യൂണിവേഴ്‌സിറ്റി കോളേജിലെ കൊലപാതക ശ്രമം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ എസ്എഫ്ഐ ക്കാർ തന്നെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.

അമര്‍ എന്ന വിദ്യാര്‍ത്ഥിക്കെരിരെയും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. എന്നാല്‍ അമറിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. അമറും ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

അക്രമം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല എന്ന ആരോപണം ഉയരുമ്പോഴാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയെരു നടപടി. ആക്രമത്തില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. എസ്എഫ്‌ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബാണ് പിടിയിലായത്. പ്രധാന പ്രതികളുടെ വിവരങ്ങള്‍ എല്ലം ഉണ്ടായിട്ടും ഇതുവരെ അവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസിന് ആയിട്ടില്ല.

കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തില്‍ ഉണ്ടെന്ന് അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍ ആരേപിച്ചിരുന്നു. അതേസമയം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താന്‍ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം അഖിലിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. അന്വേഷണ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കണ്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ പറഞ്ഞു.

അതേസമയം, കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്നും അഖിലിന്റെ അച്ഛന്‍ പ്രതികരിച്ചു.