അമല പോളിന്‍റെ ‘ആടൈ’ വിലക്കണമെന്ന് ഡിജിപിക്ക് പരാതി

അമല പോള്‍ നായികയാവുന്ന പുതിയ സിനിമ ആടൈയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തക രാജേശ്വരി.പ്രിയ. പ്രശസ്തിക്കും പണത്തിനുമായി അമല പോള്‍ എന്തുംചെയ്യാന്‍ തയ്യാറാണെന്നും രാജേശ്വരി പ്രിയ ചെന്നൈയില്‍ പറഞ്ഞു.

ആടൈ സിനിമയ്ക്കു വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രിയ രാജേശ്വരി ഡിജിപിക്ക് പരാതി നൽകി. നഗ്നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പ്രിയ ആവശ്യപ്പെടുന്നത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്.

അതിനെതിരെ നടപടി എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം.വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ അമല പോളിന്‍റെ നഗ്നരംഗങ്ങൾ ഉപയോഗിക്കില്ലെന്ന് വിതരണക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പ്രിയ വ്യക്തമാക്കി.

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന അമല പോളിന് തമിഴ് സംസ്കാരത്തെക്കുറിച്ച് അറിയില്ല. നേരത്തെ മികച്ച റോളുകളില്‍ അഭിനയിച്ച് നിരവധി ആരാധകരെ നേടിയ ശേഷമാണ് അമല ഇത്തരം മോശം അഭിനയരീതിയിലേക്ക് തിരിഞ്ഞത്. തമിഴിൽ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച അവർക്ക് അങ്ങനെയൊരു സ്ഥാനമാണ് ജനങ്ങളുടെ ഹൃദയത്തിലുള്ളത്.

അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയിൽ അഭിനയിക്കുന്നതിന്‍റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. തന്‍റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ അഭിമുഖങ്ങളില്‍ പറയുന്നത്. പാഞ്ചാലിക്ക് സമാനമായിരുന്നു തന്‍റെ അവസ്ഥയെന്നും നടി പറഞ്ഞിരുന്നു. പാഞ്ചാലിയെക്കുറിച്ച് പറയാൻ അമലക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് പ്രിയ ചോദിക്കുന്നു.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇത്തരം സിനിമകള്‍ കാരണമാകുമെന്നും പ്രിയ പറഞ്ഞു. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. സിനിമയുടെ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്‍റെ മനസിലുണ്ടാവുന്ന ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്‍ക്കുന്നതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.