കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു

രാജ്യാന്തരനീതിന്യായ കോടതി(ഐ.സി.ജെ.) കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. കുല്‍ഭൂഷണ്‍ സുധീര്‍ ജാദവിന്റെ വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്നും രാജ്യാന്തരനീതിന്യായ കോടതി വിലയിരുത്തി. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനും കോടതി അനുമതി നല്‍കി. ഹേഗിലെ പീസ് പാലസില്‍ നടന്ന പബ്ലിക് സിറ്റിങ്ങില്‍ ജഡ്ജ് അബ്ദുള്‍ഖാഫി അഹമ്മദ് യൂസഫ് ആണ് വിധി പ്രസ്താവം നടത്തിയത്.

എന്നാല്‍ മോചിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം കോടതിക്ക് ഇടപെടാനാകില്ല എന്ന പാക്കിസ്ഥാന്റെ വാദം തള്ളിക്കൊണ്ട് നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ സൈനികകോടതി വധശിക്ഷ വിധിച്ചതിനെതിരേയാണ് ഇന്ത്യ ഐ.സി.ജെയാണ് സമീപിച്ചത്. 49 വയസുകാരനായ ജാദവ് ഇന്ത്യന്‍ മുന്‍ നാവിക ഓഫീസറാണ്.

ജാദവിന് ഇന്ത്യയില്‍നിന്നുള്ള കോണ്‍സുലാര്‍ സഹായംപോലും പാകിസ്താന്‍ നിഷേധിച്ചെന്നും ഇതു വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഐ.സി.ജെ. 2017 മേയ് എട്ടിനാണ് ഐ.സി.ജെയെ സമീപിച്ചത്. കേസില്‍ തീര്‍പ്പാകുന്നതു വരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് മേയ് 18ന് ഐ.സി.ജെ. പത്തംഗ ബെഞ്ച് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍വാധികം വഷളായ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാലുദിവസത്തെ തുറന്നവാദം നടന്നത്. ഇന്ത്യയും പാകിസ്താനും തങ്ങളുടെ വിശദമായ ഹര്‍ജികളും വാദങ്ങളും ഈ ഘട്ടത്തില്‍ നിരത്തിയിരുന്നു. പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണു കേസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഇന്ത്യയുടെ വന്‍ വിജയമെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിധി സ്വാഗതം ചെയ്യുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.