യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം ദൗര്‍ഭാഗ്യകരം: പാര്‍ട്ടി ഒരു പ്രതികളേയും സംരക്ഷിക്കില്ലെന്ന് കോടിയേരി

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമെന്നും പാര്‍ട്ടി ഒരു പ്രതികളേയും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചികിത്സയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

കേസന്വേഷണത്തിന് യാതൊരു തടസവും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല. എസ്എഫ്‌ഐ വിഷയത്തില്‍ ഇടപെടുകയും ആരോപണ വിധേയര്‍ക്കെതിരെ നടപടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്തെല്ലാം അന്വേഷിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാതൃകാപരമായ നടപടി തന്നെ എസ്എഫ്‌ഐ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്നത് പ്രതിപക്ഷത്തിന്റെ പതിവ് ആരോപണം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

സ്വതന്ത്ര സംഘടനയായ എസ്എഫ്‌ഐ തന്നെയാണ് തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത്. പാര്‍ട്ടി ഒരു തീരുമാനവും എസ്എഫ്എക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ കോളേജു തന്നെ അവിടെ നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.