മനുഷ്യ നേട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു അധ്യായം എഴുതി ചേര്‍ത്ത ദിവസം

1969 ജൂലായ് 21 ഇന്ത്യൻ സമയം പുലർച്ചെ 1.48.(അമേരിക്കൻ  സമയം ജൂലൈ 20രാത്രി 10.56) 

മനുഷ്യ നേട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു അധ്യായം എഴുതി ചേര്‍ത്ത ദിവസമാണ്  ജൂലായ് 21. 1969-ല്‍ ഇതുപോലൊരു ദിവസമാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതും അവിടുത്തെ കുറച്ച് മണ്ണും പാറയും ഇങ്ങോട്ടുകൊണ്ടുവന്നതും. നീല്‍ ആംസ്ട്രോങ് ആണ് ചന്ദ്രന്‍റെ മണ്ണില്‍ സ്പര്‍ശിച്ച ആദ്യ മനുഷ്യന്‍. പിന്നാലെ സഹയാത്രികനായ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. ആംസ്ട്രോങ്ങ് ഇറങ്ങി 19 മിനിറ്റിനു ശേഷമായിരുന്നു ആല്‍ഡ്രിന്‍ നിലം തൊട്ടത്. ചന്ദ്രനിലിറങ്ങിയ രണ്ടുപേരും ചേര്‍ന്ന് ചന്ദ്രോപരിതലത്തില്‍ ഒരു യു.എസ്. പതാക സ്ഥാപിക്കുകയായിരുന്നു ആദ്യം ചെയ്തത്. അതിനുശേഷം ഇരുവരും ചന്ദ്രോപരിതലത്തിലൂടെ നടന്നു നീങ്ങി. ശരിക്കു പറഞ്ഞാല്‍ ജൂലായ്20 രാത്രി അതായത് 21 പുലര്‍ച്ചെ 1.40 ആയിരുന്നു ഇതു സംഭവിച്ചത്. 

മഹത്തായ ചാന്ദ്രയാത്ര പലര്‍ക്കും ഇന്ന് ആവേശംകുറഞ്ഞ ഒരു പഴങ്കഥയാണ്. മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ടോ എന്നുപോലും ആളുകള്‍ സംശയം പ്രകടിപ്പിക്കുന്ന കാലമാണിത്. മനുഷ്യനിര്‍മിതമായ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയെ ചുറ്റുകയും ചൊവ്വയില്‍ പോയി മണ്ണുമാന്തുകയും പ്ലൂട്ടോവിന്റെ ക്ലോസപ് ചിത്രങ്ങള്‍ അപഗ്രഥിക്കുകയും ചെയ്യുന്ന ഇക്കാലത്ത് എന്ത് ചന്ദ്രന്‍? ചാന്ദ്രയാത്ര എന്ന മഹാസംഭവത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ നോക്കിക്കാണാനോ മനസ്സിലാക്കിക്കൊടുക്കാനോ കഴിയാതെ പോയതുകൊണ്ടാണിത്. മഹത്തായ നേട്ടങ്ങളെ നമുക്ക് മലകയറ്റത്തോട് ഉപമിക്കാം. പലപ്പോഴും ഓരോ മലകയറുമ്പോഴും കൂടുതല്‍ ഉയരമുള്ള മറ്റൊരു മല മുന്നിലുണ്ടാകും. അപ്പോള്‍ നാം കയറിയ മല നിസ്സാരമെന്ന് തോന്നും. പക്ഷേ, താഴെ നോക്കിയാല്‍ നാം എത്ര ഉയരത്തിലാണെന്ന് മനസ്സിലാകും. മഹത്തായ ചാന്ദ്രവിജയവും ഏതാണ്ടിങ്ങനെത്തന്നെ. 

പക്ഷികളെപ്പോലെ മാനത്ത് പറക്കുക എന്നത് ഒരുകാലത്ത് മനുഷ്യന്റെ സ്വപ്നം മാത്രമായിരുന്നു. പക്ഷേ, വിമാനം കണ്ടുപിടിച്ചപ്പോള്‍ ആ സ്വപ്നം സഫലമായി. ഭൂമിയെന്ന തൊട്ടിലില്‍ കിടന്ന കുട്ടി ഗുരുത്വാകര്‍ഷണം ഭേദിച്ച് അനന്താകാശത്തിലേക്ക് ഊളിയിട്ട് കുതിച്ചു. അതിനെല്ലാം അവനെ സഹായിച്ചത് അതേവരെ കരഗതമായ ശാസ്ത്രനേട്ടങ്ങളായിരുന്നു. ബഹിരാകാശ വിജയങ്ങള്‍ക്ക് മനുഷ്യനെ സഹായിച്ചത് റോക്കറ്റുകളായിരുന്നു. ഇത്തരം റോക്കറ്റുകളെക്കുറിച്ച് ചിന്തിക്കാന്‍ അവനെ പ്രേരിപ്പിച്ചത് ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളായിരുന്നു. അങ്ങനെയങ്ങനെ പിറകോട്ടുപോയാല്‍ അലഞ്ഞുതിരിഞ്ഞ ഒരു ആദിവാസിയിലോ ഗുഹാമനുഷ്യനിലോ നാം ചെന്നെത്തും. ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രം പ്രപഞ്ചസത്യം തേടിയുള്ള ഒരന്വേഷണമായിരുന്നു. അതിലെ ഇന്നലെകള്‍ ഓരോ ചവിട്ടുപടികളായിരുന്നു. നാമിപ്പോള്‍ ഒരു ഉയര്‍ന്ന പടിയില്‍ നില്‍ക്കുന്നുവെന്നേയുള്ളൂ. ചാന്ദ്രവിജയത്തിലെ ഇതിഹാസനായകന്‍ നീല്‍ ആംസ്ട്രോങ്ങിന്റെ വാക്കുകള്‍തന്നെയെടുക്കാം: ”മനുഷ്യന്റെ ഒരു ചെറിയ കാല്‍വെപ്പ്, മാനവരാശിയുടെ മഹത്തായ കുതിച്ചുചാട്ടം.”

കമ്പ്യൂട്ടറുകളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഒന്നുമില്ലാത്ത ഒരുകാലത്ത് ഒരു കൊച്ചു കൂട്ടിനുള്ളില്‍  നീല്‍ ആംസ്‌ട്രോംങ്, എഡ്വിന്‍  ആല്‍ഡ്രിന്‍, മൈക്കേല്‍ കോളിന്‍സ് എന്നീ ബഹിരാകാശ യാത്രികര്‍ 366 അടി ഉയരമുള്ള (36 നില കെട്ടിടത്തിന്റെ ഉയരം) സാറ്റേണ്‍ 5 എന്ന പടുകൂറ്റന്‍ റോക്കറ്റില്‍ കയറി   ആകാശത്തിന്റെ അനന്തതയിലേക്ക് കുതിച്ച കഥ മാനവരാശിയുള്ള കാലത്തോളം മറക്കാന്‍ കഴിയുന്നതല്ല. 

അപ്പോളോ 11 എന്ന ബഹിരാകാശ വാഹനവും കൊണ്ടാണ് സാറ്റേണ്‍ 5 കുതിച്ചത്. ആ യാത്രയില്‍ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ‘ഈഗിള്‍’ എന്ന ചാന്ദ്ര പേടകത്തിലാണ് ആംസ്‌ട്രോങും ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയത്.  ആ സമയം ‘കൊളംബിയ’ എന്ന മറ്റൊരു പേടകത്തില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുകയായിരുന്നു കോളിന്‍സ്.

ഈ അമേരിക്കന്‍ വിജയഗാഥയ്ക്കു പിന്നില്‍ സോവിയറ്റ് യൂണിയനുമായി ബന്ധപ്പെട്ട ഒരു ശീതസമരത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. 1957-ല്‍ സോവിയറ്റ് യൂണിയന്‍ ‘സ്പുട്നിക്’ എന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചപ്പോള്‍ അമേരിക്ക ശരിക്കും ഞെട്ടി. 1961- ല്‍ യൂറിഗഗാറിന്‍ എന്ന സോവിയറ്റ് ഗഗനചാരി ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ചപ്പോള്‍ ആ ഞെട്ടല്‍ അങ്കലാപ്പായി. പിന്നീട് റഷ്യ വിക്ഷേപിക്കുന്ന ഓരോ റോക്കറ്റുകളും അമേരിക്കന്‍ അഭിമാനത്തിനേല്‍ക്കുന്ന തീപ്പന്തങ്ങളായിരുന്നു. 

അമേരിക്കയും വിട്ടില്ല, അവരുടെ മണ്ണില്‍ നിന്നും ചന്ദ്രനെ ലക്ഷ്യമാക്കി റോക്കറ്റുകള്‍ കുതിച്ചു. റേഞ്ചര്‍, സര്‍വേയര്‍ മുതലായ പരമ്പരകള്‍ അമേരിക്കയ്ക്ക് ചന്ദ്രനെക്കുറിച്ച് നിരവധി വിവരങ്ങള്‍ നല്‍കി. റഷ്യയ്ക്ക് മുൻപേ മനുഷ്യനെ ചന്ദ്രനിലിറക്കിയേ മതിയാകൂ എന്ന് അമേരിക്ക ഉറപ്പിച്ചു. അങ്ങനെ മനുഷ്യനെ ചന്ദ്രനിലിറക്കാനായി അമേരിക്ക രൂപംകൊടുത്ത ബൃഹത് പദ്ധതിയായിരുന്നു അപ്പോളോ പ്രോജക്ട്. ലോകത്തില്‍ അന്നേവരെ നടപ്പാക്കിയ ഏറ്റവും ചെലവേറിയതും പ്രാധാന്യം അര്‍ഹിക്കുന്നതുമായിരുന്നു ഈ പ്രോജക്ട്.

അപ്പോളോ 11 പരിപൂര്‍ണ വിജയമായിരുന്നു. തുടര്‍ന്ന് അപ്പോളോ 13 ഒഴികെ 17 വരെ  പദ്ധതികളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങി. അപ്പോളോ പദ്ധതികള്‍ക്ക്ശേഷം ഏറെക്കാലം ചാന്ദ്രപഠനത്തില്‍ അമേരിക്ക വലിയ താത്പര്യമൊന്നും കാണിച്ചില്ല. ചാന്ദ്രയാത്ര ലാഭകരമല്ലെന്നുപറഞ്ഞ് പദ്ധതികളെല്ലാം ചുരുക്കുകയായിരുന്നു.   

1972-ന് ശേഷം ഏറെക്കാലം ചന്ദ്രന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാതെയായി. അങ്ങനെയാണ് 1994-ല്‍ ‘ക്ലമന്റെന്‍’ എന്ന അമേരിക്കന്‍ ബഹിരാകാശവാഹനം ചന്ദ്രന്റെ ധ്രുവപ്രദേശത്ത് ഹിമരൂപത്തില്‍ ജലം കണ്ടെത്തുന്നത്. അതോടെ സുഷുപ്താവസ്ഥയിലായിരുന്ന ചന്ദ്രപഠനങ്ങള്‍ക്ക് ചിറക് മുളയ്ക്കാന്‍ തുടങ്ങി. അമേരിക്ക ചന്ദ്രപഠനത്തില്‍ സജീവമായി. അവരെ കൂടാതെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ESA) ചൈനയും ഇന്ത്യയും ജപ്പാനും രംഗത്തുവന്നു. ESA യുടെ സ്മാര്‍ട്ട്-1, ജപ്പാന്റെ സെലിന്‍, ചൈനയുടെ ചാംഗ് പരമ്പര മുതലായവ ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രയാന്‍-ഒന്ന് ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയത് ഒരുപക്ഷേ, ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രനേട്ടങ്ങളില്‍ ഒന്നുതന്നെയായിരിക്കും. 
അമേരിക്കയുടെ LRO, GRAIL, LADEE  എന്നിങ്ങനെയുള്ള നിരവധി പേടകങ്ങള്‍ ചന്ദ്രന്റെ പുതിയ മുഖമാണ് നമുക്ക് പരിചയപ്പെടുത്തിത്തന്നത്.

ഭൂമി മനുഷ്യന്റെ സ്ഥിരതാവളമെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ മനുഷ്യര്‍ ബഹിരാകാശത്തേക്കും അന്യ ഗോളങ്ങളിലേക്കും കുടിയേറിപ്പാര്‍ക്കും. അതിന്റെ ആദ്യത്തെ ചവിട്ടുപടിയാണ് ചന്ദ്രന്‍. അതുകൊണ്ടുതന്നെ 1970-കളില്‍ ഉണ്ടായിരുന്ന, എന്തിന് ചന്ദ്രനില്‍ പോകണമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ലോകത്തിലെ പ്രമുഖ രാജ്യങ്ങളെല്ലാം ഇപ്പോള്‍തന്നെ നേരിട്ടോ അല്ലാതെയോ ചാന്ദ്രപഠനവുമായി ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ചാന്ദ്രപഠനം ഇപ്പോഴൊരു സ്വപ്നാടനകൗതുകമല്ല. ഭാവിലോകത്തെ തുറിച്ചുനോക്കുന്ന ഊര്‍ജപ്രതിസന്ധിക്ക് ചന്ദ്രനിലെ ഹീലിയം-3 ഒരു മറുപടിയാവാം. ഒരു ചാന്ദ്രകോളനി എന്നത് അമേരിക്കയുടെയും റഷ്യയുടെയും സ്വപ്നമാണ്. മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ കച്ചകെട്ടിയവരുടെ കൂട്ടത്തില്‍ ഇന്ത്യയും ചൈനയുമുണ്ട്. വിലകൂടിയ വെള്ളിവരെ ചന്ദ്രനില്‍ ലഭ്യമാണെന്ന് പറയപ്പെടുന്നു.

മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചതും കണ്ടതും ഓസ്ട്രേലിയയിലായിരുന്നു. ഓസ്ട്രേലിയയിലെ കാന്‍ബെറക്ക് സമീപത്തുണ്ടായിരുന്ന ഹണിസക്കിള്‍ ക്രീക്ക് ട്രാക്കിങ് സ്റ്റേഷനിലായിരുന്നു മനുഷ്യന്റെ ചരിത്രപരമായ ആ കാല്‍വെപ്പിന്റെ ദൃശ്യങ്ങള്‍ ആദ്യമെത്തിയത്. അപ്പോളോ ദൗത്യത്തിനായി പ്രത്യേകം സജ്ജീകരിച്ച ആ ട്രാക്കിങ് സ്റ്റേഷന്‍ ഇപ്പോള്‍ നിലവിലില്ല. ചന്ദ്രനിലേക്കുള്ള യാത്രക്കിടെ യാത്രികരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും അന്ന് ഭൂമിയില്‍ മൂന്നിടത്ത് ട്രാക്കിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.