, Aldona MLA Glenn Ticlo, St Cruz MLA Antonio (Tony) Fernandes, St Andre MLA Francisco Silveira, Cortalim MLA Alina Saldanha, Nuvem MLA Wilfred D’Sa, Cuncolim MLA Clafasio Dias, Velim MLA Filipe Neri Rodrigues, Vasco MLA Carlos Almeida and Canacona MLA Isidore Fernandes.

ലോകത്തെ സകല കത്തോലിക്കരുടേയും വിശുദ്ധന്മാരുടേയും പേരുവിവരം സഹിതം വാർത്ത കൊടുക്കുന്ന ദീപിക പത്രം ഇത്രയും കത്തോലിക്ക എം എൽ എ മാർ കൊന്തയും കുരിശു മെടുത്ത് സംഘി പാളയത്തിൽ കേറിയതിനെ കുറിച്ച് അറിഞ്ഞ മട്ടു കാണിച്ചിട്ടില്ല.

പെണ്ണുകേസിൽ പ്പെട്ട ബിഷപ്പ് ഫ്രാങ്കോ , ഭൂമി തട്ടിപ്പിൽ പ്പെട്ട മാർ ജോർജ് ആലഞ്ചേരിയൊക്കെ ഇരുട്ടി വെളുക്കും മുമ്പേ കാവിക്കുപ്പായമിട്ട് കളത്തിലിറങ്ങുമെന്നുറപ്പാണ്. തടി കേടാകുന്ന ഒരു വിശ്വാസവും നമുക്ക് വേണ്ടാ എന്ന് സ്വയം വിശ്വസിക്കുന്ന കൂട്ടരാണ് ക്രൈസ്ത പുരോഹിതർ – അതല്ലേ നാട്ടുകാരെ കൊണ്ട് കൃപാസനം പത്രം തീറ്റിക്കുന്ന പുണ്യാളൻ ഫാദർ വി പി ജോസഫ് പനി വന്നപ്പോൾ ആശുപത്രിയിൽ പോയി പാരസെറ്റാ മോൾ തിന്നത്. വിശുദ്ധന്മാരെ വാഴിച്ച് അത്ഭുത രോഗശാന്തി സർട്ടിഫിക്കേറ്റ് ഒക്കെ അംഗീകരിക്കുന്ന തിരുസംഘത്തിൽപ്പെട്ട കർദിനാൾ ആലഞ്ചേരി തന്റെ ചങ്കിന് വേദന വന്നപ്പോൾ ലിസി ആശുപത്രിയിലാണ് പോയി കിടന്നത്. അത് വേറെ ലെവൽ 

ഇടഞ്ഞുനിൽ ക്കുന്ന കുഞ്ഞാടുകളായ ജോസഫിനേയും ജോസ് മോനെയും അമിത് ഷാ സാറിനെ ഏല്പിച്ചിട്ട് വേണം മുടങ്ങിക്കിടക്കുന്ന വിദേശ പണവും FCRA അക്കൗണ്ടുമൊക്കെ ഒന്നു സബു റാക്കാൻ – 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാക്കണം. ഫ്രാൻസിസ് അസീസി പുണ്യാളന്റെ നാട്ടിലെ കുഞ്ഞാടുകൾ സോണിയാ മദാമ്മയെ തള്ളിപ്പറഞ്ഞ് കൂടാരം മാറി കേറിയതുപോലെ തോമാശ്ലീഹായുടെ പാരമ്പര്യമുള്ള കുഞ്ഞാടുകൾ ശ്രീധരൻ പിള്ള കൊച്ചാട്ടന്റെ പടിപ്പുര മാളികയിലേക്ക് പോകട്ടെ – ആളും പേരു മൊന്നുമില്ലെങ്കിലും കാറ്റ് മാറി വീശുന്നതിന്റെ മണമടിച്ച ഞങ്ങളുടെ മാർത്തോമ്മ സഭയുടെ മേലാവി ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ഇത്തവണ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഴുവൻ സമയം പോയി പങ്കെടുത്തു Viji Kollam, Alexander Daniel Kottoor, Biju B John, Sakhi John Tom Tharakan, നവീകരണ സഭക്കാർ ഇത്തരം കാര്യങ്ങളിൽ ഒരു മുഴം നീട്ടി എറിയും – സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി നേരിട്ട് വിളിച്ച സഭാ നേതാക്കളിലൊരാളാണ് ജോസഫ് മാർത്തോമ്മ.

പണ്ട് സർ സിപി യുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ മാർത്തോമ്മ സഭ കൗൺസിൽ പ്രമേയം പാസാക്കിയത് ചരിത്ര രേഖയാണ്. അന്ന് ബാക്കി സഭകളൊക്കെ സി പി ക്ക് ഒപ്പമായിരുന്നു. അതു കൊണ്ട് മാർത്തോമ്മ സഭ രാഷ്ടീയ നിലപാട് സ്വീകരിക്കുന്നതിൽ പ്രത്യേക മെയ് വഴക്കം പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഈ മനോഭാവം മനസിലാക്കിയാണ് ബിജെപി സർക്കാർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് പത്മഭൂഷൺ നൽകി ആദരിച്ചത്. ജോസഫ് മാർത്തോമ്മയ്ക്കും വലിയ താമസമില്ലാതെ ഒരു രാഷ്ട്ര സമ്മാൻ കിട്ടിയേക്കാം –

കേരളത്തിലെ കോൺഗ്രസിലുള്ള കത്തോലിക്ക എം എൽ എ മാർക്കും തങ്ങളുടെ ഗോവൻ കണക്ഷൻ ഉപയോഗിക്കാവുന്നതാണ്.  1957 നവംബറിൽ ബാംഗളൂരിൽ ചേർന്ന ഭാരതീയ കത്തോലിക്ക മെത്രാൻ സമിതിയുടെ ( CBC1) വാർഷിക യോഗ തീരുമാന പ്രകാരമായിരുന്നു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. “ക്രൈസ്തവ വിരുദ്ധവും ഭൗതിക മാത്രവുമായ കമ്യൂണിസ്റ്റ് സിദ്ധാന്തം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കത്തോലിക്കരെ മഹ്റോൻ ( സഭയിൽ നിന്ന് ബഹിഷ്കരിക്കൽ) ചൊല്ലുന്നതാണെന്ന് അന്ന് സിബിസിഐ പുറപ്പെടുവിച്ച പ്രസ്താവയിൽ വ്യക്തമാക്കിയിരുന്നു. അതേ മാതൃകയിൽ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടേയും നേതൃത്വം അംഗീകരിച്ചു നടക്കുന്ന കോൺഗ്രസുകാരായ കത്തോലിക്കാ എം എൽ എ മാരെ മഹ് റോൻ ചൊല്ലുമെന്ന സിബിസിഐ യുടെയും കേരള മെത്രാൻ സമിതിയുടേയും ഒരു സംയുക്ത പ്രസ്താവന വല്യ താമസമില്ലാതെ പുറപ്പെടുവിക്കുമെന്ന് ഉറപ്പാണ്.

അവനവനിസത്തിൽ മാത്രം വിശ്വസിക്കുന്ന മെത്രാന്മാരുടെ മുന്നിൽ ഇതല്ലാതെ വേറെ വഴിയില്ല… അതേ, അഴകിയവനെ കാണുമ്പോ അപ്പാ എന്നു വിളിക്കുന്ന സഭാ നേതൃത്വങ്ങൾ കേരളത്തിലെ ക്രിസ്ത്യാനികളെ ബി ജെ പി പാളയത്തിലെത്തിക്കാൻ അരയും തലയും മുറുക്കി അംശവടിയും പിടിച്ച് ഇറങ്ങാൻ റെഡിയായി കഴിഞ്ഞു.

* * ഗോവ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക് കാലുമാറുന്ന ചടങ്ങ്.