യൂണിവേഴ്സ്റ്റി കോളജിലെ അക്രമം: സർക്കാർ റിപ്പോർട്ട് തേടി; അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍;വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ

യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ റിപ്പോർട്ട് തേടി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. സംഘർഷത്തിന് വഴിവച്ച സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം.

സംഘർഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ എന്നുമായിരുന്നു കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നത്. ഇതിനിടെ, ആക്രമണത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുൾപ്പടെ പങ്കെടുത്തെന്നും, ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പാലിന് പരാതി നൽകി. 300 പേർ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്.

ഇതിനിടെ, നെഞ്ചിന് കുത്തേറ്റ അഖിലിനെ ആന്തരിക രക്തസ്രാവമുള്ളതിനാൽ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. നെഞ്ചിന് ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഖിലിൻറെ നില ഗുരുതരമാണ്

അതേസമയം, വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്.എഫ്‌.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം.

ഇതിനിടെ, സംഘർഷങ്ങൾക്കെതിരെ കോളേജിനു മുന്നിൽ പ്രതിഷേധിച്ചെത്തിയ കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ് – എ.ബി.വി.പി പ്രവർത്തകരും കോളേജിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. യൂണിവേഴ്‍സിറ്റി കോളേജിൽ എസ്എഫ്ഐക്കാർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയെന്ന് കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് പേരെ എസ് എഫ് ഐ സസ്‌പെന്‍ഡ് ചെയ്തു. യൂണിവേഴ്‌സിറ്റി കോളജില്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകരായ നസീം, ശിവരഞ്ജിത്, ഇബ്രാഹീം, അദ്വൈത്, ആരോമല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരായ പോലീസ് അന്വേഷണം നടക്കുകയാണ്. വിഷയത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ച എസ് എഫ് ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റത്.