ജൂലൈ 30: സംവിധായകൻ ഭരതൻ ഓർമ്മയായിട്ട് ഇന്ന് 21 വർഷം

മലയാള സിനിമയ്ക്ക് അന്നുവരെ അപരിചിതമായിരുന്ന ഭാവവും രൂപവും സൗന്ദര്യ സങ്കൽപ്പങ്ങളും നൽകി കടന്നുവന്ന ഭരതൻ 1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത എങ്കക്കാട്ട്, പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായി ജനിച്ചു. പ്രശസ്ത നാടക-സിനിമാനടിയും ഇപ്പോഴത്തെ സംഗീതനാടക അക്കാദമി ചെയർപ്പേഴ്സനുമായ ശ്രീമതി കെ.പി.എ.സി. ലളിതയാണ് ഭരതന്റെ സഹധർമിണി. അവർക്ക് രണ്ടു മക്കൾ – ശ്രീക്കുട്ടിയും സിദ്ധാർത്ഥും.. മകൻ സിദ്ധാർഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്. സിനിമ സംവിധായകൻ എന്നതിനെക്കാൾ ഉപരി ഭരതൻ ഒരു ചിത്രകരനും അയിരുന്നു.

വടക്കാഞ്ചേരി ഗവ. ഹൈസ്കൂളിലും തൃശൂർ ആർട്സ് കോളേജിലുമായി പഠനം. അദ്ദേഹത്തിന്റെ പിതൃസഹോദരൻ കൂടിയായ പ്രശസ്ത സംവിധായകൻ പി.എൻ.മേനോനിൽ നിന്നും പ്രചോദിതനായി സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ എടുത്ത ശേഷം പ്രശസ്ത സംവിധായകൻ വിൻസന്റിനൊപ്പം ഉദയായുടെ ഗന്ധർവ്വ ക്ഷേത്രമെന്ന ചിത്രത്തിൽ കലാ സംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചെണ്ടയെന്ന ചിത്രത്തിൽ വിൻസന്റിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുകയുണ്ടായി. ഭരതൻ എങ്കക്കാട് എന്ന പേരിലായിരുന്നു ആദ്യ സംരംഭങ്ങളിലെല്ലാം അറിയപ്പെട്ടിരുന്നത്. പിന്നീട് ‘എങ്കക്കാട്’ എന്നത് അപ്രത്യക്ഷമായി മലയാളികളുടെ പ്രിയങ്കരനായ ‘ഭരതൻ’ ആയി.

വര്‍ണ്ണങ്ങളുടെ ആഴക്കാഴ്ചയും സംഗീതത്തിന്റെ സാന്ദ്രതയുമുണ്ടായിരുന്ന വളരെ സെന്‍സിറ്റീവായ ഭരതന്‍ ചിത്രങ്ങള്‍ കാല്പനികതയുടെ റിയലിസ്റ്റിക്ക് കാഴ്ചകള്‍ തന്നെയായിരുന്നു. ആര്‍ട്ട് സിനിമകളും മുഖ്യധാരസിനിമകളും നിശിതമായ രണ്ടു വഴികളിലൂടെ മുന്നേറുന്ന കാലത്താണ് ഇവയെ കൂട്ടിയിണക്കുന്ന ചിത്രങ്ങളുമായി ഭരതനും കൂട്ടരും കടന്നുവരുന്നത്. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും കുറെക്കൂടി അടുത്തും ഒപ്പം വ്യത്യസ്തമായും ഭരതന്‍ സിനിമകളില്‍ അവതരിപ്പിച്ചു. ചിരിയും കരച്ചിലും പകയും സെക്‌സും വയലന്‍സും എല്ലാം. പക്ഷേ അതിനെല്ലാം ഒരു ഭരതന്‍ ടച്ചുണ്ടായിരുന്നു, എന്തും വേറിട്ടുകാണുന്ന നിരീക്ഷണം. ഭരതന്‍ സിനിമകളിലൂടെയാകണം പ്രേക്ഷകന്‍ മരംചുറ്റി പ്രേമത്തിനു പകരം മനസിലെ തുള്ളിത്തുളുമ്പുന്ന പ്രണയ കൗതുകങ്ങള്‍ തിരിച്ചു പിടിച്ചത് സംവിധായകന്റെ കലയാണ് സിനിമയെന്നു ഉറപ്പിക്കുന്ന നിര്‍മിതികളായിരുന്നു അത്. വിജൃംഭിതമായ അവസ്ഥയിലായിരുന്നില്ല ഭരതന്‍ സിനിമകളിലെ സെക്‌സ്. അതിലുമൊരു കലയുണ്ടായിരുന്നു. പഴയ ക്ഷേത്രങ്ങളിലെ രതിശില്‍പ്പങ്ങള്‍പോലെ.

മലയാളസിനിമയുടെ സുവര്‍ണ്ണകാലത്തിന്റെ ഛായക്കൂട്ടുകള്‍ക്ക് ദൃശ്യചാരുതയേകിയ ഭരതന്‍, പുതിയതലമുറയുടെ കാഴ്ചക്ക് വലിയ പിന്തുണയേകികൊണ്ട് ഓര്‍മ്മകളില്‍ നിറഞ്ഞു നില്ക്കുന്നു. ഭരതന്‍, പത്മരാജന്‍, കെ.ജി.ജോര്‍ജ്ജ്, മോഹന്‍, ജോണ്‍പോള്‍, ഐ. വി. ശശി എണ്‍പതുകളില്‍ മലയാളിയുടെ ഹൃദയമിടിപ്പിന് വൈവിധ്യമാര്‍ന്ന വൈകാരികത സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു. മനുഷ്യജീവിതത്തേയും പ്രപഞ്ചത്തേയും അതിന്റെ എല്ലാവിധ സ്വഭാവങ്ങളുംകൂടി ചായങ്ങളില്‍ ഒരുക്കിയിടത്തുനിന്നാണ് ജീവിതവികാരങ്ങളെ കറുപ്പിലും വെളുപ്പിലും നിറങ്ങളിലും ക്യാമറകളില്‍ എഴുതുന്ന ചലച്ചിത്രത്തിലേക്കു അദ്ദേഹം വന്നത്. ജീവിതത്തേയും നിറങ്ങളേയും കുറിച്ചുള്ള തിരിച്ചറിവില്‍ അസത്യങ്ങളെ സത്യമാക്കുന്ന സിനിമ അങ്ങനെ ഭരതന്റെ കയ്യില്‍ ഭദ്രമായി.

സാമൂഹ്യജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ, ആണ്‍പെണ്‍ സംജ്ഞകളുടെ ഉള്ളില്‍ തൊടുന്ന ഭാവതലങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് കാഴ്ചയുടെ പുതിയ ഘടനപ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ഭരതനു സാധിച്ചിരുന്നു. ലോകസിനിമകളുടെ നിലവാരമുള്ള നിരവധി ഫ്രെയിമുകളും, മൂഡും, പ്രമേയങ്ങളും കൊണ്ട് കാഴ്ചക്കാരില്‍ ക്‌ളാസിക് അനുഭവങ്ങള്‍ തീര്‍ക്കാന്‍ ഭരതനു സാധിച്ചത് സര്‍ഗ്ഗസിദ്ധിയുടെ വൈശിഷ്ട്യം ഒന്നുകൊണ്ടു മാത്രമാണ്.

കലാസംവിധാനം, സംവിധാനം തുടങ്ങി കൈവെച്ച മേഖലയില്‍ രണ്ട് ദേശീയ അംഗീകാരങ്ങളും പന്ത്രണ്ടോളം സംസ്ഥാന പുരസ്‌കാരങ്ങളും ഭരതനും, ഭരതന്‍ ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. മലയാളസിനിമയെ വിലയിരുത്താന്‍ ശ്രമിക്കുന്ന പഴയതും പുതിയതുമായ നിരൂപകര്‍ എന്നും എടുത്തുപറയുന്ന ഒരു പിരീയഡിന്റെ ഏറ്റവും വലിയ വക്താവായിരുന്നു ഭരതന്‍.

അമ്പതാം വയസസ്സില്‍ ജീവിതത്തോട് വിടപറയുമ്പോള്‍ ഭരതന് തന്റെ കരിയറിനെ അടയാളപ്പെടുത്തുവാന്‍ നാല്പതില്‍ പരം ചിത്രങ്ങളുണ്ട് വ്യത്യസ്ത ഭാഷകളിലായി. പ്രയാണം, ചാമരം, വൈശാലി, കാറ്റത്തെ കിളിക്കൂട്, താഴ്‌വാരം, ഓര്‍മ്മയ്ക്കായ്, തകര, തേവര്‍മകന്‍ ഇങ്ങനെ എന്നും പച്ചയായി നില്‍ക്കുന്ന നിരവധി ചിത്രങ്ങളിലൂടെ ഭരതന്‍ കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് കടന്നു കയറി ചെല്ലുന്നുണ്ട്.

ഒരു പക്ഷേ ഭരതന്‍ സിനിമകളുടെ കാലത്തേക്കാള്‍ അവ ചര്‍ച്ചചെയ്യപ്പെടുന്നതും ക്രിയാത്മകമായി കണ്ടെത്തപ്പെടുന്നതും ഇന്നത്തെ കാലത്താണ്. യഥാര്‍ത്ഥകലാരൂപങ്ങള്‍ വീണ്ടും വീണ്ടും വിചാരണചെയ്യപ്പെടുകയും വിലയിരുത്തപ്പടുകയും ചെയ്യുക സ്വാഭാവികം മാത്രം. കാലത്തിനും തലമുറകള്‍ക്കും മറന്നു പോകാന്‍ കഴിയാത്ത വിധം ഭരതന്‍ സ്മരണകള്‍ കൂടെ നടക്കുന്നു. അവ ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കും ഭരതന്‍ ഓര്‍മ്മകളെ ആദരപൂര്‍വ്വം ഉയര്‍ത്തിയെടുത്തുകൊണ്ട് നിദ്ര പുനഃസൃഷ്ടിച്ച് സിദ്ധാര്‍ത്ഥ് പുതിയ വാഗ്ദാനമായി കൂടെയുണ്ട്. ആ കാഴ്ചകള്‍ ഭരതനെ കാണുന്നുണ്ടാവും മലയാളസിനിമയുടെ രൂപമാറ്റങ്ങളും.

കലാസംവിധായകൻ, പരസ്യ ചിത്രകാരൻ എന്നീ മേഖലകളിൽ ആദ്യകാലത്ത് പ്രവർത്തിച്ച്, 1974 ൽ സ്വയം നിർമ്മാണം ഏറ്റെടുത്ത ‘പ്രയാണം’ എന്ന ബ്ലാക് & വൈറ്റ് ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രയാണമാരംഭിച്ചു. 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. ഭരതന്റേയും പത്മരാജന്റേയും ചലച്ചിത്രജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം.

പത്മരാജന്റെ തിരക്കഥയും ഭരതന്റെ സംവിധാനവും ചേർന്നായപ്പോൾ ‘പ്രയാണം‘ ഭംഗിയുള്ള അഭ്രകാവ്യമായിമാറി. തീക്ഷണമായ പ്രണയം തന്നെയായിരുന്നു അതിലെ പ്രമേയം. ഭരതന്റെ സിനിമകളിലെ അടിയൊഴുക്ക് ഒട്ടുമിക്ക കഥകളിലും പ്രണയവും സ്ത്രീ പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളുമായിരുന്നു. മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യചാരുതയും സംവിധാനശൈലിയും പ്രമേയത്തിന്റെ പ്രത്യേകതയും കഥാരീതിയും ഭരതൻ എന്ന സംവിധായകനെ മുഖ്യധാരയിലെ പ്രശസ്തനാക്കി ഉയർത്തി. തന്റെ ചിത്രങ്ങളുടെ കലാസംവിധാനവും പോസ്റ്റർ ഡിസൈനിങ്ങും അദ്ദേഹം തന്നെ നിർവ്വഹിച്ചു. ഗ്രാമീണ ദൃശ്യങ്ങളുടെ മനോഹാരിത അദ്ദേഹത്തിന്റെ ചിത്രങ്ങളെ പ്രിയങ്കരങ്ങളാക്കി. ഒരു ചിത്രകാരൻ കൂടിയായ അദേഹം, തന്റെ ദൃശ്യങ്ങൾ മുങ്കൂട്ടി വരച്ച് പിന്നീട് അത് ദൃശ്യവത്കരിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.

സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. പിന്നീട് ഇത് ഭരതൻ സ്പർശം എന്ന് അറിയപ്പെട്ടു. ഈ ചലച്ചിത്രത്തിലെ മറക്കാനാവാത്ത ഒരു രംഗം കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച ബ്രാഹ്മണപൂജാരിയായ പ്രധാന കഥാപാത്രം – 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്ന രംഗമാണ്. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീരവടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കു നയിച്ചു. യാഥാസ്ഥിതികരായ കേരളീയർക്ക് ഇത് തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു.

പ്രയാണത്തിനുശേഷം ഉറൂബിന്റെ രചനയിൽ ‘അണിയറ’ എന്ന ചിത്രവും എൻ. ഗോവിന്ദൻ കുട്ടി – ഉണ്ണികൃഷ്ണൻ ടീമിന്റെ ‘ഗുരുവായൂർ കേശവൻ’ എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ഗുരുവായൂർ കേശവനിലെ ഗാനങ്ങൾ ഹിറ്റ് ആയെങ്കിലും ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് സുപ്രിയയുടെ ബാനറിൽ, കൗമാര സ്വപ്നങ്ങളിലേക്ക് തീകോരിയിട്ടുകൊണ്ട് പി. പദ്മരാജന്റെ തിരക്കഥയിൽ ചെയ്ത ‘രതിനിർവ്വേദം’ ഭരതനെ ജനപ്രിയ സംവിധായകൻ എന്ന നിലയിലേക്കുയർത്തി.

കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിർവ്വേദം. കൗമാര പ്രായത്തിലുള്ള പപ്പു എന്ന കുട്ടി തന്നെക്കാൾ പ്രായം ചെന്ന രതി എന്ന അയൽക്കാരിയുമായി പ്രണയത്തിലാവുന്നു. അവരുടെ ബന്ധത്തിന്റെ പൂർണ്ണതയിൽ ഒരു വിജനമായ സർപ്പക്കാവിൽ പാതിരാത്രിയിൽ ഇവർ ഇണചേരവേ പാമ്പുകടിയേറ്റ് രതി മരിക്കുന്നു. പിറ്റേന്ന് രാവിലെ മരണ വാർത്ത അറിയാതെ, ഒരു പുരുഷൻ ആയി എന്ന ഭാവത്തോടെ പപ്പു കോളേജിലേക്ക് യാത്രയാവുന്നു. തന്നേക്കാൾ പ്രായമുള്ള സ്‌ത്രീയുമായുള്ള ഒരു കൗമാരക്കാരന്റെ പ്രണയത്തിന്റെ കഥയും അതിന്റെ ആഖ്യാനവും എന്തിനു പോസ്റ്റർ ഡിസൈൻ പോലും അക്കാലത്ത് കോളിളക്കം സൃഷ്ടിക്കുകയും പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾക്കും ആലേഖന രീതികൾക്കും മലയാള സിനിമയിൽ തുടക്കം കുറിക്കുകയും ചെയ്തു. ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.

രതിനിർവ്വേദതിനു ശേഷമാണ് ഭരതൻ തന്റെ സ്വന്തം രചനയിൽ ‘ആരവം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ അത് സാമ്പത്തികമായി വൻപരാജയമായി. എങ്കിലും അതിലൊന്നും പതറാതെ അതിലെ കലാകാരന്മാരെത്തന്നെ അണിനിരത്തി പദ്മരാജന്റെ കഥയിലും തിരക്കഥയിലും, പ്രതാപ് പോത്തൻ, നെടുമുടിവേണു, അച്ചൻ കുഞ്ഞ്, സുരേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് നിർമ്മിച്ച ‘തകര’ വൻവിജയമായിരുന്നു എന്നു മാത്രമല്ല, ഇന്നും ചലച്ചിത്ര ആസ്വാദകർക്ക് ഒരു വിസ്മയമായി നിലകൊള്ളുകയും ചെയ്യുന്നു. തകരയിൽ ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതൻ വിശകലനം ചെയ്യുന്നു. തകര, ചെല്ലപ്പനാശാരി എന്നീ കഥാപാത്രങ്ങൾ ചലച്ചിത്രപ്രേമികളുടെ മനസ്സിൽ നിന്ന് ചിത്രം കണ്ടു കഴിഞ്ഞാലും ദശാബ്ദങ്ങളോളം മായാത്ത വിധം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പത്മരാജൻ തന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാർത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു. എം.ജി രാധാകൃഷ്ണൻ ആയിരുന്നു ഇതിന്റെ സംഗീത സംവിധായകൻ. അതിലെ, എസ്. ജാനകി പാടിയ മൗനമേ നിറയും മൗനമേ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റായി ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു. പിന്നീട് ഭരതൻ ആവാരം പൂ എന്ന പേരിൽ ഈ ചിത്രം തമിഴിൽ പുനർനിർമ്മിച്ചു.

‘ലോറി’ എന്ന പേരിൽ അടുത്ത ചിത്രം പിടിച്ചുവെങ്കിലും കാലതാമസം വന്നതിനാൽ ‘ചാമരം’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ജോൺപോൾ എന്ന തിരക്കഥാകൃത്ത് ഈ സിനിമയിലൂടെയാണ് കടന്നു വരുന്നത്. ജോൺപോളിന്റെ തിരക്കഥയിൽ ‘പാളങ്ങൾ’, ‘ഓർമ്മയ്ക്കായ്’, ‘മർമ്മരം’, ‘കാതോടു കാതോരം’, ‘സന്ധ്യമയങ്ങും നേരം’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’, ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’, ‘ചമയം’, ‘മാളൂട്ടി’, ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’, ‘ഒരു സായാഹ്നത്തിന്റെ സ്വപ്നം’ എന്നീ ചിത്രങ്ങളും തുടർന്ന് പല കാലത്തായി അദ്ദേഹം സംവിധാനം ചെയ്തു. ഇവയെല്ലാം തന്നെ പ്രേക്ഷപ്രശംസ നേടിയതും ബോക്സാഫീസിൽ വൻ വിജയവുമായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ ഭരതൻ പല യുഗ്മ ചലച്ചിത്രങ്ങളും നിർമ്മിച്ചു. ‘ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന’ എന്നിവ ഇതിൽ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങൾ ആയിരുന്നു. മലയാളചലച്ചിത്രത്തിൽ കാല്പനിക തരംഗത്തിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്രസംവിധായകരും ഇതേ പാത പിന്തുടർന്നു. മലയാളചലച്ചിത്രത്തിലെ കാല്പനിക കാലഘട്ടമായിരുന്നു 80-കൾ.

ഭരതൻ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ, യഥാക്രമം നെടുമുടി വേണു – ശാരദ എന്നിവർ അവതരിപ്പിക്കുന്ന രാവുണ്ണിമാഷ്, സരസ്വതി ടീച്ചർ എന്നീ മക്കളില്ലാത്ത കഥാപാത്രങ്ങളുടെ, വിരമനത്തിനു ശേഷമുള്ള ജീവിതം കാണിക്കുന്നു. ജീവിതസായാഹ്നത്തിൽ അവരുടെ കൂടെ താമസിച്ചു പഠിക്കുവാനായി ടീച്ചറുടെ പഴയ സുഹൃത്തിന്റെ മകൾ എത്തുന്നു. ഈ പെൺകുട്ടി പിന്നീട് മക്കളില്ലാത്ത ഈ ദമ്പതികൾക്ക് സ്വന്തം മകളെപോലെയാകുന്നു “ടീച്ചറെ അവൾ അമ്മേ എന്നു വിളിച്ചാൽ എന്നെ എന്തുവിളിക്കും…” എന്ന നെടുമുടിവേണുവിന്റെ ചോദ്യവും ശാരദയുടെ ഉത്തരവും അവർ അനുഭവിക്കുന്ന അനുഭൂതിയും ചലച്ചിത്രത്തിന്റെ സീമകൾ കടന്ന് പ്രേക്ഷകനിൽ എത്തുന്നു. സുന്ദരമായ പശ്ചാത്തലവും ഗാനങ്ങളുമായി (മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി)ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു. ആലുവയിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്.

എം.ടിക്കൊപ്പം ‘വൈശാലി’, ‘താഴ്വാരം’, കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റർപീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി. തന്റെ തനതു ശൈലിയിൽ ഈ കഥയെ വികസിപ്പിച്ച് എം.ടി. കഥാപാത്രങ്ങൾക്കു ജീവൻ നൽകി. ഒരു ദാസിയുടെ മകളായ വൈശാലി വ്യാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷിശൃംഗനെ ആകർഷിച്ച് ലോമപാദരാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലിയെ അയക്കുന്നു. എം.ടി. വൈശാലിക്ക് കഥയിൽ പ്രാധാന്യം നൽകിയപ്പോൾ കഥ ഒരു പുതിയ മാനം കണ്ടെത്തുന്നു. ഭരതന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേർക്കണം എന്ന് അറിയാമായിരുന്നു. ഇതിന്റെ ഫലം മറക്കാനാവാത്ത ഒരു ക്ലാസിക്ക് ചലച്ചിത്രമാണ്.

ഭരതൻ-എം.ടി. കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം ‘താഴ്വാരം’ ആണ്. രണ്ട് പഴയകാല സുഹൃത്തുക്കൾക്കിടയിലെ പ്രതികാരമാണ് കഥാതന്തു. ഇങ്ങനെ ഒരു കഥ ഭരതന്റെ മറ്റുചിത്രങ്ങളിൽ നിന്ന് വളരെ വേറിട്ടുനിൽക്കുന്നു. ഓരോ ഫ്രെയിമിലും മരണം പതിയിരിക്കുന്നു എന്ന് കാണികൾക്ക് തോന്നുന്നു. ഒടുവിൽ വരാനുള്ളതിനെക്കുറിച്ചുള്ള ഭയം കാണികളെ ചൂഴുന്നു. ചിത്രത്തിന്റെ കലാശത്തിൽ വൈരികളുടെ പോരാട്ടം മുറുകി അവർ മലയിറങ്ങുമ്പൊഴേക്കും അവരിലൊരാൾ മരിക്കുന്നു. പ്രതികാരം എന്ന വിഷയത്തെ കൈകാര്യം ചെയ്യുമ്പോഴും സ്ത്രീ ശരീരത്തിന്റെ വശ്യസൗന്ദര്യത്തെയും (സുമലത‌) പ്രകൃതിരമണീയതയെയും ചിത്രീകരിക്കുവാൻ ഭരതൻ മറക്കുന്നില്ല. ‘കണ്ണെത്താദൂരെ മറുതീരം‘ എന്ന സുന്ദരമായ ഗാനവും ഈ ചിത്രത്തിലുണ്ട്.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ‘കേളി’, ‘പ്രണാമം’, ‘ചിലമ്പ്’ എന്നീ ചിത്രങ്ങൾ ചെയ്ത ഭരതൻ, ടി. ദാമോദരനൊപ്പം ‘കാറ്റത്തെക്കിളിക്കൂട്’ എന്ന ചിത്രവും തോപ്പിൽ ഭാസിക്കൊപ്പം ‘എന്റെ ഉപാസന’, പദ്മരാജനുമായി ചേർന്ന് ‘ഈണം’, കാക്കനാടന്റെ പറങ്കിമല, പാർവ്വതി ‘ഒഴിവുകാലം’, മണി ഷൊർണ്ണൂരിനൊപ്പം ‘ദേവരാഗം’ ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ തീർത്ത ‘പൂരം‘, പി.ആർ. നാഥിന്റെ കഥയിൽ പിറന്ന ‘ചാട്ട‘ എന്നിവയും സംവിധാനം ചെയ്യുകയുണ്ടായി. ഈ സിനിമകളിലെല്ലാം ഭരതൻ ടച്ച് നിറഞ്ഞുകാണാം.

എന്നാൽ ലോഹിതദാസുമായി ചേർന്ന് അദ്ദേഹം അണിയിച്ചൊരുക്കിയ ‘അമരം’ എന്ന ചലച്ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രമായി നിലകൊള്ളുന്നു. പകരം വയ്ക്കാനില്ലാത്ത കലാമൂല്യവും ആവിഷ്കാര സൗന്ദര്യവും പുതിയ ഛായാഗ്രഹണ സംവിധാനങ്ങളും കൊണ്ട് ഈ ചിത്രം ഇന്നും നിരൂപകശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇതുകൂടാതെ ‘പാഥേയം’, ‘വെങ്കലം’ എന്നീ ചിത്രങ്ങളും ഭരതൻ ലോഹി ടീമിന്റേതായിട്ടുണ്ട്.

ഭരതന്‍ അടിമുടി വികാരങ്ങളുടെ കലാകാരനായിരുന്നു. പതഞ്ഞുപൊങ്ങുന്ന വികാരങ്ങളായിരുന്ന ഭരതന്‍ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും കാമവും പകയും കൊലയും എല്ലാം ഭരതന്‍ നഗ്നമായി അവതരിപ്പിച്ചു. ആസക്തികളെ അശ്ലീലമാകാതെ അവതരിപ്പിക്കാന്‍ ഭരതന് സാധിച്ചത് കലാപരമായ കയ്യൊതുക്കം കൊണ്ടുതന്നെയായിരുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് രതിനിര്‍വേദം. മൂന്നാംകിട ഇക്കിളിസിനിമയാകുമായിരുന്ന കൗമാരചാപല്യങ്ങളെ അതിന്റെ തീക്ഷ്ണതയത്രയും ചോര്‍ന്നുപോകാതെ മികച്ച രീതിയില്‍ പ്രതിപാദിക്കാന്‍ ഭരതന് സാധിച്ചു. ലൈംഗികതയുടെ അതിപ്രസരമെന്ന് പഴികേട്ടപ്പോഴും ഭരതനിലെ കലാകാരനെയും സത്യസന്ധമായ ആവിഷ്‌ക്കാരങ്ങളെയും ആര്‍ക്കും അവഗണിക്കാനാവുമായിരുന്നില്ല.

അദ്ധ്യാപകനെ പ്രണയിക്കുന്ന ആശാതമ്പിയെന്ന വിദ്യാര്‍ത്ഥിനിയെ അവതരിപ്പിച്ച ‘കാറ്റത്തെ കിളിക്കൂടും’, അംഗപരിമിതനായിട്ടും ജീവിതത്തിന്റെ മുമ്പില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിനിന്ന നാരായണന്‍കുട്ടിയെയും അയാളെ ജീവിതം മുഴുവന്‍ കാത്തിരുന്ന ശ്രീദേവിയുടെയും കഥപറഞ്ഞ ‘കേളി’യും, പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുപോയ മകനെ കാത്തിരിക്കുന്ന മീനാക്ഷിയെന്ന അമ്മയുടെ കാത്തിരുപ്പിന്റെ കഥയായ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’യും എല്ലാം കഥയുടെ കെട്ടുറപ്പിനപ്പുറം ഭരതന്റെ ആവിഷ്‌ക്കാരത്തനിമ കൊണ്ടുമാത്രം ശ്രദ്ധേയങ്ങളായിത്തീര്‍ന്ന സിനിമകളായിരുന്നു. പശ്ചാത്തലസംഗീതത്തില്‍ പോലും വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാന്‍ ജാഗ്രതപുലര്‍ത്തിയ ഒരു കലാകാരനായിരുന്നു ഭരതന്‍. കടുത്തവര്‍ണ്ണങ്ങളുടെ ചായക്കൂട്ടുകളിലൂടെയല്ലാതെ അദ്ദേഹത്തിന് മനുഷ്യരെയും അവരുടെ വികാരങ്ങളെയും കാണാനാവുമായിരുന്നില്ല. മനുഷ്യമനസ്സിന്റെ നിഗൂഢമായ വന്യതയെ പ്രകടമാക്കുന്ന രണ്ട് ഭാവങ്ങളാണ് കാമവും ക്രോധവും. രതിയുടെയും പകയുടെയും വന്യവും നഗ്നവുമായ ആവേഗങ്ങളില്‍ ജ്വലിക്കുന്ന കഥാപാത്രങ്ങളെയും ഭരതന്‍സിനിമകളില്‍ കാണാം. പ്രണയം അവിടെ വഴിതെറ്റിയെത്തുന്ന, അല്ലെങ്കില്‍ അഗമ്യഗമനത്തോളം പ്രകോപനപരമായ അരാജകതയായിരുന്നു.

ഭരതന്റെ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഗാനങ്ങളെക്കുറിച്ചാണ്. ആദ്യ ചിത്രമായ പ്രണാമം മുതൽ ചുരം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങളിൽ മിക്കവയും ആസ്വാദകർ ഏറ്റവും ഇഷ്ടപ്പെടുന്നവയും ധാരാളം പുരസ്കാരങ്ങൾ നേടിയെടുത്തവും ആയിരുന്നു. കൂടാതെ പാട്ടിന്റെ ആത്മാവിനെ അറിഞ്ഞ് സന്ദർഭത്തിന്റെ ആവശ്യം മനസ്സിലാക്കി ഏറ്റവും നല്ല ഫ്രെയിം ഒരുക്കി അതി മനോഹരമായി ദൃശ്യവൽക്കരിക്കുന്നതിൽ ഇന്നും അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. തകര, വൈശാലി, അമരം, വെങ്കലം, തേവർമകൻ, താഴ്വാരം, ചമയം എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ ഇന്നും സംവിധാന വിദ്യാർത്ഥികൾക്ക് പാഠങ്ങളാകുന്നതും അതുകൊണ്ടു തന്നെ.

പ്രണയവും രതിയുമെല്ലാം ഇടകലർത്തിയുള്ള ഭരതന്റെ പാട്ടുകൾ ഇന്നും മലയാളിയുടെ മനസിലെ ദീപ്തസ്മരണകളായി ജ്വലിക്കുന്നു. എൺപതുകളിൽ ഭരതൻ മലയാള സിനിമയിൽ കൊണ്ടു വന്ന ആഖ്യാന ശൈലി മലയാള സിനിമയുടെ പാഠപുസ്തകത്തിലെ ആദ്യാധ്യായങ്ങളിലൊന്നാണ്. പരിണയത്തിൽ തുടങ്ങി ചുരം വരെ നീണ്ട് നിൽക്കുന്ന ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്. എം ബി ശ്രീനിവാസനും, എംജി രാധാകൃഷ്ണനും, രവീന്ദ്രനും, ജോൺസണും, ദേവരാജനും, ഔസേപ്പച്ചനും, ജെറി അമൽദേവും, ബോംബേ രവിയും, ഇളയരാജയുമെല്ലാം ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം ഭരതൻ എന്ന പ്രതിഭയുടെ സ്പർശമുണ്ടായിരുന്നു.

വയലാറും പി ഭാസ്‌കരനും, ഒഎൻവിയും, ബിച്ചു തിരുമലയും, പൂവച്ചൽ അബ്ദുൾഖാദറും, എംഡി രാജേന്ദ്രനും കൈതപ്രവുമെല്ലാം പാട്ടുലോകങ്ങളിലേക്ക് ഭരതനെ അനുയാത്ര ചെയ്തവരാണ്. 1983 ൽ പുറത്തിറങ്ങിയ ഈണം എന്ന ചിത്രത്തിന് സംഗീതം പകർന്നുകൊണ്ട് ഭരതൻ സംഗീതസംവിധാനത്തിലേയ്ക്ക് കടന്നു. തുടർന്ന് കാതോട് കാതോരം എന്ന ചിത്രത്തിലെ കാതോട് കാതോരം, താഴ്‌വാരത്തിലെ കണ്ണെത്താ ദൂരം മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി തുടങ്ങിയ ഗാനങ്ങൾ ഭരതന്റെ സംഗീതത്തിൽ പിറന്നവയായിരുന്നു.

ഈണം, പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ മാലേയ ലേപനം, താളം മറന്ന, തളിരിലയിൽ, താരും തളിരും, പുടമുറിക്കല്ല്യാണം തുടങ്ങിയ ഗാനങ്ങളും ഭരതൻ രചിച്ചിട്ടുണ്ട്. പാട്ടിൻെറ ദൃശ്യസൗന്ദര്യത്തിലൂടെ കാഴ്ച്ചക്കാരെ മോഹിപ്പിക്കാൻ ഭരതനായിട്ടുണ്ട്. അമരം, വൈശാലി, ചമയം, വെങ്കലം, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ്‌വാരം, ദേവരാഗം തുടങ്ങി സംഗീത സാന്ദ്രമായ എത്രയെത്ര ചിത്രങ്ങൾ ഭരതൻ നമുക്ക് സമ്മാനിച്ചിട്ടുണ്ട്…

ദേശീയ – സംസ്ഥാന സർക്കാരുകളുടേതടക്കം അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ പ്രയാണം 1975 ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകൻ, കലാസംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 1979 ൽ തകരയിലൂടെ വീണ്ടും സംവിധാന – കലാ സംവിധാന അവാർഡ് നേടിയ അദ്ദേഹം ചാമരത്തിലൂടെ 80 ലും ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെ 82 ലും ഇതേ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 81 ൽ ചാട്ടയ്ക്ക് മികച്ച കലാസംവിധാനത്തിനും 82 ൽ മർമ്മരത്തിനു മികച്ച ചിത്രത്തിനും 84 ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നെ ചിത്രത്തിനു കലാ സംവിധാനത്തിനും അവാർഡ് നേടിയ അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 87 ലും വെങ്കലം 92 ലും ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. കമലഹാസൻ നിർമ്മിച്ച് ശിവാജിയും കമലും അഭിനയിച്ച തേവർമകൻ 1992 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. കൂടാതെ ഫിലിം ഫെയറടക്കം എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും ആ തികഞ്ഞ കലാ ഇതിഹാസത്തെ തേടിയെത്തി.

ഭരതന്റെ ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേതാക്കൾ വളരെയുണ്ട്. 78 ൽ ഇറങ്ങിയ രതിനിർവ്വേദത്തിലൂടെ കൃഷ്ണചന്ദ്രനും ലോറിയിലൂടെ നിത്യയും, ചിലമ്പിലൂടെ ബാബു ആന്റണിയും വൈശാലിയിലൂടെ സുപർണ്ണയും സഞ്ജയും, പാഥേയത്തിലൂടെ ചിപ്പിയും വെള്ളിത്തിരയിലേക്കെത്തി. തന്റെ നായികമാരുടെ ലാവണ്യം ഭരതന് പ്രധാനമായിരുന്നെങ്കിലും നായകന്മാര്‍ക്ക് സൗന്ദര്യം പ്രശ്‌നമായിരുന്നില്ല. നെടുമുടിയും പ്രതാപ് പോത്തനും അച്ചന്‍കുഞ്ഞും ബാലന്‍ കെ നായരും പരുക്കന്‍ഭാവങ്ങളുടെ ഗാംഭീര്യം കൊണ്ട് പൗരുഷത്തെ സാക്ഷാത്ക്കരിച്ചവരായിരുന്നു. ‘തകര’യിലെ തകരയും ‘ലോറി’യിലെ ക്ലീനര്‍ രാമുവും ‘ചാമരത്തിലെ കോളേജ് വിദ്യാര്‍ത്ഥി വിനോദും പ്രതാപ് പോത്തന്റെ അനശ്വരങ്ങളായ കഥാപാത്രങ്ങളായിരുന്നു. ‘ആരവ’ത്തിലെ മരുതും ‘തകര’യിലെ ചെല്ലപ്പനാശാരിയും നെടുമുടിയിലെ വ്യത്യസ്തഭാവങ്ങള്‍ക്ക് മിഴിവുനല്‍കി. സന്ധ്യമയങ്ങും നേരം, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍ എന്നിവ ഭരത് ഗോപിയെയും അടയാളപ്പെടുത്തി.

ഭരതന് ഭാഷ ഒരു തടസ്സമായില്ല. ശിവാജി ഗണേശൻ കമലഹാസൻ എന്നിവർ അച്ഛൻ-മകൻ ജോഡിയായി അഭിനയിക്കുന്ന തേവർമകൻ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയപുരസ്കാരങ്ങളും നേടി. പ്രിയദർശൻ സംവിധാനൊ ചെയ്ത വിരാസത് എന്ന ഹിന്ദി സിനിമ തേവർമകന്റെ പുനർനിർമ്മാണം അണു. ആമരീഷ് പുരിയും അനിൽ കപൂരും അണു വിരസതിൽ അച്ഃഛ്നെയും മകനെയും അവതിരിപ്പിചതു. കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്-തെലുങ്കു പതിപ്പുകൾക്കു പുറമേ തകരയുടെ തമിഴ് മൊഴിമാറ്റമായ ‘ആവാരം പൂ’, തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് മാറ്റിയ ‘മഞ്ജീരധ്വനി’, ദേവരാഗത്തിന്റെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് പതിപ്പുകൾ, കമലഹാസൻ നായകനായ ‘തേവർമകൻ’ എന്നിവയും ഭരതൻ സംവിധാനം ചെയ്തു. കലാപരമായി പൂർണ്ണതയുൾക്കൊണ്ട എക്കാലത്തെയും മികച്ച കൊമേഷ്യൽ ചിത്രങ്ങളിൽ ഒന്നായാണ് തേവർമകൻ കണക്കാക്കപ്പെടുന്നത്.

കലാനിപുണതയുടെ കയ്യൊപ്പുമായി സൗന്ദര്യത്തികവിന്റെ മുഖമുദ്രയായി പ്രേക്ഷക ഹൃദയങ്ങളിൽ ‘ഭരതൻ ടച്ച്’ അവശേഷിപ്പിച്ച് ആ പ്രതിഭാസം, ഏറെനാളായി വിവിധരോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം 1998 ജൂലൈ 30-നു തന്റെ 52ആം വയസ്സിൽ മദ്രാസിൽ വെച്ച് അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം ജന്മനാട്ടിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

1998 ജൂലൈ 30ന് പ്രിയസംവിധായകൻ ഭരതൻ അന്തരിക്കുമ്പോൾ മലയാളിക്കായ് ബാക്കി വെച്ചത് സ്വരങ്ങൾക്ക് നിറങ്ങളും നിറങ്ങൾക്ക് സ്വരങ്ങളും കൂട്ടുചേരുന്ന സർഗസൗന്ദര്യ ലോകമായിരുന്നു… പത്മരാജനേപ്പോലെ ഒരു വെള്ളിനക്ഷത്രം ഉദയം ചെയ്ത് അസ്തമിച്ചതു പോലെ ഒരുപിടി നല്ല സിനിമകൾ സംഭാവന ചെയ്ത് അതിൽ കൂടുതൽ മനസ്സിൽ ബാക്കിവെച്ചാണ് ഭരതൻ യാത്രയായത്. ഭരതന്‍ ഇല്ലാത്ത നീണ്ട 20 വര്‍ഷങ്ങള്‍…പക്ഷേ സിനിമാ പ്രേമികളുടെ മുന്നില്‍ ഭരതന്‍ ഒരിക്കലും അണയാത്ത ജ്വാല പോലെ ഇപ്പോഴും ജ്വലിച്ചു നില്ക്കുന്നു. കാരണം ഭരതന്‍ മലയാള സിനിമയില്‍ വരച്ചിട്ട ചിത്രങ്ങള്‍ അത്ര ജീവനുള്ളവയാണ്. 

ബഹുമതികൾ:

ദേശീയ ബഹുമതികൾ

1975 – മലയാളത്തിലെ മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് – പ്രയാണം
1992 – തമിഴിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് – തേവർമകൻ

സംസ്ഥാന ബഹുമതികൾ

1975 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – പ്രയാണം
1979 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – തകര
1980 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – ചാമരം
1980 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – ചാമരം
1981 – കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം – ചാട്ട
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച സിനിമ – മർമ്മരം
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – ഓർമ്മക്കായി
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം – മർമ്മരം, ഓർമ്മക്കായി
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം – ഓർമ്മക്കായി
1984 – കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം – ഇത്തിരിപൂവേ ചുവന്നപൂവേ
1987 – കേരളസംസ്ഥാന അവാർഡ് -മികച്ച ജനപ്രീതിനേടിയ ചിത്രം – ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
1992 – കേരളസംസ്ഥാന അവാർഡ് -മികച്ച ജനപ്രീതിനേടിയ ചിത്രം – വെങ്കലം

ചലച്ചിത്രങ്ങൾ:

പ്രയാണം (പി. പത്മരാജൻ; കൊട്ടാരക്കര ശ്രീധരൻ നായർ,മോഹൻ, ലക്ഷ്മി,മാസ്റ്റർ രഘു) (1975)
ഗുരുവായൂർ കേശവൻ (സംഗീതം: ജി. ദേവരാജൻ; ജയഭാരതി) (1977)
അണിയറ (1977)
രതിനിർവ്വേദം ((പി. പത്മരാജൻ]]; സംഗീതം:ജി.ദേവരാജൻ ; ജയഭാരതി, കൃഷ്ണചന്ദ്രൻ (അരങ്ങേറ്റം) (1978)
തകര ((പി. പത്മരാജൻ; സംഗീതം: എം.ജി. രാധാകൃഷ്ണൻ; നെടുമുടി വേണു, സുരേഖ, പ്രതാപ് പോത്തൻ) (1979)
ലോറി ((പി. പത്മരാജൻ; സംഗീതം: എം.എസ്. വിശ്വനാഥൻ; അച്ചൻ‌കുഞ്ഞ്, ബാലൻ കെ. നായർ, നിത്യ (അരങ്ങേറ്റം)) (1980)
ആരവം (നെടുമുടി വേണു, ജനാർദ്ദനൻ,ബഹദൂർ)(1980)
ചാമരം (ജോൺ പോൾ; സംഗീതം: എം.ജി. രാധാകൃഷ്ണൻ) (1980)
ചാട്ട പി.ആർ. നാഥൻ:(1981)
പാർവ്വതി (കാക്കനാടന്റെ അടിയറവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം; സംഗീതം: ജോൺസൺ) (1981)
നിദ്ര വിജയ് മേനോൻ, ശാന്തികൃഷ്ണ (1981)
പറങ്കിമല (കാക്കനാടന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരം) സൂര്യ(1981)
മർമ്മരം (ജോൺ പോൾ; സംഗീതം: എം.എസ്. വിശ്വനാഥൻ; നെടുമുടി വേണു,ജലജ, ഗോപി) (1982)
ഓർമ്മക്കായി (ഭരതൻ, ജോൺ പോൾ; മാധവി, ഗോപി. സംഗീതം: ജോൺസൺ) (1982)
പാളങ്ങൾ (ജോൺ പോൾ; സംഗീതം: ജോൺസൺ; നെടുമുടി വേണു, സറീന വഹാബ്, ഗോപി, കെ.പി.എ.സി. ലളിത, അടൂർ ഭവാനി, ബഹദൂർ, ശങ്കർ) (1982)
കാറ്റത്തെ കിളിക്കൂട് ഗോപി, ശ്രീവിദ്യ, മോഹൻലാൽ, രേവതി (ജോൺ പോൾ; സംഗീതം: ജോൺസൺ) (1983)
ഈണം വേണു നാഗവള്ളി (പി. പത്മരാജൻ) (1983)
സന്ധ്യ മയങ്ങും നേരം ഗോപി(1983)
ഇത്തിരിപ്പൂവേ ചുവന്നപൂവേ ( തിക്കോടിയന്റെ ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം. റഹ്‌മാൻ, മമ്മൂട്ടി) (1984)
എന്റെ ഉപാസന (മല്ലിക യൂനിസിന്റെ ഒരു നോവലിനെ ആസ്പദമാക്കിയത്. സംഗീതം: ജോൺസൺ; മമ്മൂട്ടി, സുഹാസിനി, കൊച്ചിൻ ഹനീഫ) (1984)
കാതോടു കാതോരം (ജോൺ പോൾ; സംഗീതം: ഭരതൻ, ഔസേപ്പച്ചൻ; സരിത, മമ്മൂട്ടി, ജനാർദ്ദനൻ, നെടുമുടി വേണു,ഇന്നസന്റ്,മാസ്റ്റർ പ്രശോഭ്) (1985)
ഒഴിവുകാലം ((പി. പത്മരാജൻ) പ്രേം നസീർ, കരമന ജനാർദ്ദനൻ നായർ (1985)
ചിലമ്പ് (വി.ടി. ബാലകൃഷ്ണന്റെ ഒരു നോവലിനെ ആസ്പദമാക്കിയത്. വരികൾ: ഭരതൻ, സംഗീതം: ഔസേപ്പച്ചൻ; റഹ്‌മാൻ, ശോഭന, തിലകൻ, ബാബു ആന്റണി(അരങ്ങേറ്റം), ഇന്നസെന്റ്) (1986)
പ്രണാമം (ഡെന്നീസ് ജോസഫ്; സംഗീതം: ജോൺസൺ. അശോക്, മമ്മൂട്ടി, സുഹാസിനി) (1986)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (ജോൺ പോൾ; സംഗീതം: ജോൺസൺ; വരികൾ: ഒ.എൻ.വി. കുറുപ്പ്; നെടുമുടി വേണു, ശാരദ,പാർവ്വതി,ദേവൻ,എം.എസ്. തൃപ്പൂണിത്തറ, ഇന്നസെന്റ്, ശങ്കരാടി) (1987)
നീലക്കുറിഞ്ഞി പൂത്തപ്പോൾ (ജോൺ പോൾ) കാർത്തിക, ഗിരീഷ് കർണ്ണാട്(1987)
വൈശാലി (എം.ടി. വാസുദേവൻ നായർ; സംഗീതം: ബോംബെ രവി; വരികൾ: ഒ.എൻ.വി. കുറുപ്പ്; സുവർണ്ണ (അരങ്ങേറ്റം), സഞ്ജയ് (അരങ്ങേറ്റം), ബാബു ആന്റണി, ഗീത, ശ്രീരാമൻ, നെടുമുടി വേണു) കാമറ: മധു അമ്പാട്ട്(1988)
ഒരു സായാഹ്നത്തിന്റെ സ്വപ്നം ജോൺ പോൾ; മുകേഷ്, സുഹാസിനി )(1989)
അമരം (എ.കെ. ലോഹിതദാസ്; സംഗീതം: രവീന്ദ്രൻ; മമ്മൂട്ടി, മധു, അശോക്, മുരളി, കെ.പി.എ.സി. ലളിത) കാമറ: മധു അമ്പാട്ട് (1991)
താഴ്‌വാരം (എം.ടി. വാസുദേവൻ നായർ; സംഗീതം: ഭരതൻ; മോഹൻലാൽ, സുമലത, സലീം ഗൗസ്, ശങ്കരാടി, അഞ്ജു; കാമറ: വേണു) (1991)
കേളി ( സംഗീതം: ഭരതൻ; ജയറാം, ഇന്നസന്റ്, നെടുമുടി വേണു) (1991)
തേവർമകൻ(തമിഴ്) (കമലാഹാസൻ; സംഗീതം: ഇളയരാജ; ശിവാജി ഗണേശൻ, കമല ഹാസൻ, രേവതി,ഗൌതമി,നാസർ)കാമറ: പി.സി. ശ്രീരാം (1992)
ആവാരമ്പൂ (തമിഴ്)തകരയുടെ പുനർനിർമ്മാണം )വിനീത്,നാസർ കാമറ: പി.സി. ശ്രീരാം (1992)
മാളൂട്ടി (ജോൺ പോൾ)ബേബി ശ്യാമിലി,ഉർവ്വശി, ജയറാം (സംഗീതം: ജോൺസൺ) (1992)
വെങ്കലം (എ.കെ. ലോഹിതദാസ്; സംഗീതം: രവീന്ദ്രൻ; കെ.പി.എ.സി. ലളിത, മുരളി, മനോജ് കെ. ജയൻ, ഉർവ്വശി, ഇന്നസെന്റ്) (1993)
ചമയം (ജോൺ പോൾ) (സംഗീതം: ജോൺസൺ; മുരളി, മനോജ് കെ. ജയൻ) (1993)
പാഥേയം (എ.കെ. ലോഹിതദാസ്; സംഗീതം: ബോംബെ രവി; മമ്മൂട്ടി, ചിപ്പി (അരങ്ങേറ്റം)) കാമറ: മധു അമ്പാട്ട് (1993)
ദേവരാഗം (മണി ഷൊർണ്ണൂർ(സംഗീതം: എം.എം. കീരവാണി; അരവിന്ദ് സ്വാമി, ശ്രീദേവി) (1996)
മഞ്ജീരധ്വനി സംഗീതം: എം.എം. കീരവാണി (വിനീത്) (1996)
ചുരം (മനോജ് കെ. ജയൻ, ദിവ്യ ഉണ്ണി)സംഗീതം: ജോൺസൺ (1997)

ഭരതൻ ഈണം നൽകിയ ഗാനങ്ങൾ:

മാലേയ ലേപനം …ഈണം(1983)

കാതോടു കാതോരം … കാതോടു കാതോരം(1985)

കണ്ണെത്താ ദൂരെ മറുതീരം … താഴ്‌വാരം(1990)

താരം വാൽക്കണ്ണാടി നോക്കി … കേളി(1991)

ഓലേലം പാടി … കേളി(1991)

ഭരതൻ ചിത്രങ്ങളിലെ പ്രശസ്ത ഗാനങ്ങൾ

മൗനങ്ങൾ പാടുകയായ്…പ്രയാണം(1975)

ഇന്നെനിക്ക് പൊട്ടുകുത്താൻ… ഗുരുവായൂർ കേശവൻ(1977)

നാഥാ നീവരും കാലൊച്ച കേട്ടു…ചാമരം(1980)

ഗോപികേ നിൻ വിരൽ… കാറ്റത്തെ കിളിക്കൂട്(1983)

ഓമന തിങ്കൾ കിടാവോ…ഇത്തിരപ്പൂവേ ചുവന്നപൂവേ 1984)

ദേവദൂതർ പാടി… കാതോട് കാതോരം (1985)

കാതോടു കാതോരം…കാതോട് കാതോരം (1985)

നീ എൻ സ്വർഗ്ഗ സൗന്ദര്യമേ…കാതോട് കാതോരം (1985)

താരും തളിരും… ചിലമ്പ്(1986)

ഇന്ദ്രനീലിമയോലും… വൈശാലി(1988)

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി… വൈശാലി(1988)

കണ്ണാത്താ ദൂരം മറുതീരം… താഴ് വാരം(1990)

അഴകേ നിൻ… അമരം(1991)

വികാര നൗകയുമായ്… അമരം(1991)

താരം വാൽക്കണ്ണാടി നോക്കി… കേളി(1991)

ചന്ദ്രകാന്തം കൊണ്ട്… പാഥേയം(1993)

രാജഹംസമേ… ചമയം(1993)

ശിശിരകാല… ദേവരാഗം (1996)

കടപ്പാട്: FEFKA