കര്‍ണാടക: അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി വിമതര്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയില്‍ തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹരജിയുമായി സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതിന് പിറകെയാണ് 14 വിമതര്‍കൂടി കോടതിയെ സമീപിച്ചിരിക്കുന്നത്.

16 പേരെ കൂട്ടത്തോടെ അയോഗ്യരാക്കിയതോടെ, നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെടുമെന്ന് ഉറപ്പായി. 224 അംഗ നിയമസഭയില്‍ 105 അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്കു കേവലഭൂരിപക്ഷമില്ല. അതേ സമയം 16 വിമതര്‍ പുറത്തുപോയാല്‍ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാള്‍ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. അധികമായുള്ള ഒരു എംഎല്‍എയാണ് യെദ്യൂരപ്പ സര്‍ക്കാറിനെ നിലനിര്‍ത്തുന്നത്. തിങ്കളാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ്.