കടബാധ്യത, ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടി വെച്ച് മരിച്ചു

ഇടുക്കിയില്‍ എസ്റ്റേറ്റ് പൂപ്പാറക്കു സമീപം കര്‍ഷകന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. കാക്കുന്നേല്‍ സന്തോഷ് (46) ആണ് ഇന്ന് വൈകുന്നേരം മൂന്നരയോടെ വീടിനുള്ളില്‍ ആ്മഹത്യ ചെയ്തത്. സംഭവ സമയം സന്തോഷ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ രജനിയും മകന്‍ അര്‍ജുനും വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു.

വെടി ശബ്ദം കേട്ട് ഇവരും അടുത്ത വീട്ടില്‍ ഉള്ളവരും ഓടി എത്തിയപ്പോള്‍ തലയ്ക്കും കഴുത്തിനും പരുക്കേറ്റ നിലയില്‍ സന്തോഷിനെ കണ്ടു. തുടര്‍ന്ന് സന്തോഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു മാസം മുന്‍പ് മരത്തില്‍ നിന്നു വീണ് സന്തോഷിനു പരുക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി സന്തോഷ് നാട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ സഹകരണ ബേങ്കില്‍ നിന്നും 4 ലക്ഷത്തോളം രൂപ വായ്പ എടുത്തിട്ടുണ്ട്.

30 സെന്റ് കൃഷി ഭൂമി ആണ് സന്തോഷിന് ഉള്ളത്. മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്തതും കടബാധ്യതയും ആണ് സന്തോഷിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അർച്ചന, അർജുൻ എന്നിവർ മക്കളാണ്.