യൂണിവേഴ്‌സിറ്റി കോളേജില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

ഒരു കലാലയത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒരു തരത്തിലുള്ള ലാഘവത്വവും സര്‍ക്കാരിന്റെ നടപടികളില്‍ ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര നടപടികളുടെ ഭാഗമായി നടന്ന രാജ്യാന്തര വികസന പങ്കാളി സംഗമം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലോകബാങ്കിന്റെ വികസന പങ്കാളിത്തം കേരളത്തിന് ലഭിക്കുന്നത് വലിയ നേട്ടമാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപം നടത്താന്‍ ലോകബാങ്ക് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.