സവര്‍ണ്ണ ക്രിസ്ത്യാനി എന്ന ഭീകരജീവിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ദളിത് ക്രിസ്ത്യാനികൾ

‘ക്രിസ്തുവില്‍ നാമേവരും ഒന്നാണ്’ എന്നതാണ് ക്രൈസ്തവ വിശ്വാസത്തിൻറെ സാമൂഹിക അടിത്തറ. ജാതി അസമത്വത്തെ ഒരുപരിധിവരെ തുടച്ചുനീക്കാന്‍ ബ്രിട്ടീഷ് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങൾ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട് എങ്കിലും അതിൽ കത്തോലിക്കാ സഭയ്ക്ക് യാതൊരു പങ്കുമില്ല എന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ? ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് മാമോദീസ മുങ്ങി ക്രിസ്തുവിൻറെ രക്തത്താൽ കഴുകപെട്ടു എന്നൊക്കെ വാചകമടിക്കാമെന്നല്ലാതെ അവൻറെ ക്രിസ്ത്യാനിറ്റിയെക്കാൾ അവൻ ബ്രാഹ്മണിസത്തിന് അറിഞ്ഞോ അറിയാതെയോ വിലകല്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ക്രൈസ്തവ സഭകൾക്കുള്ളിൽ പോലും ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് എത്രമാത്രം ആഴത്തിലാണ് അതിന്‍െറ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇത് ജവഹർലാൽ നെഹ്‌റു തൻറെ ” ഇൻഡ്യയെ കണ്ടെത്തൽ ” എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.’ചാതുർവർണ്യം അംഗീകരിക്കാത്ത ഒരുമതത്തെയും ബ്രാഹ്മണിസം ഇന്ത്യയിൽ നിലനിൽക്കാൻ അനുവദിച്ചിട്ടില്ല. അതിനെ എതിർത്ത രണ്ടുമതങ്ങളെ ഉള്ളൂ. ബുദ്ധിസവും ജൈനിസവും. അതിൽ ബുദ്ധിസത്തെ അവർ എല്ലാത്തരത്തിലും നശിപ്പിക്കുകയും ജൈനിസത്തെ ഹൈന്ദവ വൽക്കരിച്ച് അവരിലേക്ക് സ്വംശീകരിക്കുകയുമാണ് ചെയ്തത്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ചാതുർവർണ്യം മറ്റൊരു രൂപത്തിൽ നിലനിൽക്കുന്നതുകൊണ്ടാണ് അത് ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നത്’ എന്ന്.

സഭയോടു ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം. നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ ജീവിത നിലവാരം ഹൈന്ദവ ദളിതര്‍ക്കു തുല്യമോ? ഈ നീണ്ടകാലയളവില്‍ സഭ അവര്‍ക്കായി എന്തുചെയ്തു? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത് ക്രിസ്ത്യാനികള്‍ സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയില്‍ ദളിത് ക്രിസ്ത്യാനികളുടെ പങ്കാളിത്തമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവമാമൂലുകളും തത്ത്വങ്ങളുമാണെന്ന് പറഞ്ഞ് സഭ കൈകഴുകുന്നതു ശോചനീയമാണ്.

19ാം നൂറ്റാണ്ടില്‍ ജാതി അടിമത്തത്തില്‍ നരകതുല്യമായ ജീവിതം നയിച്ചിരുന്ന കേരളത്തിലെ ദലിത് ജനവിഭാഗങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസവും സ്വാതന്ത്ര്യം, സമത്വം മുതലായ ആധുനിക ആശയങ്ങളും പരിചയപ്പെടുത്തിയത് പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. ചര്‍ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്) മിഷനറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഇരുനൂറാം വാർഷികവും നാം ആഘോഷിച്ചു. ആഘോഷങ്ങൾക്ക് പഞ്ഞമൊന്നുമില്ലെങ്കിലും. 200 വര്‍ഷങ്ങള്‍ക്കപ്പുറവും ക്രൈസ്തവ സഭകളില്‍നിന്ന് ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ലഎന്നുമാത്രമല്ല അത് എത്രമാത്രം ആഴത്തിലാണ് അതിന്‍െറ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നതാണ്‌ ന്യുനപക്ഷകമ്മീഷൻ ‘കേരളത്തിലെ സിഎസ്‌ഐ , പെന്തക്കോസ്ത് വിഭാഗങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട്’ കാണിക്കുന്നത് കേരളയൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗം മേധാവി ഡോ. ശോഭാ ബി. നായരുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് കേരളത്തിലെ സത്യ ക്രിസ്ത്യാനികൾ ക്കിടയിലെ ജാതി വിവേചനവും അയിത്തവുമൊക്കെ പച്ചക്ക് വിവരിക്കുന്നുണ്ട്.

വിവിധ സഭാവിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ദലിത് ക്രൈസ്തവര്‍ക്ക് അതത് സഭാവിഭാഗങ്ങളില്‍ പ്രത്യേകം മഹാ ഇടവകകളും പ്രത്യേകം പള്ളികളും ഉണ്ടെന്നുള്ളതാണ് വസ്തുത. കേരളത്തിലെ ആദ്യത്തേതും പ്രബലമായിട്ടുള്ളതുമായ പെന്തക്കോസ്ത് പ്രസ്ഥാനമായ ചര്‍ച്ച് ഓഫ് ഗോഡ് ജാതിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടായി വിഭജിക്കപ്പെടുകയും ‘ചര്‍ച്ച് ഓഫ് ഗോഡ് കേരള ഡിവിഷന്‍’ എന്ന പേരില്‍ ദലിത് ക്രിസ്ത്യാനികളും ‘ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്’ എന്ന പേരില്‍ ‘സവര്‍ണ’ ക്രിസ്ത്യാനികളും ദൈവത്തെ ആരാധിച്ചുവരുന്നു. സി.എം.എസ് മിഷനറിമാരാല്‍ സ്ഥാപിതമായ സി.എസ്.ഐ സഭയില്‍ നിലനിന്നുപോന്നിരുന്ന ‘സിറിയന്‍ ക്രിസ്ത്യന്‍’ മേധാവിത്വത്തിനെതിരെ നിരന്തരം സമരം ചെയ്തുപോന്ന ദലിത് ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം സഭ വിട്ടുപോകുകയും സി.എം.എസ് ആംഗ്ളിക്കന്‍ ചര്‍ച്ച് രൂപവത്കരിക്കുകയും ചെയ്തു. ദലിത് ക്രിസ്ത്യാനികള്‍ക്കു മാത്രം അംഗത്വമുള്ള ധാരാളം പെന്തക്കോസ്ത് പ്രസ്ഥാനങ്ങളില്‍ ഒന്നാണ് യുനൈറ്റഡ് പെന്തക്കോസ്ത് ചര്‍ച്ച് (യു.പി.സി). മറ്റൊരു സ്വതന്ത്ര സഭയായ ബൈബ്ള്‍ ഫെയ്ത്ത് മിഷന്‍, സാല്‍വേഷന്‍ ആര്‍മി മുതലായവ ദലിത് ക്രൈസ്തവര്‍ മാത്രം അംഗങ്ങളായ ക്രൈസ്തവ സഭകളാണ്.

ഒരേ സഭയില്‍തന്നെ ദലിത് ക്രൈസ്തവര്‍ക്കും ‘സവര്‍ണ’ ക്രൈസ്തവര്‍ക്കും വെവ്വേറെ പള്ളികള്‍ ഉള്ളതായി മധ്യതിരുവിതാംകൂറിന്‍െറ പല ഭാഗങ്ങളിലുമുള്ള പല സഭാവിഭാഗങ്ങളിലും കാണാന്‍ സാധിക്കും. ഇത്തരം പള്ളികള്‍ പലതും മുമ്പ് ഇരുവിഭാഗങ്ങളിലുംപെട്ട വിശ്വാസികള്‍ ഒരുമിച്ച് ആരാധിച്ചിരുന്നവയും പിന്നീട് ഏതെങ്കിലും ഒരുവിഭാഗം വിട്ടുപോയിട്ടുള്ളതുമാണ്. ഇത്തരം പ്രത്യേക പള്ളികള്‍ സി.എസ്.ഐ, ബ്രദറണ്‍ സഭ, പെന്തക്കോസ്ത് വിഭാഗങ്ങള്‍ എന്നിവയില്‍ ധാരാളമായുണ്ട്. ഓര്‍ത്തഡോക്സ് ചേരമര്‍ ചര്‍ച്ച്, മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച്, യാക്കോബായ സുറിയാനി ചര്‍ച്ച് മുതലായ പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബോര്‍ഡുകള്‍ മാത്രം ക്രൈസ്തവ സഭകളിലെ ജാതിവേരുകളിലേക്ക് വെളിച്ചംവീശുന്നവയാണ്. ഓര്‍ത്തഡോക്സ് സഭയിലെ ദലിത് വിഭാഗങ്ങള്‍ അറിയപ്പെടുന്നത് ‘ശ്ളീബാദാസ സമൂഹം’ എന്നാണ്.

ദലിത് ക്രൈസ്തവരും ഇതര ജാതിവിഭാഗങ്ങളും അംഗങ്ങളായിട്ടുള്ള സഭകളിലാകട്ടെ, സഭയുടെ ആത്മീയവും ഭൗതികവുമായുള്ള അധികാരത്തില്‍നിന്ന് ദലിത് ക്രൈസ്തവര്‍ അകറ്റിനിര്‍ത്തപ്പെടുന്നു. സി.എസ്.ഐ സഭയുടെ കോട്ടയം കേന്ദ്രീകരിച്ചുള്ള മധ്യകേരള ഡയോസിസില്‍ സുറിയാനി ക്രിസ്ത്യാനികളും ഈഴവ വിഭാഗത്തില്‍നിന്ന് പരിവര്‍ത്തനംചെയ്ത വിഭാഗങ്ങളും മേധാവിത്വം പുലര്‍ത്തുമ്പോള്‍ മേലുകാവ് കേന്ദ്രീകരിച്ച ഈസ്റ്റ് കേരള ഡയോസിസില്‍ മലയരയ വിഭാഗത്തില്‍പെടുന്ന ആദിവാസി ക്രൈസ്തവ വിഭാഗമാണ് മേധാവിത്വം പുലര്‍ത്തുന്നത്. ഇവര്‍ സി.എസ്.ഐ സഭയിലെ ‘സവര്‍ണ’ ക്രൈസ്തവ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ഇതര ‘സവര്‍ണ’ ക്രിസ്ത്യാനികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നു. തിരുവനന്തപുരം കേന്ദ്രമായ സൗത് കേരള ഡയോസിസില്‍ മേധാവിത്വം പുലര്‍ത്തുന്നത് നാടാര്‍ ക്രിസ്ത്യാനികളാണ്.

ക്രിസ്തീയ സഭകളിലെ, പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്‍റ്, പെന്തക്കോസ്ത് വിഭാഗങ്ങളിലെ സഭകളിലെ കൂട്ടായ്മകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വീടുകളില്‍ നടത്തുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധേയമാണ്. ഇത്തരം പ്രാര്‍ഥനകള്‍ക്കുശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കുക കൂട്ടായ്മയുടെ ഭാഗമാണ്. എന്നാല്‍, ദലിത് ക്രൈസ്തവരുടെ വീടുകളില്‍ പ്രാര്‍ഥനക്കുശേഷം ഭക്ഷണം കഴിക്കാതെ പോകുന്ന ‘സവര്‍ണ’ ക്രൈസ്തവര്‍ ഇന്നുമുണ്ട്. വീട്ടില്‍ പാകംചെയ്ത ഭക്ഷണമാണെങ്കില്‍ കഴിക്കാതിരിക്കുക, ചായയുമായി വെളിയിലിറങ്ങി കളഞ്ഞശേഷം ഗ്ളാസ് തിരികെയേല്‍പിക്കുക മുതലായ രീതികള്‍ അവലംബിക്കുന്നത് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

സഭയുടെ സമ്പത്തും അധികാരവും അവസരങ്ങളും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് ജാതിവിവേചനത്തിന്‍െറ മുഖം വ്യക്തമായി തെളിഞ്ഞുവരാറുള്ളത്. ജാതിവിവേചനം കാണിക്കാറില്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുള്ളതുകൊണ്ട്, പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ചില കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് അര്‍ഹമായ പ്രാതിനിധ്യവും അവസരങ്ങളും ദലിതര്‍ക്ക് നിഷേധിക്കുകയും താമസിപ്പിക്കുകയും ചെയ്യുന്നത്.

സി.എം.എസ് മിഷനറിമാരാല്‍ സ്ഥാപിതമായ സി.എസ്.ഐ സഭയിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ 1943ലെ സപ്പറേറ്റ് അഡ്മിനിസ്ട്രേഷന്‍ മൂവ്മെന്‍റ്, 1965ലെ സി.എം.എസ് ആംഗ്ളിക്കല്‍ സഭയുടെ രൂപവത്കരണം, 1980കളിലെ വിമോചന വിശ്വാസ പ്രസ്ഥാനം എന്നിവക്കുശേഷം കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനക്ക് രൂപം നല്‍കി സഭയിലെ ജനാധിപത്യധ്വംസനത്തെയും ജാതിവിവേചനത്തെയും പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു വിഭാഗം ദലിത് ക്രൈസ്തവ ചെറുപ്പക്കാര്‍ നടത്തുന്നുണ്ടെങ്കിലും അതിനേക്കാളൊക്കെ ദയനീയമാണ് കേരളത്തിലെ പെന്തക്കോസ്ത് വിശ്വാസികളായ ദളിതരുടെ അവസ്ഥ എന്നാണ് പഠനറിപ്പോർട്ട് വെളിവാക്കുന്നത്.

പഠന റിപ്പോർട്ടിൽ സൂചിപ്പിക്കാത്ത കത്തോലിക്കാ സഭയ്ക്കുള്ളിലെയും ഇതര ഭാരതീയ സഭകളിലെയും ദളിത് വിഭാഗത്തിൻറെ സ്ഥിതി വ്യത്യസ്തമല്ല. പുരോഹിതരുള്‍പ്പടെ ക്രിസ്ത്യന്‍സമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങള്‍ ക്രിസ്തു തത്ത്വങ്ങളെത്തന്നെ കാറ്റില്‍ പറപ്പിച്ചുകഴിഞ്ഞു. ക്രിസ്ത്യാനിയായി മാര്‍ഗം കൂടിയവരുടെ നിലവാരം ജാതി വ്യവസ്ഥകളില്‍ അടിമകളായി അവര്‍ ജീവിച്ചിരുന്ന കാലങ്ങളെക്കാള്‍ കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാര്‍ഗം കൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലത്തെക്കാള്‍ !എത്രമാത്രം ഉയര്‍ന്നുവെന്നു സഭാ നേതൃത്വത്തിനു വ്യക്തമാക്കാമോ ?

ദളിത്­ ക്രിസ്ത്യാനികളില്‍ കൂടുതലും ലത്തീന്‍ റീത്തില്‍പ്പെട്ടവരാണ്. കുലത്തൊഴിലായ മത്സ്യം പിടിച്ച് വിറ്റും ഭൂരിഭാഗവും ഉപജീവനം നടത്തുന്നു. പതിനാറും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ക്രിസ്ത്യന്‍ മിഷ്യണറിമാര്‍ ഹിന്ദുജാതികളില്‍നിന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തു. പാശ്ചാത്യ മിഷ്യണറിമാര്‍ക്ക് അന്ന് ഇവിടെയുണ്ടായിരുന്ന ജാതി വ്യവസ്ഥകളെപ്പറ്റി വ്യക്തമായി അറിവില്ലായിരുന്നു. ഭാരത സര്‍ക്കാര്‍ ഇവരെ ഓ ബി സി ഗണത്തില്‍ ഉള്‍പ്പെടുത്തി. സത്യത്തില്‍ ജാതിവ്യവസ്ഥ ഉയര്‍ന്ന ജാതികളില്‍നിന്നും ഹിന്ദു ദളിതരുടെയിടയില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ക്രിസ്ത്യന്‍ ­ദളിതരുടെയിടയില്‍ പകര്‍ന്നു പിടിച്ചിരുന്നു. സുറിയാനി കത്തോലിക്കരും സുറിയാനി ഓര്‍ത്തോഡോക്‌സ്കാരും ദളിതരുടെമേല്‍ ബ്രാഹ്മണത്വം നടിച്ചുകൊണ്ട് അവരെ പീഡിപ്പിച്ചുകൊണ്ടുമിരുന്നു.

കരംചെടുവിലും ചുന്ദൂരിലും ദളിതര്‍ക്കെതിരെ നടന്ന ഭീകരാക്രമത്തില്‍ ഇരയായയതു കൂടുതലും ദളിത ക്രിസ്ത്യാനികളായിരുന്നു. ദളിതര്‍ക്കെതിരെയുള്ള സാമൂഹിക വ്യവസ്തക്കെതിരെ നിയമങ്ങളും ശരിയായി പരിരക്ഷ നല്‍കുന്നില്ലായെന്നുള്ളതും പരിതാപകരമാണ്. ദളിത് ക്രിസ്ത്യാനികളും ദളിത് മുസ്ലിങ്ങളും ഒരുപോലെ തുല്ല്യ പൌരാവകാശങ്ങള്‍ക്കായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല.

ഇന്ത്യയിൽ കത്തോലിക്കാസഭയ്ക്കു തന്നെ ആയിരക്കണക്കിന് കോളേജുകളും പതിനായിരക്കണക്കിനു സെക്കണ്ടറി സ്കൂളുകളും ഹൈസ്കൂളും െ്രെപമറിസ്കൂളും നൂറുകണക്കിന് മെഡിക്കല്‍ സ്ഥാപനങ്ങളുമുണ്ട്­. കൂടാതെ 7500 നേഴ്‌സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റലുകള്‍, 2800 ഡിസ്പന്‌സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭയുടെ നിയന്ത്രണത്തിലുണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‍സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിനു മൊത്തം കാണാം. സഭയുടെ അധീനതയിലുള്ള ബൃഹത്തായ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യാനികളില്‍നിന്നും പ്രൊഫസര്‍­മാര്‍­, ഫാക്കല്‍റ്റിഡീന്‍, ഡോകടര്‍മാര്‍, എന്നിവരില്‍നിന്നും നിയമിതരായിട്ടുള്ളവര്‍ വിരലിലെണ്ണാന്‍ പോലും കാണില്ല. ക്രിസ്ത്യന്‍ ദളിതരില്‍നിന്നും ഹോസ്പിറ്റലുകളില്‍ ഡോക്ടര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളില്‍ ഡയറക്റ്റര്‍മാരോ കാണ്മാന്‍പോലും കഴിയുകയില്ല.

ക്രിസ്ത്യന്‍ ദളിതര്‍ ഹിന്ദുമതത്തിലായിരുന്നപ്പോഴും ഉയര്‍ന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തിലേക്കു ചേര്‍ന്നത് ഹിന്ദുമൌലികവാദികളുടെ വര്‍ണ്ണ വ്യവസ്ഥയില്‍നിന്നു രക്ഷനേടുവാനായിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാര്‍ തങ്ങളെ തുല്യമായി പരിഗണിക്കുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ തങ്ങളുടെ സ്വപ്നങ്ങളെല്ലാം പാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവര്‍പോലും ഇന്നും ഇവരുടെ ഇടയില്‍ കുറവാണ്. സഭയ്ക്കുള്ളില്‍ ബ്രാഹ്മണരെപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ച് ദളിതര്‍ക്ക് അവരുടെ സമുദായ നവോത്ഥാനത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ കൊടുത്തില്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല. വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നതു തീര്‍ത്തും ലജ്ജാവഹമാണ്.

ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമം എന്ന വിഷയം സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയര്‍ത്തുകയെന്ന ഒറ്റ ലക്­ഷ്യം മാത്രമേ ക്രൈസ്തവ നേതൃത്വത്തിനുണ്ടായിരുന്നുള്ളൂ. അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ ഇരുന്നൂറില്‍പ്പരം ബിഷപ്പുമാരില്‍ ദളിതരായിയുള്ളതു വെറും നാലു ബിഷപ്പുമാരാണ്. പതിനായിരക്കണക്കിനു പുരോഹിതര്‍ ഭാരത സഭയ്ക്കുണ്ട്. ലക്ഷക്കണക്കിന്­ കന്യാസ്ത്രികളും. ഇവരില്‍ ദളിത് പുരോഹിതര്‍ ഭാരത സഭയ്ക്കുള്ളില്‍ കൂടിയാല്‍ നൂറില്‍പ്പരം കാണും.

ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടിക്കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത് വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത്­ ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്. സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമലക്­ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ?

ഇന്ത്യയിൽ നടപ്പിലുള്ള ജാതിവ്യവസ്ഥ നിയമവിരുദ്ധമെങ്കിലും ഇത് സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം. ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും. ദളിതരെന്നു പറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. എക്കാലവും അവരുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണു ഇൻഡ്യയിൽ നാം കാണുക. ഈ സാമൂഹിക വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തില്‍ ചേര്‍ന്നു. മുക്കുവക്കുടിലിലെ യേശുവിന്‍റെ സഭയില്‍വന്ന ഇവര്‍ എന്തു നേടി? സവര്‍ണ്ണ ക്രിസ്ത്യാനികളെന്ന മറ്റൊരു ഭീകരജീവിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച് മില്ല്യന്‍ ക്രിസ്ത്യാനികളില്‍ ഏകദേശം എഴുപത്തിയഞ്ചു ശതമാനവും ദളിതരാണ്.