തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐക്കെതിരെ വിദ്യാർഥികൾ പ്രതിഷേധം; എസ്എഫ്‌ഐ യുണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം. സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്‌ഐക്കാരാണെന്നും കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അവര്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ച് വിട്ടു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിട്ടതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കികാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പസിനകത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരേ നടപടിയെന്നും വി.പി.സാനു പറഞ്ഞു.

മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിനെത്തുടര്‍ന്നാണ് എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചത്.