എത്ര ഉളുപ്പില്ലാതെയാണ് ഒരു സമര ചരിത്രത്തിനു മുകളിൽ മറ്റൊരു സംശയ ചരിത്രം പണിഞ്ഞു വയ്ക്കുന്നത്: ശ്രീദേവി എസ് കർത്താ

എത്ര വേഗമാണ്, എത്ര ഉളുപ്പില്ലാതെയാണ്, എത്രഗൂഢ ആഹ്ലാദത്തോടെയാണ് ഒരു സമൂഹം ഒരു സമര ചരിത്രത്തിനു മുകളിൽ മറ്റൊരു സംശയ ചരിത്രം പണിഞ്ഞു വയ്ക്കുന്നത് എല്ലാം അടയാളങ്ങളേയും തനിക്കിഷ്ടമുള്ള പോലെ അളന്നു തൂക്കി അടുക്കി മാറ്റുന്നത് !! പിനീട് അതും തകർക്കുന്നത് എന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശ്രീദേവി.എസ്.കർത്താ. യൂണിവേഴ്സിറ്റി കൊളീജിലെ അനിഷ്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐ ക്കെതിരെയുള്ള, കേരളത്തിൽ പോലീസ് സ്റ്റേഷന്‌ വരെ ബോംബെറിഞ്ഞ സംഘ്പരിവാറിന്റെ ആസൂത്രണത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ഹെയ്റ്റ്‌ കാമ്പയിനോട് പ്രതികരിച്ചുകൊണ്ട് ഫെയ്‌സ്‌ബുക്കിൽ ഇട്ട കുറിപ്പിലാണ് ശ്രീദേവി ഇങ്ങനെ കുറിച്ചത്.

ഫെയ്സ്ബൂക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അര മണിക്കൂർ മുൻപ് വട്ടിയൂർകാവിനടുത്തുള്ള ഒരു ബേക്കറിയിൽ സാധനം വാങ്ങാൻ കേറി .കടയിൽ വന്ന ഒരാൾ അല്പം പരിഹാസത്തോടെ കടയിൽ നിൽക്കുന്ന ചെറുപ്പക്കാരനോട് ചോദിക്കുന്നു “ഇയാൾ SFI ആണോടോ ?കണ്ടിട്ട് അങ്ങിനെ തോന്നുന്നു .കൈയിൽ പിച്ചാത്തിയോ മറ്റോ ഒണ്ടോ “എന്നിട്ട് ഒരു ഇളിഭ്യ ചിരി .പയ്യൻ ഇല്ല എന്ന തല കുനിച്ചു കൊണ്ട് പറയുന്നു .അപ്പോൾ അടുത്ത് നിന്ന പയ്യൻ പറയുകയാണ് “അയ്യോ അവനൊരു അപ്പാവി ..ഇവിടുത്തെ പണി കഴിഞ്ഞാ സെക്യൂരിറ്റി പണിയൊക്കെ ചെയ്താണ് ജീവിക്കുന്നത് “രണ്ടു പേരും വ്യംഗ്യമായി പറഞ്ഞതു ഒരേ കാര്യമാണ് .അന്തസ്സായി പണിയെടുത്തു ജീവിക്കുന്ന ഒരു മനുഷ്യൻ SFI ആവില്ല .ആദ്യത്തെ ആൾക്ക് ആ സംശയം ഉണ്ടാകാനുള്ള കാരണം ?പയ്യൻ കറുത്തവൻ .ഉറച്ച ശരീരമുള്ളവൻ .ഗുണ്ടയെ പോലെ തലമുടി പറ്റെ വെട്ടിയവൻ .അവന്റെ പക്കൽ ഏതു നിമിഷവും പള്ളക്ക് കയറാവുന്ന ഒരു കത്തി ചോര കൊതിച്ചു ഇരിപ്പുണ്ട് !അയാൾക്ക് അത് അത്ര ഉറപ്പുണ്ട് !!

എത്ര വേഗമാണ്, എത്ര ഉളുപ്പില്ലാ തായാണ്, എത്ര ഗൂഢ ആഹ്ലാദത്തോടെയാണ് ഒരു സമൂഹം ഒരു സമര ചരിത്രത്തിനു മുകളിൽ മറ്റൊരു സംശയ ചരിത്രം പണിഞ്ഞു വയ്ക്കുന്നത് ..എല്ലാം അടയാളങ്ങളേയും തനിക്കിഷ്ടമുള്ള പോലെ അളന്നു തൂക്കി അടുക്കി മാറ്റുന്നത് !! പിനീട് അതും തകർക്കുന്നത്..

ഒരു കോളേജിന് ,അവിടെ നടന്ന സാമൂഹിക ,രാഷ്ട്രീയ ,സാംസ്‌കാരിക വിനിമയത്തിന് എങ്ങിനെ ജീവിതത്തിൽ ഉടനീളം ധാർമികവും ,മാനുഷികവും ,പ്രകൃതി പക്ഷവുമായ നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ഊർജമായി തുടരാൻ കഴിയുന്നു എന്ന അത്ഭുതം ജീവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ .ഞാൻ മാത്രമല്ല എന്നോടൊപ്പം 82കാലഘട്ടങ്ങളിൽ അവിടെയുണ്ടായിരുന്നു ഓരോ സുഹൃത്തും ആ അതിശയകരമായ ഈ ജൈവ സാന്നിധ്യം അനുഭവിച്ചിട്ടുണ്ടാകും .അവരുടെ പിൽക്കാല ജീവിതവും ശരികളുമാണ് സാക്ഷ്യം . .അവർ എല്ലാവരും ഇടതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായവരായിരുന്നില്ല .എന്നാൽ ഭൂരിഭാഗവും ആയിരുന്നു .

ജനാധിപത്യബോധം വിദ്യാർഥികളുടെ പൊതു ബോധത്തിന്റെ അടിസ്ഥാനമായിരുന്ന കാലഘട്ടമായിരുന്നതിനാൽ ഏർപ്പെടുന്ന ഏതൊരു പ്രവർത്തിയിലും എന്തിലും സർഗാത്മകതയുടെ ഒരു പ്രകാശം സ്വാഭാവികമായിരുന്നു .വ്യക്തിയുടെ വളരാനും ,അന്വേഷിക്കാനും ,ചോദ്യം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം എന്ന ആശയമായിരുന്നു എല്ലാ അടിപിടികളിലും ,സമരങ്ങളിലും ,കാവ്യ ,നാടക ,സിനിമ ,പരീക്ഷണങ്ങളിലും ,അധ്യാപക വിദ്യാർഥി ബന്ധങ്ങളിലും അടിയൊഴുക്കായി ഗതി നിർണയിച്ചു കൊണ്ടിരുന്നത് ..ഇന്ന് അതെല്ലാം ” അയ്യോ നഷ്ടമായി” എന്നൊന്നും തോന്നുന്നില്ല ..

പക്ഷെ കുട്ടികൾ തമ്മിലും അധ്യാപകരും വിദ്യാർഥികൾ തമ്മിലും അക്കാദമിക് സംവിധാനങ്ങളിലും എന്തോ തരത്തിൽ അരുതാത്ത നിര്ബന്ധബുദ്ധിയും ,കാർക്കശ്യവും ,പുതിയ ഭാവുകത്വത്തെ കുറിച്ചുള്ള പുതു വഴികളുടെ അന്വേഷണം ഇല്ലായ്മയും വ്യക്തമായി കാണുന്നു സങ്കടകരമാണ് .അപമാനകരവും .

ആ ചുവന്ന എടുപ്പുകളും ഇടനാഴികളും ഇലച്ചാർത്തുകളും ഏതെങ്കിലും ഒരു കുട്ടിക്കെങ്കിലും അഭയമമായി തോന്നുന്നില്ല എങ്കിൽ അവിടെ ഉള്ള പ്രധാന വിദ്യാർഥി പ്രസ്ഥാനം തങ്ങൾ എന്ത് തരം ജീവിത വിശ്വാസമാണ് മുന്നോട്ട് വയ്ക്കുന്നത്, ഏതു പ്രത്യയശാസ്ത്ര ബോധത്താലാണ് നയിക്കപ്പെടുന്നത് എന്ന് തിരിച്ചറിയണം ..അതിനു താമ സിക്കുന്തോറും ആ കലാലയത്തിന്റെ ചരിത്രവും അത് പ്രതിനിധാനം ചെയുന്ന ലോക വീക്ഷണവും തകരണമെന്നു കാലങ്ങളായി ആഗ്രഹിക്കുന്നവരുടെ കളരിയിലെ കച്ച നിങ്ങളുടെ അരയിൽ കൂടുതൽ മുറുകും .അതിന്റെ മുകളിൽ അണിഞ്ഞിരിക്കുന്ന കയർ അവരുടെ കൈയിലാണ് ..അതിന്റെ വലിക്കൊപ്പം ചാടി കളിച്ചു കൊണ്ടാണ് കേമത്തം കാണിക്കുന്നതെങ്കിൽ കേരളത്തിന്റെ ഭാഗധേ യത്തിൽ നിർണായകമായ പങ്കു വഹിച്ച ഒരു പാട് മനുഷ്യരെ അവരാക്കി മാറ്റിയ കോളേജിന്റെ പൂർവ ചരിത്രം മാത്രമല്ല കേരളത്തിന്റെ സാംസ്കാരിക ഭാവിയും വലിയ ഇരുട്ടിലേക്ക് വീണു പോകും ..ഉത്തരവാദിത്വ ബോധമാണ് ഒരു കോമാളിയെ പോരാളിയാക്കുന്നത് എന്ന തിരിച്ചറിവിന് കണ്ണു തുറന്നാൽ മതി ആരുടേയും കരളു തുരക്കേണ്ടതില്ല.