വിഴിഞ്ഞത്ത് കാമുകിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം വിഴിഞ്ഞത്ത് തന്നോടൊപ്പം ഇറങ്ങിച്ചെല്ലാൻ ആവശ്യപ്പെട്ടിട്ട് സമ്മതിക്കാത്തതിന് കാമുകിയുടെ വീട്ടുവളപ്പിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പബ്ലിസിറ്റി നേടുകയും തങ്ങളുടെ പ്രണയം മറ്റുള്ളവരെ അറിയിക്കുകയും അതുവഴി കാമുകിയുടെ മറ്റു വിവാഹങ്ങൾക്ക് തടയിടുകയുമായിരുന്നു തൻറെ ലക്ഷ്യമെന്നാണ് 29 കാരനായ യുവാവ് പറഞ്ഞു. ആഴാകുളം തൊഴച്ചിൽ സ്വദേശിയായ യുവാവിനെ വിഴിഞ്ഞം ഫയർഫോഴ്‌സ് ഏറെ പണിപ്പെട്ടാണ് വലയിൽ കുടുക്കി കിണറ്റിൽ നിന്നും പുറത്ത് എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യുവാവ് അയൽവാസിയായ യുവതിയുമായി പ്രണയത്തലായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ബഹളംവെച്ച ശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ പകുതിയോളം ഇറങ്ങി നിന്നുകൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി.

മണിക്കൂറുകളോളം കിണറ്റിൽ നിന്ന യുവാവ് തല ഭിത്തിയിൽ ഇടിപ്പിച്ച് മുറിവേൽപ്പിക്കുകകയും ചെയ്തു. അനുനയിപ്പിച്ച് പുറത്തിറക്കാൻ ഫയർഫോഴ്‌സ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഫയർമാൻ മോഹനൻ കിണറ്റിലിറങ്ങി. ഇതോടെ യുവാവ് കൈവിട്ട് കിണറ്റിലേയ്ക്ക് ചാടി. 10 അടിയിലേറെ വെള്ളമുണ്ടായിരുന്ന കിണറ്റിലേയ്ക്ക് ചാടി മുങ്ങിത്താഴ്ന്ന യുവാവിനെ രാത്രി 11.30 ഓടെ വലയിൽ കയറ്റി കരയ്ക്ക് എത്തിക്കുകയായിരുന്നു.